ലോക്‌സഭ പാസാക്കിയ ബില്ലിനോടുള്ള പ്രതിഷേധ സൂചകമായി കറുപ്പ് ബാഡ്ജ് ധരിച്ചായിരുന്നു ഡിഎംകെ എംഎല്‍എമാര്‍ വ്യാഴാഴ്ച നിയമസഭയില്‍ എത്തിയത്
ലോക്‌സഭയിൽ വിവാദ വഖഫ് ഭേദഗതി ബില്ല് പാസാക്കിയതിന് പിന്നാലെ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി ഡിഎംകെ അധ്യക്ഷനും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിൻ. തമിഴ്‌നാട് നിയമസഭയിൽ നടത്തിയ പ്രസംഗത്തിലാണ് ബില്ലിനെതിരെ ഡിഎംകെ സുപ്രീംകോടതിയെ സമീപിക്കുമെന്ന കാര്യം സ്റ്റാലിൻ വ്യക്തമാക്കിയത്. ലോക്‌സഭ പാസാക്കിയ ബില്ലിനോടുള്ള പ്രതിഷേധ സൂചകമായി കറുപ്പ് ബാഡ്ജ് ധരിച്ചായിരുന്നു ഡിഎംകെ എംഎല്‍എമാര്‍ വ്യാഴാഴ്ച നിയമസഭയില്‍ എത്തിയത്.
ഇന്ത്യയിലെ മിക്ക രാഷ്ട്രീയ പാർട്ടികളും ബില്ലിനെ എതിർത്തിട്ടുണ്ടെന്നായിരുന്നു നിയമസഭയിലെ പ്രസംഗത്തിൽ സ്റ്റാലിൻ പറഞ്ഞത്. വളരെയധികം എതിർപ്പുകൾക്കിടയിലും വഖഫ് ഭേദഗതി ബിൽ പാർലമെന്റിൽ പാസാക്കിയത് അങ്ങേയറ്റം അപലപനീയമാണ്. ബിൽ പാസായെങ്കിലും, അതിനെതിരായ വോട്ടുകളുടെ എണ്ണം നാം അവഗണിക്കരുത്. ഇത് രാജ്യത്തെ സാമുദായിക ഐക്യം തകർക്കാനുള്ള ശ്രമമാണെന്നും ഡിഎംകെ ബില്ലിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നും സ്റ്റാലിൻ നിയമസഭയിൽ പറഞ്ഞു. സ്റ്റാലിന്റെ പ്രസംഗത്തിൽ പ്രതിഷേധിച്ച് ബിജെപി എംഎൽഎമാർ സഭയിൽ നിന്ന് വാക്ക്ഔട്ട് ചെയ്തു.
കേന്ദ്രസർക്കാർ നിർദ്ദിഷ്ട ബിൽ പൂർണമായും പിൻവലിക്കണമെന്നാവശ്യപ്പെട്ട് സ്റ്റാലിൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നേരത്തെ കത്തെഴുതിയിരുന്നു. വഖഫ് ഭേദഗതി ബിൽ മുസ്ലീങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ പരാജയപ്പെടുന്നെന്നും ഇതിലൂടെ ഭരണഘടനയെ ദുർബലപ്പെടുത്തുന്നെന്നും സ്റ്റാലിൻ കത്തിൽ കുറിച്ചു. 1995 ലെ വഖഫ് നിയമത്തിലെ ഭേദഗതികൾ ന്യൂനപക്ഷങ്ങൾക്ക് നൽകുന്ന ഭരണഘടനാപരമായ സംരക്ഷണം പരിഗണിച്ചിട്ടില്ലെന്നും സ്റ്റാലിൻ കത്തിൽ കുറിച്ചു.
12 മണിക്കൂറോളം നീണ്ട നീണ്ട ചർച്ചയ്‌ക്കൊടുവിലായിരുന്നു ബില്ല് ലോക്‌സഭയിൽ പാസാക്കിയത്. 288 പേർ ബില്ലിനെ പിന്തുണച്ച് വോട്ട് ചെയ്തപ്പോൾ, 232 പേരാണ് ബില്ലിനെ എതിർത്തത്. ശബ്ദ വോട്ടോടെയായിരുന്നു സഭ ബില്‍ പാസാക്കിയത്. വഖഫ് സ്വത്തുക്കളുടെ ഭരണം മെച്ചപ്പെടുത്തുക, സാങ്കേതികവിദ്യാധിഷ്ഠിത മാനേജ്മെന്റ് അവതരിപ്പിക്കുക, സങ്കീർണ്ണതകൾ പരിഹരിക്കുക, സുതാര്യത ഉറപ്പാക്കുക എന്നിവയാണ് ബിൽ ലക്ഷ്യമിടുന്നത്.
പ്രതിപക്ഷം ശക്തമായി തന്നെ ബില്ലിനെ എതിര്‍ത്തു. ഭരണഘടനയ്ക്ക് മേലുള്ള ആക്രമണമാണിതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. മുസ്ലീങ്ങളെ അരികുവത്കരിക്കാനുള്ള ആയുധമാണ് വഖഫ് ഭേദഗതി ബില്‍ എന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു. കേരളത്തില്‍ നിന്നുള്ള സിപിഐഎം എംപി കെ രാധാകൃഷ്ണനും കോണ്‍ഗ്രസ് എംപിമാരും വഖഫ് ബില്ലിനെ എതിര്‍ത്തു. ഭരണഘടനാ ലംഘനമാണെന്നായിരുന്നു കെ. രാധാകൃഷ്ണൻ്റെ പ്രതികരണം.