കഴിഞ്ഞ ഒൻപത് വർഷം ലഹരിക്കെതിരെ പോരാട്ടം നടത്താൻ സർക്കാരിന് കഴിഞ്ഞില്ലെന്നും വിമുക്തി കേരളത്തിൽ പരാജയപ്പെട്ട പദ്ധതിയാണെന്നും ചെന്നിത്തല പറഞ്ഞു.
ലഹരി മാഫിയയെ കുറിച്ചുള്ള അടിയന്തര പ്രമേയത്തിൽ നിയമസഭയിൽ ഭരണ-പ്രതിപക്ഷ വാക്കുതർക്കം. കേരളത്തിൽ റാഗിങ്ങിന് നേതൃത്വം നൽകുന്നത് എസ്എഫ്ഐ ആണെന്നും, കഴിഞ്ഞ ഒൻപത് വർഷം ലഹരിക്കെതിരെ പോരാട്ടം നടത്താൻ സർക്കാരിന് കഴിഞ്ഞില്ലെന്നും, സിദ്ധാർഥനെ കൊന്നത് എസ്എഫ്ഐ ആണെന്നുമുള്ള അവതാരകൻ രമേശ് ചെന്നിത്തലയുടെ വിമർശനങ്ങൾ മുഖ്യമന്ത്രിയെ ചൊടിപ്പിച്ചു.
"കേരളം ലഹരി മാഫിയയുടെ നീരാളി പിടുത്തത്തിൽ താഴ്ന്നു പോകുകയാണ്. ലഹരി ഉപയോഗത്തെ തുടർന്നുള്ള അക്രമങ്ങൾ വ്യാപകമാകുകയാണ്. ലഹരി കുട്ടികളുടെ ജീവിതത്തെ തന്നെ ഇല്ലാതാക്കുകയാണ്. ഒരുമിച്ച് നിന്ന് ഈ വിപത്തിനെ നേരിടാൻ കഴിയണം. കഴിഞ്ഞ ഒൻപത് വർഷം ലഹരിക്കെതിരെ പോരാട്ടം നടത്താൻ സർക്കാരിന് കഴിഞ്ഞില്ല. വിമുക്തി കേരളത്തിൽ പരാജയപ്പെട്ട പദ്ധതിയാണ്," ചെന്നിത്തല പറഞ്ഞു.
ഇതുപോലെ നിങ്ങൾ തുടർന്നാൽ മതി എന്നാണ് എസ്എഫ്ഐ സമ്മേളനത്തിൽ പോയി മുഖ്യമന്ത്രി പറഞ്ഞതെന്നും അക്രമ സംഭവങ്ങൾക്ക് നേതൃത്വം നൽകുന്നവർക്കെതിരെ മുഖ്യമന്ത്രിക്ക് ഒരു വാക്ക് പറയാമായിരുന്നു എന്നും ചെന്നിത്തല സഭയിൽ വിമർശിച്ചു. മുഖ്യമന്ത്രിയെ 'മിസ്റ്റർ ചീഫ് മിനിസ്റ്റർ' എന്ന് ആവർത്തിച്ച് വിളിച്ചായിരുന്നു ഈ വിമർശനമത്രയും.
അതേസമയം, 2011 മുതൽ 2016 വരെ അഞ്ച് വർഷം ഈ വിളി കേട്ടതാണെന്നും മിസ്റ്റർ ചീഫ് മിനിസ്റ്റർ എന്ന് വിളിച്ച് ആവർത്തിച്ച് ചോദ്യങ്ങൾ ചോദിക്കുകയാണെന്ന് മുഖ്യമന്ത്രി മുൻ പ്രതിപക്ഷ നേതാവിനെ വിമർശിച്ചു. ചെന്നിത്തല അടിയന്തര പ്രമേയ ചർച്ചയിൽ പറയുന്നത് അനാവശ്യ കാര്യങ്ങളാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ലഹരി മാഫിയയെ ഞങ്ങൾ അടിച്ചമർത്തിയിട്ടുണ്ടെന്നും കേരളത്തിലെ ക്രമസമാധാന വീഴ്ചകൾ പറയാൻ മുഖ്യമന്ത്രിയുടെ ചീട്ട് ഞങ്ങൾക്ക് ആവശ്യമില്ലെന്ന് ചെന്നിത്തല പറഞ്ഞു. "കഴിഞ്ഞ ഒൻപത് വർഷക്കാലം സർക്കാർ ഇഴയുകയായിരുന്നു. വിമുക്തി പദ്ധതി നടപ്പാക്കാൻ ഉദ്യോഗസ്ഥർ പോലുമില്ല. വിമുക്തി കേരളത്തിൽ പരാജയപ്പെട്ട പദ്ധതിയാണ്. നമ്മൾ ഒരുമിച്ച് പ്രമേയം പാസാക്കി പോവുകയല്ല ഇടപെടലാണ് വേണ്ടത്. സർക്കാർ മുന്നോട്ടുവന്നാൽ പ്രതിപക്ഷത്തിൻ്റെ പൂർണ പിന്തുണയുണ്ടാകും," ചെന്നിത്തല മറുപടി നൽകി.