ഈ അസാധാരണമായ സംഭവങ്ങളും കാലാവസ്ഥാ വ്യതിയാനവും തമ്മിൽ ബന്ധമുണ്ടെന്നാണ് പല ശാസ്ത്രജ്ഞരും വ്യക്തമാക്കുന്നത്. വർധിച്ചുവരുന്ന ആഗോള താപനില, സമുദ്രത്തിലെ ജീവികളുടെ ആവാസ വ്യവസ്ഥയെയും ബാധിക്കുന്നുണ്ടെന്നതിന് ഉദാഹരണമാണിതെന്നും ശാസ്ത്രജ്ഞർ പറയുന്നു
കടലിലെ പ്രതിഭാസങ്ങൾക്ക് പിന്നാലെയാണ് കഴിഞ്ഞ രണ്ടാഴ്ചയായി സോഷ്യൽ മീഡിയ. ആംഗ്ലർ ഫിഷ്, ഓർഫിഷ്, ഫാൾസ് കില്ലർ തിമിംഗലങ്ങൾ, കേരളത്തിലെ അസാധാരണ ചാകര എല്ലാം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാണ്. ലോകം അവസാനിക്കാൻ പോവുകയാണ്. ഈ ക്യാപ്ഷനോട് കൂടെയാണ് വീഡിയോകൾ മുഴുവൻ. എന്തായാലും ചാവാൻ പോവുകയാണ്, ഇനി പഠിക്കണോന്ന് ആണ് ചിലരുടെ ചോദ്യം. ഇനി പണിക്കൊന്നും പോണ്ട രാജി വെച്ച് കളയാമെന്നും ചിലരൊക്കെ പറയുന്നുണ്ട്. എന്നാൽ എന്താ ശരിക്കും ഈ കൊച്ചുഭൂമിയിൽ സംഭവിക്കുന്നേ?
ആഴക്കടലിന്റെ ചെകുത്താനെന്ന് പേരുള്ള ആംഗ്ലർഫിഷ് കരയ്ക്കെത്തിയതാണ് സംഭവങ്ങളുടെ തുടക്കം. സമുദ്ര നിരപ്പിൽ നിന്ന് 500 മുതൽ 2000 മീറ്റർ വരെ ആഴത്തിലാണ് ഇവയുടെ വാസം. കാണുമ്പോൾ പേടി തോന്നുമെങ്കിലും ഇത്തിരികുഞ്ഞനാണ് ആംഗ്ലർ. കടലിൻ്റെ ഇരുട്ടറയിൽ നിന്ന് വെളിച്ചം തേടിയെത്തിയതാണ് ആംഗ്ലർഫിഷെന്ന തരത്തിൽ, സെൻ്റിമെൻ്റൽ ആയായിരുന്നു ആദ്യം സോഷ്യൽ മീഡിയ സംഭവത്തെ അപ്രോച്ച് ചെയ്തത്. പിന്നാലെ കഥ മാറി. ആഴക്കടലിൽ അസാധാരണമായി എന്തെങ്കിലും സംഭവിക്കുന്നുണ്ടോ എന്ന ചോദ്യം ഉയർന്നുതുടങ്ങി.
വെള്ളി കലർന്ന നീല നിറമുള്ള മുമ്പെങ്ങും കണ്ട് പരിചയമില്ലാത്ത മറ്റൊരു മത്സ്യം മെക്സിക്കൻ തീരത്ത് പ്രത്യക്ഷപ്പെട്ടു. പക്ഷേ പെട്ടെന്ന് തന്നെ ആളുകൾ അതിനെ തിരിച്ചറിഞ്ഞു. കടലിൻ്റെ ഏറ്റവുമടിത്തട്ടിൽ ജീവിക്കുന്ന ഡൂംസ് ഡേ ഫിഷെന്നും പേരുള്ള ഓർഫിഷ്. വാലിൽ പരിക്കേറ്റ നിലയിലായിരുന്നു ഓർഫിഷ് കരയ്ക്കടിഞ്ഞത്. എന്നാൽ ഈ മത്സ്യവുമായി ബന്ധപ്പെട്ടുള്ള അന്ധവിശ്വാസങ്ങളും മിത്തുകളും ആളുകളെ പെട്ടെന്ന് പരിഭ്രാന്തരാക്കി. ലാൻസരോട്ട് തീരത്ത് വീണ്ടുമൊരു ഓർഫിഷ് കൂടി എത്തിയതോടെ അഭ്യൂഹങ്ങൾ കൂടുതൽ ശക്തമായി.
