ലബനനിൽ അടുത്തിടെയുണ്ടായ വ്യോമാക്രമണങ്ങളുടെയും സ്‌ഫോടനങ്ങളുടെയും പശ്ചാത്തലത്തിലാണ് തീരുമാനം
ലബനനിൽ സംഘർഷങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ പൗരന്മാർക്ക് മുന്നറിയിപ്പുമായി ബെയ്‌റൂട്ടിലെ ഇന്ത്യൻ എംബസി. ഒരറിയിപ്പുണ്ടാക്കുന്നത് വരെ ലബനനിലേക്ക് യാത്ര ചെയ്യരുതെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. ലബനനിൽ അടുത്തിടെയുണ്ടായ വ്യോമാക്രമണങ്ങളുടെയും സ്‌ഫോടനങ്ങളുടെയും പശ്ചാത്തലത്തിലാണ് തീരുമാനം. മേഖലയിലെ സമീപകാല സംഭവവികാസങ്ങൾ കണക്കിലെടുത്ത്, ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ലബനനിലേക്ക് യാത്ര ചെയ്യരുത് എന്നാണ് എംബസിയുടെ നിർദ്ദേശം.
ALSO READ: ലബനനിലെ പേജർ സ്ഫോടനം: പ്രാദേശിക കമ്പനിയുടെ പങ്ക് പരിശോധിക്കും, അന്വേഷണം പ്രഖ്യാപിച്ച് നോർവെ
ലബനനിൽ താമസിക്കുന്ന ഇന്ത്യൻ പൗരന്മാർ എത്രയും വേഗം രാജ്യം വിടണമെന്നും നിർദ്ദേശമുണ്ട്. ഏതെങ്കിലും കാരണത്താൽ അവിടെ തുടരുന്നവർ അതീവ ജാഗ്രത പുലർത്തണം. എംബസിയുമായി നിരന്തരം സമ്പർക്കം പുലർത്താനും ജനങ്ങൾക്ക് നിർദ്ദേശമുണ്ട്. ഇമെയിൽ ഐഡി വഴിയോ എമർജൻസി ഫോൺ നമ്പർ വഴിയോ ബന്ധപ്പെടണമെന്നാണ് നിർദ്ദേശം. beirut@mea.gov.in അല്ലെങ്കിൽ എമർജൻസി നമ്പർ +96176860128 എന്നിവ വഴിയാണ് എംബസിയുമായി ആശയവിനിമയം നടത്തേണ്ടത് എന്നും എംബസി അറിയിച്ചു.
ALSO READ: ലബനനിലെ ബെയ്‌റൂട്ടിലുണ്ടായ ഇസ്രയേൽ വ്യോമാക്രണത്തില്‍ ഹിസ്ബുള്ള കമാൻഡർ ഇബ്രാഹിം ഖുബൈസി കൊല്ലപ്പെട്ടു
പുറത്തു വരുന്ന റിപ്പോർട്ടുകൾ പ്രകാരം, ലബനനിലെ ഹിസ്ബുള്ള ശക്തികേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 600 പേർ കൊല്ലപ്പെടുകയും, 1600ലേറെ പേർക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട് എന്നാണ് ലബനീസ് ആരോഗ്യ മന്ത്രാലയം അറിയിച്ചത്. ബെയ്റൂട്ടിൻ്റെ തെക്കൻ പ്രാന്തപ്രദേശത്തുള്ള ദഹിയിലും ഇസ്രയേൽ വ്യോമാക്രമണം നടത്തിയിരുന്നു. ദഹിയിൽ മാത്രം ആറ് പേരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. സംഭവത്തിൽ 15 പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി ലെബനൻ ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. ഹിസ്ബുള്ളയിലെ നേതാവിനെയാണ് ആക്രമണം ലക്ഷ്യമിട്ടതെന്നാണ് സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തത്.