കുന്നംകുളത്തെ സമ്മേളനത്തിൽ പ്രസംഗിക്കാൻ സഖാവ് വിജയരാഘവൻ നടന്നാണോ വന്നതെന്നും ദീപിക മുഖപത്രത്തിലൂടെ ചേദിക്കുന്നു
വഞ്ചിയൂരില്‍ റോഡ് തടഞ്ഞ് പൊതുയോഗം നടത്തിയതിനെ ന്യായീകരിച്ച സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവനെ രൂക്ഷമായി വിമർശിച്ച് ദീപിക എഡിറ്റോറിയൽ. സിപിഎം ഏരിയാ സമ്മേളനത്തെ ന്യായീകരിച്ചത് പരാജയഭാഷ്യം. ഞങ്ങൾ ചില തോന്ന്യാസങ്ങൾ കാണിക്കും പൊതുജനം വേണമെങ്കിൽ സഹിക്കുകയോ മരിക്കുകയോ ചെയ്തോട്ടെ എന്നത് ധാർഷ്ട്യമാണെന്നും, മാടമ്പിത്തരത്തിന്റെ മാസ്റ്റർ പീസ് ആണ് ഇതെന്നും ദീപിക വിമർശിച്ചു.
ALSO READ: ആറ് കുട്ടികളെ കൊന്ന റൂണയ്ക്ക് ചികിത്സയും ജയിൽമോചനവുമില്ലേ?
രാഷ്ട്രീയക്കാരന്റെ മേലങ്കി അഹങ്കാരത്തിനു കാരണമായാൽ അതു സഹിക്കാനുള്ള ബാധ്യത പൊതുജനത്തിനില്ല. പൊതുജനത്തിന്റെ ആധി അറിയുന്ന ഒരുവനും പൊതുവഴിയിൽ വേദികെട്ടി പ്രസംഗിക്കാനുള്ള തൊലിക്കട്ടി ഉണ്ടാകില്ല. പൊതുവഴി സ്റ്റേജ് കെട്ടാനുള്ളതാണന്നും, നിയമസഭ മേശപ്പുറത്ത് നൃത്തമാടാനുള്ളതാണെന്നും കരുതുന്നവരുടെ രാഷ്ട്രീയമനസ് ഇനിയും ഇരുണ്ട യുഗത്തിന്റെ തമസിൽ തപ്പിത്തടയുകയാണെന്നു പറയേണ്ടിവരുമെന്നും ദീപിക മുഖപത്രത്തിൽ പറയുന്നു.
കാറുള്ളവർ കാറിൽ പോകുന്നതുപോലെ പാവങ്ങൾക്കു ജാഥ നടത്താനും അനുവാദം വേണമെന്നു പറഞ്ഞ വിജയരാഘവൻ, അറിഞ്ഞോ അറിയാതെയോ തൊലിയുരിഞ്ഞുപോകുന്ന സെൽഫ് ഗോൾ തന്നെയാണ് പാർട്ടിയുടെ ഗോൾ പോസ്റ്റിൽ അടിച്ചുകയറ്റിയിരിക്കുന്നത്. പാവങ്ങളുടെ പാർട്ടിയെന്നു സ്വയം വിശേഷിപ്പിക്കുന്ന നിങ്ങളുടെ പാർട്ടിയിൽ കാറില്ലാത്ത എത്ര നേതാക്കളുണ്ട്. കുന്നംകുളത്തെ സമ്മേളനത്തിൽ പ്രസംഗിക്കാൻ സഖാവ് വിജയരാഘവൻ നടന്നാണോ വന്നതെന്നും ദീപിക മുഖപത്രത്തിലൂടെ ചേദിക്കുന്നു.
ALSO READ: ചരിത്രവിധിയെഴുതി അമേരിക്ക; 5 കുട്ടികളെ കൊന്ന ആൻഡ്രിയയുടെ കൊലക്കുറ്റം റദ്ദാക്കി, ചികിത്സ ഉറപ്പാക്കി
കഴിഞ്ഞ ദിവസമാണ് വഞ്ചിയൂരില്‍ റോഡ് തടഞ്ഞ് പൊതുയോഗം നടത്തിയതിനെ ന്യായീകരിച്ച് വിജയരാഘവന്‍ രംഗത്തെത്തിയത്. കാറില്‍ പോകേണ്ട കാര്യമുണ്ടോ നടന്നും പോകാമല്ലോ എന്നായിരുന്നു സിപിഎം കുന്നംകുളം ഏരിയാ സമ്മേളനത്തിന്റെ ഭാഗമായ പൊതു സമ്മേളനത്തില്‍ വിജയരാഘവന്‍ ചോദിച്ചത്. റോഡില്‍ പൊതുയോഗം വച്ചതിന് സുപ്രീം കോടതിയില്‍ പോവുകയാണ്. വല്യ പബ്ലിസിറ്റി കിട്ടും. അല്ലെങ്കില്‍ ഇവിടെ ട്രാഫിക് ജാമില്ലേ. എല്ലാവരും കൂടി കാറില്‍ പോകാതെ നടന്നു പോകാമല്ലോ എന്നും അദ്ദേഹം ചോദിച്ചിരുന്നു. വഞ്ചിയൂര്‍ കോടതിക്ക് സമീപമാണ് റോഡ് അടച്ചുകെട്ടി സിപിഎം വേദിയൊരുക്കിയത്. ഇതേ തുടര്‍ന്ന് സ്ഥലത്ത് ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടതോടെ പരിപാടിക്കെതിരെ വലിയ രീതിയിൽ വിമർശനമുയർന്നിരുന്നു.