നേരത്തെ കൊക്കക്കോള അടക്കമുള്ള സ്ഥാപനങ്ങളുടെ ജല ചൂഷണത്തിനെതിരെ സിപിഎം നിലപാടെടുത്താണെന്നും ജയരാജൻ വ്യക്തമാക്കി
കഞ്ചിക്കോട് മദ്യക്കമ്പനി വിവാദത്തിൽ പ്രതികരണവുമായി സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ. ജല ചൂഷണം അനുവദിക്കില്ല എന്ന ഉറപ്പിന്മേലാണ് പദ്ധതിക്ക് അനുമതി നൽകിയതെന്ന് എം.വി. ജയരാജൻ പറഞ്ഞു. നേരത്തെ കൊക്കക്കോള അടക്കമുള്ള സ്ഥാപനങ്ങളുടെ ജല ചൂഷണത്തിനെതിരെ സിപിഎം നിലപാടെടുത്താണെന്നും ജയരാജൻ വ്യക്തമാക്കി.
മദ്യക്കമ്പനി വിവാദത്തിൽ മുതിർന്ന സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രനും രംഗത്തെത്തിയിരുന്നു. സുതാര്യമല്ലാത്തതൊന്നും എൽഡിഎഫ് നടപ്പാക്കില്ലെന്നായിരുന്നു പന്ന്യൻ രവീന്ദ്രൻ്റെ പ്രതികരണം. പ്ലാച്ചിമട സമരം മുൻപിലുണ്ടല്ലോ എന്നും പന്ന്യൻ റവിന്ദ്രൻ കൂട്ടിച്ചേർത്തു. എൽഡിഎഫിലെ രണ്ടാമത്തെ കക്ഷി ആർജെഡിയാണെന്ന കെ.പി. മോഹനൻ്റെ പ്രതികരണത്തിൽ, "കുളത്തിൽ വീണാൽ കടൽ ആണെന്ന് വിചാരിക്കുന്നവരുണ്ട്, അവരെക്കുറിച്ച് എന്തു പറയാൻ"എന്നായിരുന്നു പന്ന്യൻ രവീന്ദ്രൻ്റെ പരിഹാസം.
എലപ്പുളളിയിലെ നിർദിഷ്ട മദ്യ നിർമാണശാലയുമായി ബന്ധപ്പെട്ട ആരോപണങ്ങൾക്ക് പിന്നിൽ സ്പിരിറ്റ് ലോബിയെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ്റെ പ്രതികരണം. എലപ്പുള്ളിയിൽ ജലചൂഷണം ഉണ്ടാകില്ലെന്നും അഞ്ചേക്കറിൽ മഴവെള്ള സംഭരണി നിർമിക്കുമെന്നും എം.വി. ഗോവിന്ദൻ അറിയിച്ചു.
ബ്രൂവറി തുടങ്ങാൻ സ്വകാര്യ കമ്പനിക്ക് അനുമതി നൽകിയതിൽ അഴിമതിയുണ്ടെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രംഗത്തെത്തിയിരുന്നു. മദ്യനിർമാണശാല തുടങ്ങാൻ അനുമതി നൽകിയതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് നിയമസഭയിലേക്ക് നടത്തിയ മാർച്ച് വലിയ സംഘർഷത്തിലേക്കാണ് എത്തിയത്. മാർച്ച് പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞതോടെയാണ് സംഘർഷം ഉണ്ടായത്. തുടർന്ന് പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
ഒയാസിസ് കമ്പനിയുടെ നീക്കത്തെ ശക്തമായി എതിർക്കുമെന്ന് മാർച്ച് ഉദ്ഘാടനം ചെയ്ത രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പറഞ്ഞു. കേരളത്തിലെ ഏറ്റവും വലിയ മദ്യ കുംഭകോണത്തിൽ പ്രതിഷേധിച്ച് ആണ് ഈ മാർച്ച്. പണം കൊടുത്തു കുടിവെള്ളം വാങ്ങുന്ന നാട്ടിൽ കോടാനുകോടി ലിറ്റർ ജലം എടുത്ത് മദ്യമാക്കി മാറ്റാൻ അനുമതി നൽകി. 24 മണിക്കൂർ പോലും എടുക്കാതെ മന്ത്രിസഭാ തീരുമാനം ഉത്തരവായി മാറിയെന്നും രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പറഞ്ഞു. കേരളത്തിൽ ഏറ്റവും വലിയ ചർച്ച വിഷയമായിക്കൊണ്ടിരിക്കുന്ന ഒന്നാണ് കഞ്ചിക്കോട് മദ്യക്കമ്പനി വിവാദം. പദ്ധതിയെ എതിർത്തു കൊണ്ട് ജനകീയ പ്രതിഷേധമാണ് പ്രദേശത്ത് നടക്കുന്നത്. കോൺഗ്രസും ബിജെപിയും പദ്ധതിയെ തീർത്തും എതിർക്കുന്ന നിലപാടാണ് സ്വീകരിച്ചത്.