കേസ് അന്വേഷിച്ച തെലങ്കാന പൊലീസ് ജിതിനെ കസ്റ്റഡിയിലെടുത്ത് ജയിലിലടച്ചത് കൃത്യമായ അന്വേഷണം നടത്താതെയാണെന്നാണ് ആരോപണം
സൈബർ തട്ടിപ്പുകൾ ദിനംപ്രതി വർധിക്കുന്ന ഈ കാലത്ത് കൊല്ലം സ്വദേശി ജിതിൻ നേരിട്ടത് അസാധാരണമായ ദുരിതങ്ങളാണ്. ജയിൽ വാസവും കേസുകളും ജിതിനെ വേട്ടയാടി. വർഷങ്ങൾക്ക് മുൻപ് ഉപേക്ഷിച്ച മൊബൈൽ സിം ഉപയോഗിച്ച് സൈബർ സംഘം നടത്തിയ തട്ടിപ്പിൽ തെലങ്കാന സ്വദേശിക്ക് 24 ലക്ഷത്തിലധികം രൂപ നഷ്ടമായതായിരുന്നു ഈ കേസുകൾക്ക് ആധാരം. കേസ് അന്വേഷിച്ച തെലങ്കാന പൊലീസ് ജിതിനെ കസ്റ്റഡിയിലെടുത്ത് ജയിലിലടച്ചത് കൃത്യമായ അന്വേഷണം നടത്താതെയാണെന്നാണ് ആരോപണം.
റിസൾദാർ അബ്‌ദുൽ റസാഖ്, നീതു എന്നിവരാണ് തെലങ്കാന കേസിലെ ആദ്യ രണ്ട് പ്രതികൾ. മൂന്നാം പ്രതി ജിതിനും നാലാം പ്രതി ജിതിന്റെ ഭാര്യ സ്വാതിയും. ഈ കേസുകൾ കൂടാതെ ജിതിൻ്റെ പേരിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 35 കേസുകൾ കൂടിയുണ്ട്. ഈ കേസുകളിൽ കൂടി പൊലീസ് നടപടി തുടങ്ങിയാൽ കോടികളുടെ തട്ടിപ്പ് പുറത്തുവരും.
Also Read: എഫ്‌ബി പോസ്റ്റിന് താഴെ അധിക്ഷേപ കമന്റ്: പരാതി നൽകി ഹണി റോസ്
8129869077 എന്ന മൊബൈൽ ഫോൺ നമ്പർ ആണ് കൊല്ലം രാമൻകുളങ്ങര സ്വദേശി ജിതിന്റെ ജീവിതം മാറ്റി മറിച്ചത്. 2015ൽ സിം എടുത്ത ശേഷം 2019ൽ ജിതിൻ ഉപേക്ഷിച്ച നമ്പർ ആണിത്. 2024 ജൂലായ് 17ന് മൊബൈൽ സർവീസ് പ്രൊവൈഡർ ഈ നമ്പർ മറ്റൊരാൾക്ക് നൽകുകയും ചെയ്തു. തൃശൂർ ലാറ്റി ലൈഫ് കോഫി എസ്റ്റേറ്റിൻ്റെ പേരിലാണ് നമ്പർ നൽകിയത്.
അവിടെ നിന്നാണ് തട്ടിപ്പിന്റെ തുടക്കം. ഉത്തരേന്ത്യ കേന്ദ്രീകരിച്ചായിരുന്നു തട്ടിപ്പ്. ഹൈദരാബാദ് സ്വദേശി തൊഗാടി സുമന്റെ പരാതിയിലാണ് തെലങ്കാന പൊലീസ് ജിതിനെ അറസ്റ്റ് ചെയ്തത്. സുമന് BRMCN എന്ന ഓൺലൈൻ ട്രേഡിങ്ങ് പ്ലാറ്റ്ഫോമിൽ 24 ലക്ഷത്തിലധികം രൂപ നഷ്ടമായി. സുമൻ നൽകിയ പരാതിയിൽ അന്വേഷണം നടത്തിയ തെലങ്കാന പൊലീസ് കണ്ടെത്തിയത് സുമൻ നിക്ഷേപിച്ച 24,10,000 രൂപ മാറ്റിയത് ഇരിങ്ങാലക്കുട ബ്രാഞ്ചിലെ 60497672468 അക്കൗണ്ടിലേക്കാണ്. തൃശൂർ മുകുന്ദപുരത്തുള്ള ലാറ്റി ലൈഫ് കോഫി എസ്റ്റേറ്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലെ ഉടമകളായ റിസൾദാർ അബ്‌ദുൽ റസാഖ്, നീതു എന്നിവരുടെ പേരിലുള്ളതാണ് ഈ അക്കൗണ്ട്. അക്കൗണ്ടിനൊപ്പം ബാങ്കിൽ നൽകിയ മെയിൽ ഐഡിയിലും ജിതിൻ്റെ പഴയ നമ്പർ ആയ 8129869077 ആണുണ്ടായിരുന്നത്. ഇതാണ് ജിതിനെ കേസുമായി ബന്ധിപ്പിച്ചിരിക്കുന്നത്. ഇപ്പോൾ ഈ നമ്പർ മറ്റൊരാളുടെ പേരിലുമാണ്.
Also Read: രാജ്യം കാക്കേണ്ട സൈനികര്‍ നടത്തിയ അരുംകൊല; വേദനയായി രഞ്ജിനിയും ഇരട്ടക്കുഞ്ഞുങ്ങളും
കൊല്ലത്ത് നിന്ന് കസ്റ്റഡിയിലെടുത്ത ജിതിനെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കാതെ തെലങ്കാനയിൽ എത്തിച്ച് റിമാൻഡ് ചെയ്യുകയായിരുന്നു.. കേരളത്തിൽ നിന്ന് അഭിഭാഷകൻ എത്തിയാണ് ഏഴ് ദിവസത്തിന് ശേഷം ജാമ്യത്തിലിറക്കിയത്. റിമാൻഡ് റിപ്പോർട്ടിൽ ജിതിൻ കുറ്റം സമ്മതിച്ചതായിട്ടാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ബാങ്ക് അക്കൗണ്ട് വിവരങ്ങളോ സിമ്മിൻ്റെ രണ്ടാമത്തെ ഉടമസ്ഥനെ കുറിച്ചോ അന്വേഷണം നടത്താതെയാണ് തെലങ്കാന പൊലീസ് കസ്റ്റഡിയിലെടുത്തതെന്നാണ് ജിതിൻ പറയുന്നത്. കേസിൽ ഇനി തെലങ്കാന പൊലീസിന് എതിരായ നിയമവഴി മാത്രമാണുള്ളതെന്നും ജിതിൻ വ്യക്തമാക്കി.