മത്സരം നടക്കുന്നതിനിടെ ഗാലറിയുടെ ഒരു ഭാഗം തകർന്നുവീഴുകയായിരുന്നു
പാലക്കാട് വല്ലപ്പുഴയിൽ അഖിലേന്ത്യ സെവൻസ് ഫുട്ബോൾ ടൂർണമെൻ്റിനിടെ ഗാലറി തകർന്നു വീണു. മത്സരം നടക്കുന്നതിനിടെ ഗാലറിയുടെ ഒരു ഭാഗം തകർന്നുവീഴുകയായിരുന്നു. അപകടത്തിൽ എഴുപതോളം പേർക്ക് പരിക്കേറ്റു. രണ്ട് പേരുടെ നില ഗുരുതരമാണ്.
പരിക്കേറ്റവരെ പട്ടാമ്പിയിലെ സേവന ആശുപത്രിയിലും, ചെറുപ്ലശേരി കോ-ഓപ്പറേറ്റീവ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഒരു മാസമായി ഇവിടെ മത്സരം നടക്കുന്നുണ്ട്. ഫൈനൽ മത്സരമായതിനാൽ പതിവിലും കൂടുതൽ ആളുകൾ പരിപാടി കാണാൻ എത്തിയിരുന്നു. ഗാലറിയിൽ ഉൾക്കൊള്ളാവുന്നതിനെക്കാൾ കൂടുതൽ ആളുകൾ എത്തിയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
അപകടത്തിൽ സംഘാടകർക്കെതിരെ പൊലീസ് കേസെടുത്തു.