ഡോക്ടറുടെ കൊലപാതകവും മറ്റ് സ്ത്രീ സുരക്ഷ സംബന്ധിച്ച വിഷയങ്ങളിലും ഉത്തരവാദിത്തങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ സർക്കാരിന് സാധിക്കില്ലെന്ന് ഗവർണർ വ്യക്തമാക്കിയിരുന്നു
പശ്ചിമ ബംഗാള്‍ സർക്കാരിനോട് അടിയന്തര മന്ത്രിസഭ യോഗം ചേരാന്‍ ഗവർണർ സി.വി. ആനന്ദബോസിന്‍റെ നിർദേശം. കൊല്‍ക്കത്തയിലെ വനിത ഡോക്ടറുടെ കൊലപാതകത്തില്‍ നീതി ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിലാണ് ഗവർണറുടെ ഇടപെടല്‍. കൊല്‍ക്കത്ത പൊലീസ് കമ്മീഷണർ വിനീത് ഗോയലിനെ മാറ്റണം എന്ന ജനങ്ങളുടെ ആവശ്യത്തില്‍ തീരുമാനം എടുക്കണമെന്നും സർക്കാരിനോട് ഗവർണർ നിർദേശിച്ചു.
ഡോക്ടറുടെ കൊലപാതകവും മറ്റ് സ്ത്രീ സുരക്ഷ സംബന്ധിച്ച വിഷയങ്ങളിലും ഉത്തരവാദിത്തങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ സർക്കാരിന് സാധിക്കില്ലെന്ന് ഗവർണർ വ്യക്തമാക്കിയിരുന്നു. ഗവർണർ പറയുന്നത് പ്രകാരം, സർക്കാർ ഭരണഘടനയ്ക്കും നിയമ വ്യവസ്ഥയ്ക്കും ഉള്ളില്‍ നിന്നാണ് പ്രവർത്തിക്കേണ്ടത്. ജന വികാരം കണക്കിലെടുത്ത് കൊല്‍ക്കത്ത പൊലീസ് കമ്മീഷണറെ പുറത്താക്കണം. ഒളിച്ചോടല്‍ നയം സർക്കാരിന് ഗുണം ചെയ്യില്ലായെന്നും ഗവർണർ അഭിപ്രായപ്പെട്ടതായി അടുത്ത വൃത്തങ്ങള്‍ പിടിഐയോട് പറഞ്ഞു.
ALSO READ: 'അപരാജിത' ബിൽ രാഷ്ട്രപതി ദ്രൗപതി മുർമുവിൻ്റെ പരിഗണനയ്ക്കയച്ച് പശ്ചിമ ബംഗാൾ ഗവർണർ
ആർജി കർ മെഡിക്കല്‍ കോളേജിലെ ട്രെയിനി ഡോക്ടർ ഓഗസ്റ്റ് 9നാണ് ബലാത്സംഗത്തിനിരയാക്കപ്പെട്ട് കൊല്ലപ്പെട്ടത്. കേസില്‍ സഞ്ജയ് റോയ് എന്ന സിവില്‍ വോളന്‍റിയറെ പൊലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍, ഡോക്ടറുടെ കൊലപാതകത്തിനു പിന്നില്‍ സെക്സ് റാക്കറ്റിന്‍റെ പങ്കുണ്ടെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം. പൊലീസിനെ ഉപയോഗിച്ച് മമത സർക്കാർ കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്നും ആരോപണം ഉയർന്നിരുന്നു. കൊല്ലപ്പെട്ട ഡോക്ടറുടെ കുടുംബത്തിൻ്റേയും പ്രതിഷേധിക്കുന്ന ഡോക്ടർമാരുടെയും ഹർജി പരിഗണിച്ച് ഹൈക്കോടതി കേസന്വേഷണം സിബിഐക്ക് കൈമാറി. പശ്ചിമ ബംഗാള്‍ ബിജെപി അധ്യക്ഷന്‍ സുവേന്ദു അധികാരിയുടെ നേതൃത്വത്തില്‍ വിഷയം രാഷ്ട്രീയമായും ചർച്ചയായി.
പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ സ്ത്രീ സുരക്ഷയില്‍ കേന്ദ്രസർക്കാർ കർശനമായ നിയമം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് മമത ബാനർജി രണ്ട് തവണ പ്രധാനമന്ത്രിക്ക് കത്തയച്ചു. എന്നാല്‍, നരേന്ദ്ര മോദിയുടെ ഭാഗത്തു നിന്നും മറുപടിയുണ്ടായില്ല. മറുപടി നല്‍കിയ വനിത ശിശു വികസന മന്ത്രാലയം മമതയുടെ കത്തിലെ വസ്തുതാപരമായ പിശകുകള്‍ ചൂണ്ടിക്കാട്ടാനാണ് ശ്രദ്ധിച്ചത്.
ALSO READ: കൊല്‍ക്കത്തയിലെ ഡോക്ടറുടെ കൊലപാതകം: 'പ്രശ്നപരിഹാരത്തിൽ പാർട്ടി പരാജയപ്പെട്ടു'; രാജിവെച്ച് തൃണമൂൽ എംപി
ഇപ്പോഴും, ബംഗാളിലെ വിവിധ പ്രദേശങ്ങളില്‍ ഡോക്ടർമാരുടെ പ്രതിഷേധം നടക്കുകയാണ്. സുരക്ഷിതമായ തൊഴിലിടവും ബലാത്സംഗ കൊലയില്‍ നീതിയും വേണമെന്നാണ് ഡോക്ടർമാരുടെ ആവശ്യം. ഇതിനൊപ്പം ബംഗാള്‍ സർക്കാർ വനിതകള്‍ക്ക് സുരക്ഷ ഒരുക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന് ആരോപിച്ച് ബിജെപിയും രംഗത്തുണ്ട്. ഇതിനെ തുടർന്നാണ്, ബലാത്സംഗക്കേസുകളില്‍ പരമാവധി ശിക്ഷ ശുപാർശ ചെയ്യുന്ന ബില്‍ മമത നിയമസഭയിൽ അവതരിപ്പിച്ചത്. അപരാജിത വനിതാ ശിശു ബിൽ 2024 ആണ് അവതരിപ്പിച്ചത്. ബിൽ പാസായിക്കഴിഞ്ഞാൽ, അന്വേഷണം സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് ഉറപ്പാക്കാൻ പൊലീസിൽ പ്രത്യേക അപരാജിത ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കുമെന്ന് മമത പറഞ്ഞു. എന്നാല്‍ ബില്‍ കേവലം കോപി പേസ്റ്റ് ആണെന്നായിരുന്നു ഗവർണറുടെ വിമർശനം. നിയമസഭ പാസാക്കിയ 'അപരാജിത ബിൽ' പ്രസിഡൻ്റ് ദ്രൗപതി മുർമുവിന് ഗവർണർ സി.വി ആനന്ദ ബോസ് അയച്ചിരിക്കുകയാണ്.