നിർണായക വിവരങ്ങളാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുള്ളത്
മംഗലപുരത്ത് കൊല്ലപ്പെട്ട ഭിന്നശേഷിക്കാരിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്. കൊല്ലപ്പെട്ട തങ്കമണിയുടെ സ്വകാര്യ ഭാഗങ്ങളിൽ ഉൾപ്പടെ മുറിവുകളുണ്ടെന്നും, ഇവർ ബലാത്സംഗത്തിനിരയായെന്നും കണ്ടെത്തി. തലക്കേറ്റ ക്ഷതമാണ് മരണ കാരണമെന്നും റിപ്പോർട്ടിൽ പറയുന്നു.
ഇന്ന് രാവിലെയോടെയാണ് സഹോദരി, തങ്കമണിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മുഖത്ത് മുറിവേറ്റതിൻ്റെ പാടുകൾ ഉണ്ടായിരുന്നു. ബ്ലൗസ് കീറിയ നിലയിലും ഉടുത്തിരുന്ന ലുങ്കികൊണ്ട് മൃതദേഹം മൂടിയ നിലയിലായിരുന്നു. തുടർന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. മൃതദേഹത്തിന് സമീപത്തായി ചെരുപ്പുകളും ചെമ്പരത്തി പൂക്കളും കിടക്കുന്നുണ്ടായിരുന്നു. തങ്കമണിയുടെ കാതിലുണ്ടായിരുന്ന കമ്മൽ നഷ്‌ടപ്പെട്ടിട്ടുണ്ടെന്ന് പരിശോധനയിൽ നിന്നും വ്യക്തമായിട്ടുണ്ട്.
ALSO READ: തിരുവനന്തപുരത്തെ ഭിന്നശേഷിക്കാരിയുടെ മരണം കൊലപാതകം; പോത്തൻകോട് സ്വദേശി തൗഫീഖ് കസ്റ്റഡിയിൽ
സംഭവത്തിൽ പോത്തൻകോട് സ്വദേശി തൗഫീഖിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതിയിൽ നിന്നു അപഹരിച്ച കമ്മലുകളും കണ്ടെത്തി. മോഷ്ടിച്ച കമ്മൽ ചാലയിലെ ജ്വല്ലറിയിൽ 5000 രൂപയ്ക്ക് കൊടുത്തതായി പ്രതി സമ്മതിക്കുകയും ചെയ്തു. മോഷണത്തിനായി നടത്തിയ കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം. കസ്റ്റഡിയിലുള്ള തൗഫീഖിനെ മംഗലപുരം പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്.