ഇന്ന് ചെറിയ പരാജയം ഉണ്ടായാൽ പോലും നിയന്ത്രിക്കാൻ കഴിയാത്ത രീതിയിലേക്ക് കുട്ടികൾ മാറുന്നതായി മന്ത്രി പറഞ്ഞു
പി.എ. മുഹമ്മദ് റിയാസ്
കേരളത്തിൽ പൊതുയിടങ്ങൾ വർധിപ്പിച്ചാൽ ലഹരി കേന്ദ്രങ്ങൾ തടയാൻ കഴിയുമെന്ന് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ഒഴിഞ്ഞുകിടക്കുന്ന ഇടങ്ങളിലേക്ക് ആളുകളെ എത്തിക്കണമെന്നും പല സ്ഥലങ്ങളിലും ആ പ്രവർത്തനം വിജയിച്ചുവെന്നും മന്ത്രി അറിയിച്ചു. ഡിവൈഎഫ്ഐ യൂത്ത് സ്റ്റാർട്ടപ്പ് ഫെസ്റ്റിവലില്‍ സംസാരിക്കുകയായിരുന്നു മന്ത്രി മുഹമ്മദ് റിയാസ്.
കഴിഞ്ഞ കാലത്ത് കളിക്കാൻ ഗ്രൗണ്ടുകൾ ഉണ്ടായിരുന്നുവെന്ന് മന്ത്രി പറഞ്ഞു. കളിച്ച് ജയിക്കാൻ വേണ്ടിയല്ല, തോൽക്കാൻ പഠിക്കാൻ. തോൽവി നേരിടാൻ പഠിക്കും. ഇന്ന് ചെറിയ പരാജയം ഉണ്ടായാൽ പോലും നിയന്ത്രിക്കാൻ കഴിയാത്ത രീതിയിലേക്ക് കുട്ടികൾ മാറുന്നതായും മന്ത്രി പറഞ്ഞു. തോൽവി നേരിടാനുള്ള പഠനമാണ് കായിക പ്രവർത്തനങ്ങളെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സിനിമാ ടൂറിസം രണ്ടുതരത്തിലാണ് പ്രാവർത്തികമാക്കാൻ പോകുന്നതെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. ഒന്ന്, മറ്റ് ഭാഷ ചിത്രങ്ങൾ ഇവിടെ ഷൂട്ട് ചെയ്യാൻ കഴിയുന്ന ഡെസ്റ്റിനേഷൻ ഒരുക്കുക. അതിന് സാംസ്‌കാരിക വകുപ്പുമായി ചേർന്ന് പദ്ധതിയൊരുക്കും. രണ്ട്, ഹിറ്റായ സിനിമാ ഷൂട്ടിങ് ലോക്കേഷനുകൾ ടൂറിസം ഡെസ്റ്റിനേഷൻ ആക്കി മാറ്റുക. അത്തരം പദ്ധതികൾ നടന്നുവരുന്നതായും കിരീടം പാലം അതിന് ഉദാഹരണമാണെന്നും മന്ത്രി അറിയിച്ചു.
വെൽനസ് ടൂറിസത്തിന് സാധ്യതയുള്ള സംസ്ഥാനമാണ് കേരളമെന്നും മന്ത്രി പറഞ്ഞു. ആരോഗ്യ വകുപ്പ് മന്ത്രിയുമായി ചർച്ച നടത്തി. ചില ആയുർവേദ ആശുപത്രികൾ സ്ഥിതി ചെയ്യുന്നത് നല്ല സ്ഥലങ്ങളിലാണ്. അവിടെ ഒഴിഞ്ഞു കിടക്കുന്ന സ്ഥലങ്ങളിൽ ടൂറിസത്തിനുള്ള സാധ്യത പരിശോധിക്കുന്നു. വെൽനസ് ടൂറിസത്തെ കേരളത്തിന്റെ കുതിപ്പിന്റെ ഭാഗമാക്കും. ബീച്ച് ടൂറിസ ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും കേരളത്തിലെ ബീച്ചുകളിൽ വാട്ടർ സ്പോർട്സ് ഇല്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി. അത് കൊണ്ടുവരേണ്ടതുണ്ട്. വിവാദം ആരുണ്ടാക്കിയാലും സർക്കാർ മുന്നോട്ട് പോകും. കേരളത്തിലെ ബീച്ചുകളുടെ അനന്തസാധ്യതകൾ പ്രയോജനപ്പെടുത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Also Read: ഒറ്റപ്പാലത്ത് വിദ്യാർഥിയുടെ മൂക്കിൻ്റെ പാലം തകർത്ത് സഹപാഠി
ടൂറിസം കേന്ദ്രമല്ലാത്ത ചെറിയ പ്രദേശം പോലും കേരളത്തിലില്ലെന്നും പക്ഷെ ഇത് ഫലപ്രദമായി ഉപയോഗിക്കാൻ കഴിഞ്ഞോയെന്ന് പരിശോധിക്കേണ്ടതുണ്ടെന്നും മുഹമ്മദ് റിയാസ് അഭിപ്രായപ്പെട്ടു. യുവാക്കളാണ് ടൂറിസം വളർത്തുന്നതിൽ പ്രധാനപ്പെട്ടവർ. ആകാശത്തെ നക്ഷത്രം കണ്ട് കിടക്കുകയാണ് പുതിയ ട്രെൻഡ്. സ്ലീപ് ടൂറിസം ആരംഭിക്കാനുള്ള നടപടി സ്വീകരിച്ചുവരുന്നുവെന്നും മന്ത്രി പറഞ്ഞു. കേരളത്തിലെ ഓണാഘോഷം വലിയൊരു വൈബ് നൽകുന്നതാണ്. 2023ലെ സർക്കാർ ഓണാഘോഷം തകർപ്പൻ ആയിരുന്നു. 2024 ൽ ചൂരൽമല ദുരന്തം കാരണം മാറ്റിവച്ചു. 2025ലെ ഓണാഘോഷവും തകർപ്പനായി നടത്തുമെന്നും മന്ത്രി അറിയിച്ചു.