സെൻട്രൽ ഡൽഹിയിലെ സിവിക് സെൻ്ററിലാണ് 24x7 കൺട്രോൾ റൂം തുറന്നിരിക്കുന്നത്
ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയാൻ നടപടിയുമായി ആദായനികുതി വകുപ്പ്. നിയമവിരുദ്ധമായി പണം വിതരണം ചെയ്യുന്നത് പോലുള്ള സംഭവങ്ങളെക്കുറിച്ച് പൊതുജനങ്ങൾക്ക് അറിയാൻ കഴിയുന്ന 24x7 കൺട്രോൾ റൂമും പരാതി നിരീക്ഷണ സെല്ലും പ്രവർത്തിക്കുമെന്ന് ആദായനികുതി വകുപ്പ് അറിയിച്ചു.
സെൻട്രൽ ഡൽഹിയിലെ സിവിക് സെൻ്ററിലാണ് 24x7 കൺട്രോൾ റൂം തുറന്നിരിക്കുന്നത്. 1800111309 എന്ന ടോൾ ഫ്രീ നമ്പറും പുറത്തിറക്കിയതായി ആദായനികുതി വകുപ്പ് അറിയിച്ചു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അനതികൃതമായി പണം കൈമാറുക, ബുള്ളിയൻ, വിലപിടിപ്പുള്ള ലോഹങ്ങൾ എന്നിവയുടെ വിതരണം തുടങ്ങി സംശയാസ്പദമായ ഏത് നീക്കത്തെപ്പറ്റിയും ആർക്കും വിവരം നൽകാമെന്നും അറിയിപ്പിൽ പറയുന്നു.
വിവരം നൽകുന്നയാളുടെ പേര് വെളിപ്പെടുത്തില്ലെന്നും അറിയിപ്പിൽ വ്യക്തമാക്കുന്നുണ്ട്. കൺട്രോൾ റൂം വിലാസത്തിനൊപ്പം വിവിധ ലാൻഡ്‌ലൈൻ, മൊബൈൽ നമ്പറുകളും അറിയിപ്പിൽ പരാമർശിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് നടക്കുന്ന മറ്റ് സംസ്ഥാനങ്ങളിലും ഇത്തരം കൺട്രോൾ റൂമുകൾ തുറക്കുമെന്നും ആദായനികുതി വകുപ്പ് അറിയിച്ചു.
ALSO READ: ഡൽഹിയിൽ നിയമസഭാ തെരഞ്ഞെടുപ്പ് ഫെബ്രുവരി അഞ്ചിന്; എട്ടിന് വോട്ടെണ്ണൽ
ഫെബ്രുവരി അഞ്ചിനാണ് ഡല്‍ഹിയിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. വോട്ടെണ്ണല്‍ ഫെബ്രുവരി എട്ടിന് നടക്കും. ആകെ 70 സീറ്റുകളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 70ല്‍ 12 എണ്ണം സംവരണ മണ്ഡലങ്ങളാണ്. നാമനിർദേശ പത്രിക നൽകാനുള്ള അവസാന ദിവസം ജനുവരി 17 ആണ്. പത്രിക പിൻവലിക്കാനുള്ള അവസാന ദിവസം ജനുവരി 20. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ ആണ് തീയതികള്‍ പ്രഖ്യാപിച്ചത്.
ഡൽഹിയിൽ ആകെ 1.55 കോടി വോട്ടർമാരാണുള്ളത്. ഇതില്‍ 2.08 ലക്ഷം പേർ കന്നി വോട്ടർമാരാണ്. 1.09 ലക്ഷം വോട്ടർമാർക്കാണ് 85ന് മുകളിൽ പ്രായം. വോട്ടിങ്ങിനായി 13,033 പോളിങ് കേന്ദ്രങ്ങൾ ഒരുക്കും. പോളിങ് ദിനത്തിന് മുമ്പ് വോട്ടർമാർ അവരുടെ പേരുകളുണ്ടോ എന്ന് ഓൺലൈനിൽ പരിശോധിച്ച് ഉറപ്പാക്കണമെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ അറിയിച്ചു.