ഡ്രോൺ ക്യാമറകളുടെ സഹായത്തോടെ കഴിഞ്ഞ ദിവസങ്ങളിലായി ആനയ്ക്കായി പരിശോധന നടത്തിയെങ്കിലും വനംവകുപ്പ് നടത്തിയ ശ്രമങ്ങൾ വിഫലമായിരുന്നു
അതിരപ്പിള്ളി - ഏഴാറ്റുമുഖം വനമേഖലകളിലായി മസ്തകത്തിൽ മുറിവേറ്റ നിലയിൽ കണ്ടെത്തിയ കാട്ടാനയ്ക്ക് ചികിത്സ ഉറപ്പാക്കാനുള്ള ദൗത്യം ഇന്നും തുടരും. ഇന്നലെ നടന്ന തെരച്ചിലിൽ മയക്കുവെടി വെക്കാനുള്ള നീക്കങ്ങൾക്കിടെ ആന ഉൾക്കാട്ടിലേക്ക് വലിഞ്ഞതോടെയാണ് ദൗത്യം താൽക്കാലികമായി അവസാനിപ്പിച്ചത്. ഇന്ന് നടക്കുന്ന തെരച്ചിലിൽ അനുകൂല സാഹചര്യമുണ്ടായാൽ ആനയ്ക്ക് ചികിത്സ നൽകാമെന്നാണ് വനം വകുപ്പ് അധികൃതരുടെ പ്രതീക്ഷ.
ചീഫ് വെറ്ററിനറി സർജൻ ഡോ.അരുൺ സക്കറിയയുടെ നേതൃത്വത്തിൽ ആനയെ കണ്ടെത്താൻ നടന്ന നീക്കങ്ങൾ പരാജയപ്പെട്ടതോടെയാണ് ഇന്നും ദൗത്യം തുടരാൻ വനംവകുപ്പ് തീരുമാനിച്ചത്. കഴിഞ്ഞദിവസം നടന്ന തെരച്ചിലിൽ മൂന്ന് സ്ഥലങ്ങളിലായി ആനയെ കണ്ടെത്തിയിരുന്നെങ്കിലും കൃത്യമായ സ്ഥലം നിർവചിക്കാനോ ആനയെ മയക്കുവടി വെയ്ക്കാനോ സാധിച്ചിരുന്നില്ല. മനുഷ്യ സാമീപ്യം തിരിച്ചറിഞ്ഞ ആന കാലടി പ്ലാന്റേഷൻ തോട്ടങ്ങൾ കടന്ന് കാട്ടിലേക്ക് കയറിയതാണ് ദൗത്യത്തിന് തിരിച്ചടിയായത്. ക്യാമറകൾ ഉപയോഗിച്ച് പരിശോധനകൾ നടത്തിയെങ്കിലും ശ്രമം വിഫലമായി ഇതോടെയാണ് ഇന്നും തിരച്ചിൽ തുടരാനും ആനയെ കണ്ടെത്തിയാൽ മയക്കുവെടി വെച്ച് ചികിത്സ ആരംഭിക്കാനും വനം വകുപ്പ് തീരുമാനിച്ചത്.
ഡ്രോൺ ക്യാമറകളുടെ സഹായത്തോടെ കഴിഞ്ഞ ദിവസങ്ങളിലായി ആനയ്ക്കായി പരിശോധന നടത്തിയെങ്കിലും വനംവകുപ്പ് നടത്തിയ ശ്രമങ്ങൾ വിഫലമായിരുന്നു. ഡ്രോൺ ക്യാമറകൾ നടത്തിയ നിരീക്ഷണത്തിൽ ജനവാസ മേഖലകളിൽ ഇറങ്ങുന്ന മറ്റ് ആനകളെയും കണ്ടെത്തി. എന്നാൽ ആരോഗ്യസ്ഥിതി മോശമായ കൊമ്പനെ ഡ്രോൺ ക്യാമറകൾ ഉപയോഗിച്ചുള്ള പരിശോധനകളിൽ കണ്ടെത്താനായില്ല. വെളിച്ചക്കുറവും സാങ്കേതിക പ്രശ്നങ്ങളും തടസമായി. ഡോക്ടർ അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം ഇന്ന് പുലർച്ചെ തന്നെ ആനയെ കണ്ടെത്തി മയക്കുവെടിവെയ്ക്കാനുള്ള നീക്കങ്ങളാണ് നടത്തുന്നത്. രാവിലെ തന്നെ ആനയെ കണ്ടെത്താനായാൽ ഉച്ചയോടെ ദൗത്യം പൂർത്തീകരിക്കാം എന്നാണ് വനവകുപ്പ് അധികൃതരും പ്രതീക്ഷിക്കുന്നത്.