നെന്മാറ പൊലീസ് സ്റ്റേഷനിലെ എസ്ഐയാണ് കുട്ടിയെ മർദിച്ചതെന്നാണ് സൂചന
പാലക്കാട് നെന്മാറയിൽ 17 കാരനെ പൊലീസ് മർദിച്ചെന്ന പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ പൊലീസ് മേധാവി. ഇന്ന് രാവിലെയാണ് നെന്മാറ ടൗണിലെത്തിയ കുട്ടിയെ പൊലീസ് മർദിച്ചത്. പൊലീസ് വാഹത്തിനടുത്തേക്ക് വിളിച്ചു വരുത്തിയ ശേഷം മുടിയിൽ പിടിച്ചുവലിച്ച് മർദിച്ചെന്നാണ് പരാതി.
നാല് പൊലീസുകാരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. നെന്മാറ പൊലീസ് സ്റ്റേഷനിലെ എസ്ഐയാണ് കുട്ടിയെ മർദിച്ചത് എന്നാണ് സൂചന. യാതൊരു പ്രകോപനവും ഇല്ലാതെയാണ് തന്നെ ആക്രമിച്ചതെന്നാണ് കുട്ടി പറയുന്നത്. മുഖത്ത് പരുക്കേറ്റ പതിനേഴുകാരൻ നിലവിൽ നെന്മാറ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവത്തിൽ മുതിർന്ന ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകുമെന്ന് കുട്ടിയുടെ മാതാപിതാക്കൾ അറിയിച്ചിട്ടുണ്ട്. നിലവിൽ മാധ്യമങ്ങളിൽ വന്ന വാർത്തയുടെ അടിസ്ഥാനത്തിലാണ് ജില്ലാ പൊലീസ് മേധാവി അന്വേഷണത്തിന് ഉത്തരവിട്ടത്. ആലത്തൂർ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുക.