പ്രതി കൃത്യം നടത്തിയത് സ്വബോധത്തോടെയാണെന്നും, ലഹരി ഉപയോഗിച്ചിട്ടില്ലെന്നും പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു
കോഴിക്കോട് ഈങ്ങാപ്പുഴയിൽ ഭർത്താവ് കൊലപ്പെടുത്തിയ ഷിബിലയുടെ ഇൻക്വസ്‌റ്റ് പൂർത്തിയായി. കഴുത്തിൻ്റെ വലതുഭാഗത്ത് ആഴത്തിലുള്ള മുറിവ് ഉണ്ട്. ശരീരത്തിലാകെ 11മുറിവുകളുമാണ് ഉള്ളത്. പ്രതി കൃത്യം നടത്തിയത് സ്വബോധത്തോടെയാണെന്നും, ലഹരി ഉപയോഗിച്ചിട്ടില്ലെന്നും പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. ഷിബിലയുടെ പിതാവിനെ കൊലപ്പെടുത്താനാണ് താൻ എത്തിയതെന്ന് പ്രതി നാട്ടുകാരോട് പറഞ്ഞു.
യുവതിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ നാട്ടുകാര്‍ക്കെതിരെയും പ്രതി കത്തി വീശിയിരുന്നു. പരിക്കേറ്റ ഭാര്യാപിതാവ് അബ്ദു റഹ്മാന്റെ നില തൃപ്തികരമാണെന്നും, ഇപ്പോൾ ശാസ്ത്രക്രിയ ആവശ്യമില്ലെന്നും ഡോക്ടർമാർ അറിയിച്ചു. അബ്ദുറഹ്മാനെ ഐസിയുവിൽ നിന്നും വാർഡിലേക്ക് മാറ്റിയിട്ടുണ്ട്.
ഇന്നലെ വൈകീട്ട് നോമ്പുതുറ സമയത്തായിരുന്നു കക്കാട് സ്വദേശി ഷിബിലയെ ഭർത്താവ് യാസിർ വെട്ടിക്കൊലപ്പെടുത്തിയത്.പ്രതി യാസിറിനെ മെഡിക്കൽ കോളേജ് ക്യാഷാലിറ്റിക്ക് സമീപത്ത് വച്ചാണ് നാട്ടുകാർ കീഴ്‌പ്പെടുത്തി പൊലീസിനെ ഏൽപ്പിച്ചത്. നോമ്പ് തുറന്ന് ഭക്ഷണം കഴിച്ച് കൊണ്ടിരിക്കുന്ന സമയത്ത് വീട്ടിൽ കയറിവന്ന ഷിബിലയെയും മാതാപിതാക്കളെയും യാസിർ ആക്രമിക്കുകയായിരുന്നു. ഷിബിലയുടെ കൈയിലും വായിലും ഭക്ഷണമുണ്ടായിരുന്നു. പ്രതി മയക്കുമരുന്നിന് അടിമയാണെന്നാണ് പ്രദേശവാസികൾ പറയുന്നത്.
ALSO READ: "സ്നേഹം കുറയുന്നുവെന്ന തോന്നൽ"; കണ്ണൂരിലെ കുഞ്ഞിൻ്റെ കൊലപാതകത്തിൽ വെളിപ്പെടുത്തലുമായി 12കാരി
ഏറെക്കാലമായി ഷിബിലയ്ക്കും യാസിറിനും ഇടയിൽ കുടുംബവഴക്ക് നിലനിൽക്കുന്നുണ്ട്. താമരശേരി പൊലീസിൽ നേരത്തെ പരാതി നൽകിയിരുന്നെങ്കിലും, വിഷയം ഗൗരവതരമായി എടുക്കാൻ പൊലീസ് തയ്യാറായില്ലെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. അതേസമയം, പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം വീട്ടുകാർക്ക് വിട്ടു നൽകും. ഈങ്ങാപ്പുഴ കരികുളം മദ്രസയിൽ പൊതു ദർശനത്തിന് വയ്ക്കുന്ന മൃതദേഹം, ഈങ്ങാപ്പുഴ കരികുളം സുന്നി ത്വാഹ മസ്ജിദിൽ ഖബറക്കും.