ഇടുക്കി കമ്പംമേട്ടിനു സമീപം കുഴിത്തൊളു സ്വദേശികളായ വിഷ്ണു -അതുല്യ ദമ്പതികളുടെ മകൾ ആധികയാണ് കഴിഞ്ഞ ദിവസം മരിച്ചത്
ഇടുക്കി കുഴിത്തൊളുവിലെ നാലുവയസുകാരിയുടെ മരണം ചികിത്സാ പിഴവ് മൂലമെന്ന പരാതിയുമായി കുടുംബം. ഇടുക്കി കമ്പംമേട്ടിനു സമീപം കുഴിത്തൊളു സ്വദേശികളായ വിഷ്ണു -അതുല്യ ദമ്പതികളുടെ മകൾ ആധികയാണ് കഴിഞ്ഞ ദിവസം മരിച്ചത്. ചേറ്റുകുഴി, കട്ടപ്പന സഹകരണ ആശുപത്രികൾക്കെതിരെയാണ് കുടുംബം ആരോപണമുന്നയിച്ചിരിക്കുന്നത്. പനി ബാധിച്ചെത്തിയ കുട്ടിക്ക് അമിത ഡോസ് മരുന്ന് നൽകിയെന്നും അതാണ് മരണത്തിലേക്ക് നയിച്ചതെന്നുമാണ് കുടുംബത്തിൻ്റെ ആരോപണം. സംഭവത്തെ തുടർന്ന് ജില്ലാ പൊലീസ് മേധാവിക്കും ജില്ലാ കളക്ടർക്കും കുടുംബം പരാതി നൽകി.
14-ാം തീയതിയായിരുന്നു ആധികയുടെ മരണപ്പെട്ടത്. 12 നു പനി ബാധിച്ച കുട്ടിയെ ചേറ്റുകുഴിയിലെ സഹകരണ ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു. ചേറ്റുകുഴിയിൽ ചികിത്സ നൽകിയ കുട്ടിക്ക് പിന്നീട് അസ്വസ്ഥതയും ദേഹാസ്വാസ്ഥ്യവും ഉണ്ടായതോടെ കട്ടപ്പനയിലെ സഹകരണ ആശുപത്രിയിൽ എത്തിച്ചു. ശിശുരോഗ വിദഗ്ധൻ അവധിയിൽ ആയിരുന്നതിനാൽ ഡ്യൂട്ടി ഡോക്ടർ ആണ് കുട്ടിയെ പരിശോധിച്ചത്. മുമ്പ് ചികിത്സ തേടിയ ആശുപത്രിയിൽനിന്ന് അമിത ഡോസ് മരുന്ന് നൽകിയിട്ടുണ്ടാകുമെന്ന് ഡോക്ടർ അറിയിച്ചതായി കുട്ടിയുടെ അച്ഛൻ പറയുന്നു .
പിന്നീട് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടി മരണപ്പെടുകയായിരുന്നു. ചേറ്റുകുഴി സഹകരണ ആശുപത്രിയിലെ ചികിത്സ പിഴവ് പുറത്തറിയാതിരിക്കാൻ കട്ടപ്പന സഹകരണ ആശുപത്രിയിലെ ഡോക്ടർമാർ കൂട്ടു നിന്നെന്നും കുടുംബം പരാതിപ്പെട്ടു. കുട്ടിയുടെ ആരോഗ്യനില മോശമായിരുന്നതിനാൽ ശിശുരോഗ വിദഗ്ധൻ ഉള്ള ആശുപത്രിയിലേക്ക് എത്രയും വേഗം കൊണ്ടുപോകണമെന്ന് നിർദേശിച്ചതായി കട്ടപ്പന സഹകരണ ആശുപത്രി അധികൃതർ പറഞ്ഞു.