ടീം മാറിയിട്ടും ഇതിഹാസ താരത്തോടുള്ള ചാഹറുടെ സൗഹൃദത്തിനും ആത്മബന്ധത്തിനും യാതൊരു കുറവും വന്നിട്ടില്ലെന്ന് തെളിയിക്കുന്നതാണ് ഈ വീഡിയോ.
മുംബൈ ഇന്ത്യൻസ്-ചെന്നൈ സൂപ്പർ കിങ്സ് മത്സരത്തിന് ശേഷം എതിർ ടീം താരത്തെ ബാറ്റു കൊണ്ട് അടിക്കുന്ന ഇതിഹാസ താരം ധോണിയുടെ വീഡിയോ വൈറലാകുന്നു. എം.എസ്. ധോണിയും മുന്‍ ചെന്നൈ താരവും നിലവിലെ മുംബൈ പേസറുമായ ദീപക് ചാഹറും തമ്മിലുള്ള സൗഹൃദമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയെ രസിപ്പിക്കുന്നത്. ടീം മാറിയിട്ടും ഇതിഹാസ താരത്തോടുള്ള ചാഹറുടെ സൗഹൃദത്തിനും ആത്മബന്ധത്തിനും യാതൊരു കുറവും വന്നിട്ടില്ലെന്ന് തെളിയിക്കുന്നതാണ് ഈ വീഡിയോ.
നേരത്തെ മത്സരത്തിനിടെ ധോണി ബാറ്റ് ചെയ്യാനെത്തിയപ്പോൾ, ദീപക് ചാഹർ തമാശരൂപേണ സ്ലെഡ്‌ജിങ്ങുമായി രംഗത്ത് വന്നിരുന്നു. ധോണി ക്രീസിലെത്തിയപ്പോള്‍ അടുത്തുവരികയും നേരെ നോക്കി കയ്യടിക്കുകയും ചെയ്തു. ധോണിയോട് മാത്രമല്ല രവീന്ദ്ര ജഡേജയോടും ചാഹര്‍ ഇതു തന്നെ ചെയ്തു. മത്സരം ചെന്നൈ നാല് വിക്കറ്റിന് അനായാസം വിജയിച്ചിരുന്നു.
മത്സര ശേഷം താരങ്ങളുടെ ഹസ്തദാനവേളയിലാണ് ധോണി ചാഹറിന് മറുപടി നല്‍കിയത്. മത്സരം അവസാനിച്ച് ഹസ്തദാനത്തിന് നില്‍ക്കെ ധോണി, ബാറ്റുകൊണ്ട് ചാഹറിന്റെ മൂടിനിട്ട് തമാശരൂപേണ പതുക്കെ അടിക്കുകയായിരുന്നു. ഇതിന് ശേഷം ഇരുവരും പരസ്പരം ചിരിയോടെ നിൽക്കുന്നതും കാണാം. വീഡിയോ കാണാം.
അതേസമയം, മുംബൈയുടെ യുവസ്പിന്നറും മലയാളിയുമായ വിഘ്നേഷ് പുത്തൂരിനെ അഭിനന്ദിക്കാനും ധോണി മറന്നില്ല. മത്സര ശേഷം ഹസ്തദാനം നൽകി താരങ്ങൾ പിരിയുന്ന സമയത്താണ് വിഘ്നേഷിനെ ധോണി പുറത്തുതട്ടി അഭിനന്ദിച്ചത്. പെരിന്തൽമണ്ണയിൽ ഓട്ടോ ഡ്രൈവറായ സുനില്‍ കുമാറിന്‍റേയും വീട്ടമ്മയായ ബിന്ദുവിന്‍റേയും മകനാണ് വിഘ്നേഷ്. പെരിന്തല്‍മണ്ണ പിടിഎം ഗവണ്‍മെൻ്റ് കോളേജില്‍ എംഎ ലിറ്ററേച്ചര്‍ വിദ്യാര്‍ഥിയാണ്.
മത്സരം മുംബൈ തോറ്റെങ്കിലും വിഘ്‌നേഷ് മത്സരം പൂര്‍ത്തിയാക്കിയത് നാലോവറില്‍ 32 റണ്‍സിന് മൂന്ന് വിക്കറ്റെന്ന അഭിമാന നേട്ടത്തോടെയാണ്. റുതുരാജ് ഗെയ്‌ക്‌വാദ്, ശിവം ദുബെ, ദീപക് ഹൂഡ എന്നിവരുടെ വിക്കറ്റുകളാണ് വിഘ്‌നേഷ് വീഴ്ത്തിയത്.