പ്രതി ഋതു സമാനമായ രീതിയിലുള്ള കൊലപാതകങ്ങൾ ഇനിയും ചെയ്യാൻ സാധ്യത ഉണ്ടെന്ന് പൊലീസ് കസ്റ്റഡി റിപ്പോർട്ടിൽ പറയുന്നു
എറണാകുളം ചേന്ദമംഗലത്തെ കൂട്ടക്കൊലയുടെ കസ്റ്റഡി റിപ്പോർട്ട് ന്യൂസ് മലയാളത്തിന്. പ്രതി ഋതു എത്തിയത് കൊലപാതകം നടത്താൻ ഉറപ്പിച്ചെന്ന് റിപ്പോർട്ടിൽ പറയുന്നു. പ്രതി ഋതു സമാനമായ രീതിയിലുള്ള കൊലപാതകങ്ങൾ ഇനിയും ചെയ്യാൻ സാധ്യത ഉണ്ടെന്നും പൊലീസ് കസ്റ്റഡി റിപ്പോർട്ടിൽ പറയുന്നു.
വിചാരണ വേളയിൽ പ്രതി കടന്നു കളയുമെന്ന് സംശയിക്കുന്നതായും, പുറത്തിറങ്ങിയാൽ കേസ് ദുർബലപ്പെടുമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. ജനുവരി 16നാണ് ഋതു പെരേപ്പാടം കാട്ടുപറമ്പിൽ വേണു, ഭാര്യ ഉഷ, മരുമകൾ വിനീഷ എന്നിവരെ കൊലപ്പെടുത്തിയത്. കടുത്ത വ്യക്തി വൈരാഗ്യം കൊണ്ടാണ് കൊലപ്പെടുത്തിയതെന്ന് പ്രതി മൊഴി നൽകിയിരുന്നു.
ALSO READ: ചേന്ദമംഗലം കൂട്ടക്കൊല: 'സഹോദരിയെക്കുറിച്ച് മോശമായി സംസാരിച്ചു'; പ്രകോപനകാരണം വെളിപ്പെടുത്തി പ്രതി
മോട്ടോർ സൈക്കിളിൽ ഉപയോഗിക്കുന്ന ഇരുമ്പ് കമ്പി കൊണ്ട് അടിച്ചു. കത്തി കൊണ്ടു കുത്തിയും കൊലപ്പെടുത്തി, എന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. കൃത്യം നടത്തിയ വീട്ടിൽ എത്തിച്ചുള്ള തെളിവെടുപ്പ് നാളെ ഉണ്ടായേക്കുമെന്നാണ് സൂചന. ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ജിതിൻ സഹോദരിയെക്കുറിച്ച് മോശം പരാമർശം നടത്തിയതാണ് പ്രകോപനമായതെന്നാണ് പ്രതി മൊഴി നൽകിയത്.
കൂട്ടക്കൊല ആസൂത്രിതമാണെന്ന് പൊലീസ് റിപ്പോർട്ടിൽ സ്ഥിരീകരണമുണ്ടായിരുന്നു. മരണമുറപ്പിക്കാൻ പ്രതി ഋതു മൂന്നുപേരുടെയും തലയിൽ നിരവധി തവണ കമ്പി വടി കൊണ്ടടിക്കുകയായിരുന്നു. പന്ത്രണ്ടും ആറും വയസ്സ് മാത്രം പ്രായമുള്ള ആരാധ്യയുടെയും അവനിയുടേയും മുന്നിലിട്ടാണ് അമ്മയെയും മുത്തച്ഛനെയും മുത്തശ്ശിയെയും ക്രൂരമായി കൊലപ്പെടുത്തിയത്. ആക്രമണം നടത്തുമ്പോൾ പ്രതി ലഹരി ഉപയോഗിച്ചിട്ടില്ലായിരുന്നു എന്നും കണ്ടെത്തിയിട്ടുണ്ട്.