ALSO READ: മലയാളികൾ നെഞ്ചോട് ചേർത്ത കാശ്മീരി പാട്ട്; ഇൻസ്റ്റഗ്രാമിൽ വൈറലായ 'ദിൽഷാദി'ൻ്റെ കഥ!
സാധാരണയായി കടലിന്റെ 650 മുതൽ 3,280 അടി വരെ ആഴത്തിലാണ് ഓർഷിഫിൻ്റെ വാസം. ജാപ്പനീസ് മിത്തുകൾ പ്രകാരം, ഓർഫിഷുകൾ കടൽ ദൈവത്തിന്റെ ദൂതന്മാരാണ്. വലിയ ഭൂകമ്പങ്ങളോ സുനാമിയോ സംഭവിക്കാൻ പോകും മുമ്പാണ് ഇവ ഉപരിതലത്തിലേക്ക് വരുന്നതെന്നാണ് വിശ്വാസം. ജപ്പാനിൽ പതിനായ്യായിരം പേർക്ക് ജീവൻ നഷ്ടപ്പെട്ട സുനാമിക്ക് മുൻപായി 20 ഓർഫിഷുകൾ തീരത്തടിഞ്ഞതായും റിപ്പോർട്ടുകളുണ്ട്.
ഓർഫിഷും ആംഗ്ലർഫിഷും പ്രത്യക്ഷപ്പെട്ടു. ഫാൾസ് കില്ലർ തിമിംഗലങ്ങൾ കരയ്ക്കടിഞ്ഞു. പിന്നെ സോഷ്യൽ മീഡിയയിൽ ചർച്ച മിത്തുകളിൽ മാത്രമുള്ള ലവിയതനായി. ബൈബിളിലടക്കം പല ആവർത്തി പറയുന്ന പേരാണ് ലവിയതൻ. ആ ഭീകരസത്വം കടലിനുള്ളിലുണ്ടെന്നും അത് പുറത്തെത്തുന്നതോടെ മനുഷ്യരാശി അവസാനിക്കുമെന്നുമാണ് സോഷ്യൽ മീഡിയ പറയുന്നത്. ലവിയതൻ കടലിൽ നിന്ന് പുറത്തുവരികയാണെന്നതിന് തെളിവായി ഗൂഗിൾ എർത്ത് മാപ്പുകൾ വരെയുണ്ടായിരുന്നു. എല്ലാം കൂടെ ഇൻ്റർനെറ്റ് ലോകം ഉറപ്പിച്ച് പറയുകയാണ്. നമ്മെളെല്ലാം മരിക്കാൻ പോകുന്നു.
എന്നാൽ സത്യത്തിൽ നമ്മളെല്ലാം മരിക്കാൻ പോവുകയാണോ? ഇതിൻ്റെയെല്ലാം ശാസ്ത്രീയ വശങ്ങൾ കൂടി പരിശോധിക്കണ്ടേ? ആദ്യം ലവിയതൻ്റെ കാര്യമെടുക്കാം. ഗൂഗിൾ എർത്ത് മാപ്പെന്ന് പറഞ്ഞ് പ്രചരിക്കുന്ന വിഷ്വൽസ്, യഥാർഥ സാറ്റലൈറ്റ് ഡാറ്റയും ഗോഡ്‌സില്ല പോലുള്ള സിനിമകളുടെ ആനിമേഷനും ഉപയോഗിച്ച് ആരോ ഉണ്ടാക്കിയെടുത്ത വീഡിയോ ക്ലിപ്പ് മാത്രമാണെന്ന് മാപ്പിങ് എക്സ്പേർട്ട്സ് വ്യക്തമാക്കുന്നു. ഓർഫിഷിൻ്റെ കാര്യമെടുത്താലോ, ഈ മത്സ്യവും ഭൂകമ്പവും തമ്മിൽ ബന്ധമുണ്ടെന്നതിന് ശാസ്ത്രീയ തെളിവുകളൊന്നുമില്ല. ഇത് സീസ്മോളജിക്കൽ സൊസൈറ്റി ഓഫ് അമേരിക്കയുടെ ബുള്ളറ്റിനിൽ വ്യക്തമായി പറയുന്നുണ്ട്. കടലിനടിയിലുണ്ടാകുന്ന ഭൂകമ്പത്തിലെ സീസ്മിക് തരംഗങ്ങൾ ഡൂംസ് ഡേ മത്സ്യങ്ങളെ കരയിലേക്ക് തള്ളിവിടുന്നുണ്ടെന്ന് പറയപ്പെടുന്നുണ്ടെങ്കിലും, ഇതിനും കൃത്യമായ തെളിവുകളില്ല. ആംഗ്ലർ ഫിഷ് ഉപരിതലത്തിലേക്കാൻ കാരണം അതിനുണ്ടായ ശാരീരിക പ്രശ്നങ്ങളാവാമെന്നും വിശദീകരണങ്ങളുണ്ട്.
