ബ്ലൗസ് കീറിയ നിലയിലും ഉടുത്തിരുന്ന ലുങ്കികൊണ്ട് മൂടിയ നിലയിലും ആയിരുന്നു മൃതദേഹം
തിരുവനന്തപുരം മംഗലപുരത്ത് ഭിന്നശേഷിക്കാരിയെ വീടിന് സമീപം മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. കൊയ്ത്തൂർക്കോണം സ്വദേശി തങ്കമണിയെയാണ് കൊലപ്പെടുത്തിയത്. ശരീരത്തിൽ മുറിവേറ്റ പാടുകളോടെയാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ സിസിടിവി ദൃശ്യങ്ങളില്‍ കണ്ട പോത്തൻകോട് സ്വദേശി തൗഫീഖ് കസ്റ്റഡിയിൽ. ഇന്ന് രാവിലെ സഹോദരിയാണ് തങ്കമണിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മുഖത്ത് മുറിവേറ്റതിൻ്റെ പാടുകൾ ഉണ്ടായിരുന്നു. ബ്ലൗസ് കീറിയ നിലയിലും ഉടുത്തിരുന്ന ലുങ്കികൊണ്ട് മൂടിയ നിലയിലും ആയിരുന്നു മൃതദേഹം.
തുടർന്ന് വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. മൃതദേഹത്തിന് സമീപത്തായി ചെരുപ്പുകളും ചെമ്പരത്തി പൂക്കളും കിടക്കുന്നുണ്ടായിരുന്നു. തങ്കമണിയുടെ കാതിലുണ്ടായിരുന്ന കമ്മൽ നഷ്‌ടപ്പെട്ടിട്ടുണ്ട്. ഇതെല്ലാം കൊലപാതകമെന്ന സംശയം ബലപ്പെടുത്തി. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. പിന്നാലെയാണ് സംശയകരമായ ചില സിസിടിവി ദൃശ്യങ്ങൾ ലഭിക്കുന്നത്.
മണിക്കൂറുകൾക്കുള്ളിൽ പോത്തൻകോട് സ്വദേശി തൗഫീഖിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിയിൽ നിന്നു അപഹരിച്ച കമ്മലുകളും കണ്ടെത്തി. മോഷ്ടിച്ച കമ്മൽ ചാലയിലെ ജ്വല്ലറിയിൽ 5000 രൂപയ്ക്ക് കൊടുത്തതായി പ്രതി സമ്മതിക്കുകയും ചെയ്തു. മോഷണത്തിനായി നടത്തിയ കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം. കസ്റ്റഡിയിലുള്ള തൗഫീഖിനെ മംഗലപുരം പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്.