മുൻ കാലങ്ങളിൽ ഫാസിസ്റ്റ് നേതാക്കൾ ചെയ്തതിന് സമാനമാണ് ഇവരുടെ നീക്കമെന്നും വാസീദ് വിമർശിച്ചു
ബംഗ്ലാദേശിലെ പുതിയ നാഷണൽ സിറ്റിസൺ പാര്‍ട്ടിയ്‌ക്കെതിരെ വിമർശനവുമായി ഷെയ്ഖ് ഹസീനയുടെ മകൻ സജീബ് വാസിദ്. ജനാധിപത്യ വിരുദ്ധമായി അധികാരം പിടിക്കാൻ തീവ്രവാദികളായ വിദ്യാർഥികൾ രൂപം കൊടുത്ത പാർട്ടിയെന്നാണ് വിമർശനം. ഷെയ്ഖ് ഹസീനക്കെതിരെയുള്ള പ്രതിഷേധത്തിൽ വിദ്യാർഥി സംഘടനകളാണ് മുന്നിലുണ്ടായിരുന്നത്. മുൻ കാലങ്ങളിൽ ഫാസിസ്റ്റ് നേതാക്കൾ ചെയ്തതിന് സമാനമാണ് ഇവരുടെ നീക്കമെന്നും വാസീദ് വിമർശിച്ചു.
ALSO READ: നാൽപ്പത് വർഷം നീണ്ട സംഘർഷത്തിന് വിരാമം; തുർക്കിയുമായി വെടിനിർത്തൽ പ്രഖ്യാപിച്ച് പികെകെ
"മുൻകാലങ്ങളിൽ യഥാർഥ ഫാസിസ്റ്റ് സ്വേച്ഛാധിപതികൾ ചെയ്തതെല്ലാം അവർ ചെയ്യുന്നു. അക്രമത്തിലൂടെ അധികാരം പിടിച്ചെടുക്കുക, പ്രതിപക്ഷത്തെ കൊന്നൊടുക്കുക, എന്നിട്ട് ഒരു രാഷ്ട്രീയ പാർട്ടി രൂപീകരിക്കുക, അധികാരത്തിൽ തുടരാൻ തിരഞ്ഞെടുപ്പിൽ കൃത്രിമം കാണിക്കുക," സജീബ് വാസിദ് ആരോപിച്ചു. ഒരു ഏകാധിപതിയും സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് അനുവദിക്കുന്നില്ലെന്ന് അവകാശപ്പെടുന്ന ബംഗ്ലാദേശ് ഇപ്പോൾ തിരഞ്ഞെടുക്കപ്പെടാത്ത സർക്കാരിൻ്റെ കീഴിലാണെന്ന് വാസീദ് മുന്നറിയിപ്പ് നൽകി.
കഴിഞ്ഞ വർഷം ഷെയ്ഖ് ഹസീനയെ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് പുറത്താക്കിയ പ്രതിഷേധത്തിൻ്റെ മുൻനിരയിലുള്ള ബംഗ്ലാദേശി വിദ്യാർഥികൾ കഴിഞ്ഞ ദിവസം രാഷ്ട്രീയ പാർട്ടി രൂപീകരിച്ചിരുന്നു. ഈ വർഷാവസാനത്തോടെ നടക്കാൻ സാധ്യതയുള്ള തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് ഉന്നം വെച്ചുകൊണ്ടാണ് പുതിയ പാർട്ടി രൂപീകരണം. ഹസീന പുറത്തായതിന് ശേഷം ചുമതലയേറ്റ ഇടക്കാല സർക്കാരിൻ്റെ ഉപദേശകനായി മാറിയ വിദ്യാർഥി നേതാവ് നഹിദ് ഇസ്ലാം, കഴിഞ്ഞ ദിവസം സ്ഥാനം ഉപേക്ഷിച്ച്, പുതിയ നാഷണൽ സിറ്റിസൺ പാർട്ടിയുടെ കൺവീനറായി ചുമതലയേറ്റിരുന്നു.
ബംഗ്ലാദേശിലെ ആഭ്യന്തര കലാപം രൂക്ഷമായതോടെയാണ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജി വെയ്ക്കുന്നത്. തുടർന്ന് ബംഗ്ലാദേശ് ഭരണനിർവഹണത്തിനായി നൊബേല്‍ സമ്മാന ജേതാവായ മുഹമ്മദ് യൂനസിന്‍റെ നേതൃത്വത്തില്‍ ഒരു ഇടക്കാല സര്‍ക്കാരിനെ നിയമിക്കുകയായിരുന്നു.