ഗോള്‍വാള്‍ക്കറുടെ പടം വെച്ച് പൂജിക്കുന്നവരാണ് ഇപ്പോള്‍ വലിയ വായില്‍ വര്‍ത്താനം പറയുന്നതെന്ന് എം.ബി രാജേഷ്
ആര്‍എസ്എസ് ദേശീയ നേതാവും എഡിജിപി എം.ആര്‍ അജിത് കുമാറും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ സിപിഎമ്മിന് ഉത്തരവാദിത്തമില്ലെന്ന് ആവര്‍ത്തിച്ച് നേതാക്കള്‍. ആര്‍എസ്എസ്സിന്റേയും സിപിഎമ്മിന്റേയും ചരിത്രം ഓര്‍മിപ്പിച്ചു കൊണ്ട് നേതാക്കള്‍ രംഗത്തെത്തി. എഡിജിപി സിപിഎം നേതാവല്ലെന്നാണ് മന്ത്രി എം.ബി രാജേഷ് പ്രതികരിച്ചത്. എത്രയോ ഉദ്യോഗസ്ഥർ ഒറ്റയ്ക്ക് ആരെയൊക്കെ കാണാന്‍ പോകുന്നുവെന്നും രാജേഷ് ചോദിച്ചു.
ആര്‍എസ്എസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രത്യയശാസ്ത്ര ശത്രുവാണ്. ഞങ്ങളുടെ ഒരു നേതാവും ഗോള്‍വാള്‍ക്കറുടെ പടം വെച്ച് പുജിക്കാറില്ല. ഗോള്‍വാള്‍ക്കറുടെ പടം പൂജിക്കുന്നവരാണ് ഇപ്പോള്‍ വലിയ വായില്‍ വര്‍ത്താനം പറയുന്നത്. മുഖ്യമന്ത്രിയുടെ തലയ്ക്ക് രണ്ട് കോടി വിലയിട്ടവരാണ് ആര്‍എസ്എസ്.
Also Read: യുഡിഎഫിന്‍റേത് കലാപ ശ്രമം; ആരോപണങ്ങളില്‍ അന്വേഷണം നടക്കുന്നുണ്ട്: വി. ശിവന്‍കുട്ടി
ആര്‍എസ്എസ് നേതാവുമായി എഡിജിപി കൂടിക്കാഴ്ച നടത്തിയോയെന്ന് തനിക്ക് അറിയില്ല. അത് അന്വേഷണത്തില്‍ വ്യക്തമാകും. വലിയ ഗൂഢാലോചനയില്‍ നിന്നുള്ള പ്രചരണമാണ് ഇപ്പോള്‍ നടക്കുന്നതെന്നും എം.ബി രാജേഷ് പറഞ്ഞു.
എഡിജിപി ആര്‍എസ്എസ് മേധാവി കൂടിക്കാഴ്ച്ചയില്‍ എം.വി ഗോവിന്ദന്‍ പറഞ്ഞ മറുപടി തന്നെയാണ് തങ്ങള്‍ക്കുമുള്ളതെന്ന് പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബിയും പ്രതികരിച്ചു. പൂരവുമായി ബന്ധപ്പെട്ടുണ്ടായ അനിഷ്ട സംഭവങ്ങള്‍ അന്വേഷിക്കാന്‍ ആളുകളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഒരാള്‍ക്കും അനുകൂലിക്കാന്‍ പറ്റാത്തതാണ് പൂരത്തിന് സംഭവിച്ചത്. അതുമായി സംബന്ധിച്ച ഗൂഢാലോചനകളെ കുറിച്ച് റിപ്പോര്‍ട്ടുകള്‍ പുറത്തുവരട്ടെ. സംസ്ഥാന നേതൃത്വം കാര്യങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യുമെന്ന് നോക്കട്ടെയെന്നും എം.എ ബേബി പറഞ്ഞു.
സിപിഎമ്മിന് ആര്‍എസ്എസ്സുമായി ഒരു തരത്തിലുള്ള ഒത്തുതീര്‍പ്പുമില്ല. ആര്‍എസ്എസ്സിന്റെ വോട്ട് ഇടതുപക്ഷത്തിന് ആവശ്യമില്ലെന്ന് പണ്ട് തലശ്ശേരി തെരഞ്ഞെടുപ്പ് കാലത്ത് ഇഎംഎസ് പറഞ്ഞതാണ്. തൃശൂരില്‍ ഡീല്‍ ഉണ്ടെന്ന മട്ടില്‍ സംസാരിച്ചത് വി.ഡി സതീശനാണ്. തൃശൂരില്‍ ഇടതുപക്ഷത്തിന് പതിനാറായിരത്തോളം വോട്ട് വര്‍ദ്ധിക്കുകയാണ് ചെയ്തത്. വോട്ട് കുറഞ്ഞത് യുഡിഎഫിനാണ്. വലിയ ഗണിത ശാസ്ത്രം അറിയാതെ തന്നെ ഇത് കണ്ടുപിടിക്കാം. സതീശന്‍ തന്റെ സുഹൃത്താണ്, അതുകൊണ്ട് കൂടുതല്‍ ഒന്നും പറയുന്നില്ലെന്നും എം.എ ബേബി പറഞ്ഞു.
എഡിജിപി ആര്‍എസ്എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയതില്‍ ഇപ്പോള്‍ എന്താണ്? എഡിജിപി എവിടെയെങ്കിലും പോയാല്‍ നമുക്ക് എന്ത് ഉത്തരവാദിത്തമാണ് എന്നായിരുന്നു എം.വി ഗോവിന്ദന്റെ പ്രതികരണം.