കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന രതീഷ്(32) ആണ് മരിച്ചത്
നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ പൊള്ളലേറ്റ ഒരാൾ കൂടി മരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന രതീഷ്(32) ആണ് മരിച്ചത്. ഇതോടെ വെടിക്കെട്ട് അപകടത്തിൽ മരണം രണ്ടായി. അപകടത്തിൽ പരുക്കേറ്റ് കണ്ണൂർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന സന്ദീപ് ഇന്നലെ വൈകിട്ട് മരിച്ചു. സാരമായി പൊള്ളലേറ്റ് വെൻ്റിലേറ്ററിൽ തുടരുന്നതിനിടെയായിരുന്നു അന്ത്യം.
അതേസമയം പൊലീസ് കസ്റ്റഡിയിലെടുത്ത മൂന്ന് ക്ഷേത്ര കമ്മിറ്റി ഭാരവാഹികളുടെ ജാമ്യം കാസർകോട് ജില്ലാ സെക്ഷൻ കോടതി റദ്ദാക്കി. ക്ഷേത്രകമ്മിറ്റി പ്രസിഡൻ്റ് ചന്ദ്രശേഖരൻ, സെക്രട്ടറി ഭരതൻ, പടക്കം പൊട്ടിച്ച രാജേഷ് എന്നിവരുടെ ജാമ്യമാണ് റദ്ദാക്കിയത്. സംഭവത്തില്‍ ക്ഷേത്ര കമ്മിറ്റി അംഗങ്ങളായ എട്ട് പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തിരുന്നു.
ALSO READ: നീലേശ്വരം വെടിക്കെട്ട് അപകടം: ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു
ഉത്തര മലബാറില്‍ കളിയാട്ടങ്ങള്‍ക്ക് തുടക്കം കുറിക്കുന്ന കാവുകളിലൊന്നായ അഞ്ഞൂറ്റമ്പലം വീരര്‍ക്കാവിലാലയിരുന്നു അപകടം നടന്നത്. മൂവാളംകുഴി ചാമുണ്ഡി തെയ്യത്തിന്‍റെ കുളിച്ചുതോറ്റം ചടങ്ങിനിടെ പടക്കങ്ങൾ സൂക്ഷിച്ച കെട്ടിടത്തിന് തീപിടിക്കുകയായിരുന്നു. സംഭവത്തിൽ 154 ഓളം പേർക്ക് പരുക്കേറ്റിരുന്നു. പടക്കം സൂക്ഷിച്ച കെട്ടിടത്തിലേക്ക് തീപ്പൊരി വീണതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
വെടിക്കെട്ടപകടത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തിരുന്നു. കാസർഗോഡ് ജില്ലാ കളക്ടർക്കും ജില്ലാ പൊലീസ് മേധാവിക്കുമാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് അന്വേഷണത്തിന് നിർദേശം നൽകിയത്. 15 ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നും അറിയിച്ചു. കാസർഗോഡ് ഗവ. ഗസ്റ്റ് ഹൗസിൽ അടുത്ത് നടക്കുന്ന സിറ്റിങ്ങിൽ കേസ് പരിഗണിക്കും. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
ALSO READ: 1952 ശബരിമല മുതൽ 2024 നീലേശ്വരം വരെ; കേരള ചരിത്രത്തോളം പഴക്കമുള്ള വെടിക്കെട്ടപകടങ്ങൾ
കൂടാതെ വെടിക്കെട്ടപകടത്തിൽ പരുക്കേറ്റവരുടെ ചികിത്സാ ചെലവ് ഏറ്റെടുക്കുമെന്ന് സർക്കാർ അറിയിച്ചിരുന്നു. വെടിക്കെട്ടപകടത്തിൽ അന്വേഷണത്തിന് കഴിഞ്ഞ ദിവസം പ്രത്യേക അന്വേഷണ സംഘത്തെ വിന്യസിച്ചിരുന്നു. കാഞ്ഞങ്ങാട് ഡിവൈഎസ്‌പിക്കാണ് മേല്‍നോട്ട ചുമതല. വെടിക്കെട്ട് നടത്തിയത് സുരക്ഷാ മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിയെന്നതിന് ഉത്തമ ഉദാഹരണമാണ്. സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതില്‍ ക്ഷേത്ര ഭാരവാഹികളുടെ ഭാഗത്തുനിന്നും ഗുരുതര വീഴ്ചയുണ്ടായെന്ന് സംഭവസ്ഥലം സന്ദര്‍ശിച്ച ശേഷം ജില്ലാ പൊലീസ് മേധാവി ഡി. ശിൽപ്പ പ്രതികരിച്ചു.