കച്ചവടക്കാരനായ ബിജെപി നേതാവ് പറയുമ്പോള്‍ കാണിക്കേണ്ടതല്ല പാര്‍ട്ടി ജില്ലാ കമ്മിറ്റിയുടെ അക്കൗണ്ട്. പക്ഷെ കേന്ദ്ര ഏജന്‍സി എന്നല്ല, വേണമെങ്കില്‍ സിഐഎ തന്നെ വന്ന് അന്വേഷിക്കട്ടെ, ഒരു ഭയവുമില്ല
എലപ്പുള്ളിയിലെ മദ്യക്കമ്പനിയില്‍ നിന്ന് സിപിഎമ്മും കോണ്‍ഗ്രസും കോടികള്‍ വാങ്ങിയെന്ന ആരോപണം നിഷേധിച്ച് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എന്‍ സുരേഷ് ബാബു. ബിജെപിയുടെ ഇപ്പോഴത്തെ നിലവെച്ചാണ് സി കൃഷ്ണകുമാറിന്റെ ആരോപണം. സിപിഎം ജില്ലാ കമ്മിറ്റി അക്കൗണ്ട് ആര്‍ക്കും പരിശോധിക്കാമെന്നും ഇ എന്‍ സുരേഷ് ബാബു പറഞ്ഞു.
2 കോടി രൂപയല്ല 2000 രൂപയെങ്കിലും വഴി വിട്ട രീതിയില്‍ വാങ്ങിയിട്ടുണ്ടോ എന്ന് തെളിയിക്കാന്‍ ബിജെപിയെ താന്‍ വെല്ലുവിളിക്കുകയാണെന്നും ജില്ലാ സെക്രട്ടറി പറഞ്ഞു. പാര്‍ട്ടി ഘടകങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഭൂമിയും വാഹനവും വാങ്ങുമ്പോള്‍ പാര്‍ട്ടിയെ ബോധ്യപ്പെടുത്തണം. വഴിവിട്ട മാര്‍ഗത്തില്‍ സമ്മാനം സ്വീകരിച്ചാല്‍ പോലും പാര്‍ട്ടി പരിശോധിക്കാറുണ്ട്. ഏതെങ്കിലും കമ്പനിക്ക് സിപിഎമ്മിനെ സ്വാധീനിക്കാന്‍ കഴിയില്ല. ആ രീതി ബിജെപിക്കും കോണ്‍ഗ്രസിനുമാണ് എന്നും സുരേഷ് ബാബു പറഞ്ഞു.
കച്ചവടക്കാരനായ ബിജെപി നേതാവ് പറയുമ്പോള്‍ കാണിക്കേണ്ടതല്ല പാര്‍ട്ടി ജില്ലാ കമ്മിറ്റിയുടെ അക്കൗണ്ട്. പക്ഷെ ആര്‍ക്ക് വേണമെങ്കിലും ആവശ്യമെങ്കില്‍ പരിശോധിക്കാം. കേന്ദ്ര ഏജന്‍സി എന്നല്ല, വേണമെങ്കില്‍ സിഐഎ തന്നെ വന്ന് അന്വേഷിക്കട്ടെ, ഒരു ഭയവുമില്ലെന്നും സുരേഷ് ബാബു പറഞ്ഞു. സിപിഎമ്മിനെ വെല്ലുവിളിക്കുന്ന ബിജെപി നേതാവ് സ്വയം ആത്മപരിശോധന നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
ALSO READ: മദ്യക്കമ്പനിയിൽ നിന്ന് സിപിഎമ്മും കോൺഗ്രസും കോടികൾ വാങ്ങി; ആരോപണവുമായി ബിജെപി
മദ്യക്കമ്പനി സിപിഎമ്മിന് രണ്ട് കോടി രൂപ സംഭാവന നല്‍കിയെന്നും മദ്യക്കമ്പനി സിപിഎം മുന്‍ പുതുശ്ശേരി ഏരിയ സെക്രട്ടറിക്ക് ഇന്നോവ ക്രിസ്റ്റ സംഭാവനയുമായി നല്‍കിയെന്നുമായിരുന്നു കൃഷ്ണകുമാറിന്റെ ആരോപണം. കോണ്‍ഗ്രസിന് ഒരു കോടി രൂപയാണ് സംഭാവനയായി നല്‍കിയത്. ജില്ലയിലെ കോണ്‍ഗ്രസിന്റെ നേതാവിന് 25 ലക്ഷം രൂപ വ്യക്തിപരമായും കൈക്കൂലി നല്‍കിയിട്ടുണ്ടെന്നും കൃഷ്ണകുമാര്‍ ആരോപിച്ചു.
അക്കൗണ്ടില്‍ ഈ അടുത്ത ദിവസങ്ങളില്‍ വന്നിരിക്കുന്ന കോടികള്‍ സംഭാവന,കൈക്കൂലി പണം അല്ലെ? ആരില്‍ നിന്ന്, എന്തിനു സ്വീകരിച്ചു എന്നു വ്യക്തമാക്കണമെന്ന് പാര്‍ട്ടികള്‍ വ്യക്തമാക്കണമെന്നും കൃഷ്ണകുമാര്‍ പറഞ്ഞു. സിപിഎം-കോണ്‍ഗ്രസ് അവിശുദ്ധ കൂട്ടുകെട്ട് വിവാദ മദ്യക്കമ്പനിക്കു വേണ്ടി ഒന്നിച്ചാണ് നീങ്ങുന്നത് എന്നതിന് തെളിവാണ്. 'രാജ്യത്തു തന്നെ ഏറ്റവും വരള്‍ച്ചയുള്ള പ്രദേശത്ത് ജലചൂഷണം നടത്താനാണ് സംസ്ഥാനത്തെ ഭരണ-പ്രതിപക്ഷം മദ്യക്കമ്പനിയില്‍ നിന്ന് കൈക്കൂലി കൈപ്പറ്റിയിരിക്കുന്നത്. ഇരു പാര്‍ട്ടികളെയും ഞങ്ങള്‍ വെല്ലുവിളിക്കുന്നു. പാര്‍ട്ടിയുടെ അക്കൗണ്ട് വിവരങ്ങള്‍ പുറത്തു വിടണം', സി. കൃഷ്ണ കുമാര്‍ കൂട്ടിച്ചേര്‍ത്തു.