കെപിസിസി ഉപസമിതി ചെയർമാൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ, സമിതി അംഗങ്ങളായ സണ്ണി ജോസഫ്, ടി.എൻ. പ്രതാപൻ, കെ. ജയന്ത് എന്നിവർക്കെതിരെയാണ് സിപിഎമ്മിൻ്റെ പരാതി
വയനാട് ഡിസിസി ട്രഷറർ എൻ.എം. വിജയൻ്റെ മരണത്തിൽ കോൺഗ്രസ് നേതാക്കൾക്കെതിരെ പോര് കടുപ്പിച്ച് സിപിഎം. നേതാക്കൾ കുടുംബത്തെ സ്വാധീനിച്ച് അനുനയിപ്പിക്കാൻ ശ്രമിച്ചെന്നാരോപിച്ച് സിപിഎം പൊലീസിൽ പരാതി നൽകി. കേസന്വേഷിക്കുന്ന ബത്തേരി ഡിവൈഎസ്‌പിക്കാണ് പരാതി നൽകിയത്. അതേസമയം ഐ.സി. ബാലകൃഷ്ണൻ എംഎൽഎ രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ ബത്തേരിയിൽ റോഡ് ഉപരോധിക്കുകയാണ്.
കെപിസിസി ഉപസമിതി ചെയർമാൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ, സമിതി അംഗങ്ങളായ സണ്ണി ജോസഫ്, ടി.എൻ. പ്രതാപൻ, കെ. ജയന്ത് എന്നിവർക്കെതിരെയാണ് സിപിഎമ്മിൻ്റെ പരാതി. ഇവർ കഴിഞ്ഞ ദിവസം വയനാട്ടിലെത്തി വിജയൻ്റെ കുടുംബത്തെ കാണുകയും നീതി ഉറപ്പാക്കുമെന്ന് വാക്ക് നൽകുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വയനാട് സിപിഎം ജില്ലാ കമ്മിറ്റിയംഗം സുരേഷ് താളൂർ ബത്തേരി ഡിവൈഎസ്പിക്ക് പരാതി നൽകിയത്.
കഴിഞ്ഞ ബുധനാഴ്ചയാണ് കെപിസിസി അന്വേഷണ ഉപസമിതി വയനാട്ടിലെത്തി വിജയൻ്റെ കുടുംബത്തെ കണ്ടത്. വിജയൻ്റെ കുടുംബത്തിൻ്റെ സാമ്പത്തിക ബാധ്യതകൾ ഏറ്റെടുക്കുമെന്ന് കോൺഗ്രസ് അറിയിച്ചു. ഇതുസംബന്ധിച്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ കുടുംബത്തിന് ഉറപ്പ് നൽകി.
നേതാക്കളുടെ ആദ്യ പ്രതികരണം ആശയക്കുഴപ്പമുണ്ടാക്കിയെങ്കിലും, നേതാക്കളുടെ വാക്കുകൾ വിശ്വസിക്കുന്നുവെന്നും പാർട്ടിയോടൊപ്പം ഉറച്ചുനിൽക്കുമെന്നുമായിരുന്നു കുടുംബത്തിൻ്റെ പ്രസ്താവന. എല്ലാം നല്ല രീതിയിൽ ചെയ്യാമെന്ന് പാർട്ടി നേതാക്കൾ ഉറപ്പു നൽകിയതായി എൻ.എം. വിജയൻ്റെ മകൻ വിജേഷ് പറഞ്ഞു. നേതാക്കൾ വന്നതിൽ സംതൃപ്തിയുണ്ട്. എല്ലാ കാര്യങ്ങളും നേതാക്കൾ ഗൗരവത്തിൽ കേട്ടിട്ടുണ്ടെന്ന് മകൾ പത്മജയും വ്യക്തമാക്കി. ഇതിനുപിന്നാലെയാണ് സിപിഎം പരാതി നൽകിയിരിക്കുന്നത്.
അതേസമയം എൻ.എം. വിജയൻ്റെയും മകൻ്റെയും മരണത്തിൽ എംഎൽഎ ഐ.സി. ബാലകൃഷ്ണനെയും ഡിസിസി പ്രസിഡൻ്റ് എൻ.ഡി. അപ്പച്ചനെയും പ്രത്യേക അന്വേഷണസംഘം പ്രതിചേർത്തു. ഇരുവർക്കുമെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തിയാണ് കേസ്.
ALSO READ: എൻ.എം. വിജയൻ്റെയും മകൻ്റെയും മരണം: ഐ.സി. ബാലകൃഷ്ണനും എൻ.ഡി. അപ്പച്ചനും പ്രതികൾ
എൻ.എം. വിജയൻ എഴുതിയ കത്തുകളിലും ആത്മഹത്യാക്കുറിപ്പിലും ഇവരുടെ പേരുകൾ ഉണ്ടായിരുന്നു. വിജയൻറെ ഫോൺ രേഖകളും പ്രത്യേക അന്വേഷണസംഘം പരിശോധിച്ചതിനുശേഷമാണ് കേസെടുത്തത്.
എന്നാൽ കുറ്റം നിഷേധിച്ചുകൊണ്ട് എൻ.ഡി. അപ്പച്ചൻ രംഗത്തെത്തി. കുറ്റക്കാരാണെങ്കിൽ ശിക്ഷിച്ചോട്ടെയെന്നായിരുന്നു പ്രസിഡൻ്റിൻ്റെ ആദ്യ പ്രതികരണം. നീതിക്ക് മുന്നിൽ എന്നും ഉണ്ടാകുമെന്നും, ഏത് അന്വേഷണത്തോടും സഹരിക്കുമെന്നും എൻ.ഡി.അപ്പച്ചൻ പറഞ്ഞു. ആത്മഹത്യാ പ്രേരണാ കുറ്റം രാഷ്ട്രീയ പ്രേരിതമാണെന്നും എൻ.ഡി. അപ്പച്ചൻ ആരോപിച്ചു.
അന്വേഷണസമിതി എത്തി പ്രശ്നങ്ങൾക്ക് പരിഹാരം കാണാമെന്നു സംസാരിച്ച ശേഷമാണ് കേസെടുത്തതെന്ന് എൻ.ഡി. അപ്പച്ചൻ പറയുന്നു. പി.വി. അൻവറിനെ വേട്ടയാടുന്നതിന് സമാനമാണ് ഈ കേസും. എൻ.എം. വിജയന്റെ കുടുംബവുമായി നല്ല ബന്ധമാണ്. കത്തിൽ പേരുണ്ടെന്ന് കരുതി കേസെടുക്കാനാകുമോ എന്നും നിയമപരമായി നേരിടുമെന്നും എൻ.ഡി. അപ്പച്ചൻ അറിയിച്ചു.