പീഡനം തടയാനുള്ള ശ്രമത്തിനിടെ ഗുരുതരമായി പരിക്കേറ്റ യുവതി ചികിത്സയിൽ തുടരുകയാണ്
കോഴിക്കോട് മുക്കം മാമ്പറ്റയിൽ ഹോട്ടൽ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഒന്നാം പ്രതി ദേവദാസിനെ പൊലീസ് അറസ്റ്റ് ചെയ്തു.
കുന്ദംകുളത്തു വെച്ചാണ് ഇയാളെ പിടികൂടിയത്. ഇന്ന് പുലർച്ചെ നാലുമണിയോടെ പ്രതിയെ മുക്കം സ്റ്റേഷനിൽ എത്തിച്ചു. കൂട്ടുപ്രതികളും ഉടൻ പിടിയിലാകുമെന്നാണ് സൂചന. അതിക്രമിച്ചു കടക്കൽ, മാനഹാനിയുണ്ടാക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് മുക്കം പൊലീസ് കേസെടുത്തിരിക്കുന്നത്. പീഡനം തടയാനുള്ള ശ്രമത്തിനിടെ ഗുരുതരമായി പരിക്കേറ്റ യുവതി ചികിത്സയിൽ തുടരുകയാണ്.
ഈ മാസം ഒന്നിനാണ് മുക്കത്തെ സ്വകാര്യ ഹോട്ടലിൽ വച്ച് പീഡനശ്രമം ചെറുക്കുന്നതിനിടെ കെട്ടിടത്തിൽ നിന്ന് ചാടി യുവതിക്ക് പരിക്കേറ്റത്. ഹോട്ടലിലെ ജീവനക്കാരിയായ യുവതിയെ ഹോട്ടലുടമ ദേവദാസും റിയാസ് , സുരേഷ് എന്നീ ജീവനക്കാരും ചേർന്നാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്. യുവതി വീഡിയോ ഗെയിം കളിച്ചുകൊണ്ടിരുന്ന സമയത്താണ് ഹോട്ടൽ ഉടമ അതിക്രമത്തിന് മുതിർന്നത്. ഈ സമയം ആക്രമണത്തിൻ്റെ ദൃശ്യം ഫോണിൽ പതിഞ്ഞിരുന്നു. ഇത് കേസിൽ നിർണായക തെളിവാകും.
പീഡനശ്രമം ചെറുക്കുന്നതിനിടെ കെട്ടിടത്തിന്റെ ഒന്നാം നിലയിൽ നിന്ന് താഴേക്കു ചാടിയ യുവതിയുടെ നട്ടെല്ലിനും കൈമുട്ടിനും സാരമായി പരിക്കേറ്റു. കെട്ടിടത്തിൽ നിന്നും താഴെ വീണ അതിജീവിതയെ മുക്കത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പ്രതികൾ കടന്നു കളയുകയായിരുന്നു. പിന്നീട് ബന്ധുക്കൾ എത്തിയാണ് യുവതിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. അതിനിടയിൽ അതിജീവിതയുടെ അമ്മയെ സ്വാധീനിക്കാനും, കേസ് ഒത്തുതീർപ്പാക്കാനും പ്രതികളുടെ ബന്ധുക്കളുടെ ഭാഗത്ത് നിന്ന് ശ്രമമുണ്ടായി. മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തിൽ രഹസ്യ മൊഴി എടുക്കാനിരിക്കെയാണ് ബന്ധുക്കൾ പെൺകുട്ടിയുടെ ഫോൺ ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ പുറത്തുവിട്ടത്. ഹോട്ടൽ ഉടമയുമായി നടത്തിയ സ്വകാര്യ സംഭാഷണത്തിന്റെ സ്ക്രീൻഷോട്ടുകൾ ഉൾപ്പെടെ ഡിജിറ്റൽ തെളിവുകളും കയ്യിലുണ്ടെന്നും ബന്ധുക്കൾ പറഞ്ഞു. പൊലീസ് അന്വേഷണത്തിൽ വീഴ്ച ഉണ്ടായാൽ നീതിക്കായി സമരം ചെയ്യാനുൾപ്പെടെ തയ്യാറാണെന്നും കുടുംബം അറിയിച്ചു. സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷനും കേസെടുത്തിട്ടുണ്ട്. അടിയന്തര അന്വേഷണം നടത്താനാണ് കമ്മീഷന്‍റെ ഉത്തരവ്.