ALSO READ: ചോരാത്ത ശൗര്യം! വീണ്ടും ട്രെൻഡിങ്ങായി മസായി മാരയിലെ സിംഹരാജാവ് സ്കാർഫെയ്സിൻ്റെ കഥ
പക്ഷേ, ഈ അസാധാരണമായ സംഭവങ്ങളും കാലാവസ്ഥാ വ്യതിയാനവും തമ്മിൽ ബന്ധമുണ്ടെന്നാണ് പല ശാസ്ത്രജ്ഞരും വ്യക്തമാക്കുന്നത്. വർധിച്ചുവരുന്ന ആഗോള താപനില, സമുദ്രത്തിലെ ജീവികളുടെ ആവാസ വ്യവസ്ഥയെയും ബാധിക്കുന്നുണ്ടെന്നതിന് ഉദാഹരണമാണിതെന്നും ശാസ്ത്രജ്ഞർ പറയുന്നു. പല തരത്തിലുള്ള രോഗങ്ങൾ, ജലത്തിൻ്റെ താപനിലയിലും മർദത്തിലുമുണ്ടാകുന്ന വ്യതിയാനങ്ങൾ എന്നിവ മൂലമാണ് ആഴക്കടൽ മത്സ്യങ്ങൾ കരയിലെത്തിയതെന്നാണ് ശാസ്ത്രജ്ഞരുടെ പ്രാഥമിക നിഗമനം. എന്തായാലും സമുദ്രത്തിൽ ഗണ്യമായ മാറ്റങ്ങൾ നടക്കുന്നുണ്ടെന്ന കാര്യം ശാസ്ത്രജ്ഞർ തള്ളിക്കളയുന്നില്ല.
മനുഷ്യന് കടൽ എന്നും അത്ഭുതമാണ്. കടലിനെക്കുറിച്ച് വളരെ പരിമിതമായ അറിവ് മാത്രമേ നമുക്കുള്ളൂ. യുനസ്കോയുടെ കണക്കുദ്ധരിച്ച് പറയുകയാണെങ്കിൽ വെറും അഞ്ച് ശതമാനം മാത്രം അറിവ്. അവിടെ എന്താണ് നടക്കുന്നെന്നത് കരയിലിരുന്ന് പ്രവചിക്കുക അസാധ്യമാണ്. ഇൻ്റർനെറ്റ് ലോകത്തെ കഥകൾ വളരെ എക്സൈറ്റിങ് ആണെങ്കിലും യഥാർഥത്തിൽ എന്താണ് സംഭവിക്കുന്നതെന്ന് മനസിലാക്കാൻ ശാസ്ത്രീയമായ ഗവേഷണങ്ങൾ തന്നെ വേണം. എന്തായാലും ലോകാവസാനം ഇപ്പോ ഉണ്ടാവുമെന്ന് ഉറപ്പിച്ച് പറയാൻ തെളിവുകളൊന്നുമില്ലെങ്കിലും, കാലാവസ്ഥാ വ്യതിയാനം അങ്ങ് ആഴക്കടലിലും എത്തിയിട്ടുണ്ടെന്ന സൂചന തന്നെയാണ് ഈ പ്രതിഭാസങ്ങൾ നൽകുന്നത്. അതിൻ്റെ പ്രത്യാഘാതങ്ങൾ എന്തായിരിക്കുമെന്നതും പ്രവചനാതീതമാണ്