'അപകടകാരിയായ മനുഷ്യനെ ഞങ്ങള്‍ ഇന്ത്യക്ക് കൈമാറുകയാണ്' എന്ന് ട്രംപ്
മുംബൈ ഭീകരാക്രമണത്തിലെ സൂത്രധാരന്‍ തഹാവുര്‍ റാണയെ ഇന്ത്യക്ക് കൈമാറുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം നടന്ന സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് ട്രംപിന്റെ പ്രഖ്യാപനം. യുഎസിലെ അതീവ സുരക്ഷാ ജയിലില്‍ കഴിയുന്ന റാണയെ കൈമാറണമെന്ന് ഇന്ത്യ വര്‍ഷങ്ങളായി ആവശ്യപ്പെട്ടു കൊണ്ടിരിക്കുകയാണ്. ഇതിനിടയില്‍ റാണയെ ഇന്ത്യക്ക് കൈമാറാന്‍ അമേരിക്കയിലെ പരമോന്നത കോടതി അടുത്തിടെ ഉത്തരവിട്ടിരുന്നു.
ഇതിനു പിന്നാലെയാണ്, റാണയെ കൈമാറുമെന്ന് ട്രംപ് ഉറപ്പ് നല്‍കിയത്. നിലവില്‍ അമേരിക്കയിലെ അതീവ സുരക്ഷാ ജയിലിലാണ് തഹാവുര്‍ റാണ കഴിയുന്നത്. 'അപകടകാരിയായ മനുഷ്യനെ ഞങ്ങള്‍ ഇന്ത്യക്ക് കൈമാറുകയാണ്' എന്നായിരുന്നു മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കിയത്.
ജനുവരി 25 നായിരുന്നു തഹാവുര്‍ റാണയുടെ ആവശ്യം തള്ളിക്കൊണ്ട് യുഎസ് സുപ്രീംകോടതി കൈമാറ്റത്തിന് ഉത്തരവിട്ടത്. മുംബൈ ഭീകരാക്രമണ കേസിലെ സൂത്രധാരനെ ഇന്ത്യക്ക് കൈമാറണമെന്ന് അമേരിക്കന്‍ കീഴ്‌ക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെയാണ് കനേഡിയന്‍ പൗരനായ റാണ സുപ്രീംകോടതിയെ സമീപിച്ചത്. എന്നാല്‍ റാണയുടെ ആവശ്യം തള്ളിയ കോടതി കൈമാറ്റം നടത്തണമെന്ന് ഉത്തരവിട്ടു. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ യുഎസ് നിയമത്തിന് അനുസൃതമായി അടുത്ത ഘട്ടങ്ങള്‍ വിലയിരുത്തുകയാണെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റ് അറിയിച്ചു.
തഹാവുര്‍ റാണയെ കൈമാറാനുള്ള അമേരിക്കയുടെ തീരുമാനത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. പ്രക്രിയ വേഗത്തിലാക്കിയ ഡൊണാള്‍ഡ് ട്രംപിന് നന്ദി അറിയിച്ച മോദി, റാണ ഇന്ത്യയില്‍ ചോദ്യം ചെയ്യലിനും വിചാരണയ്ക്കും വിധേയനാകുമെന്നും വ്യക്തമാക്കി.
പാകിസ്ഥാന്‍ സൈന്യത്തില്‍ സേവനമനുഷ്ഠിച്ച മുന്‍ സൈനിക ഡോക്ടറായ തഹാവുര്‍ ഹുസൈന്‍ റാണ, കനേഡിയന്‍ പൗരത്വം നേടി താമസം മാറുകയായിരുന്നു. 164 പേരുടെ മരണത്തിന് ഇടയാക്കിയ മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനാണ്. ഈ കുറ്റത്തിന് ഇയാളെ പതിനാല് വര്‍ഷം ശിക്ഷയ്ക്ക് വിധിച്ചിരുന്നു. മുംബൈ ഭീകരാക്രമണത്തെ കുറിച്ച് അറിവുണ്ടായിരുന്നുവെന്നും പാകിസ്ഥാനിലെ തീവ്രവാദ ഗ്രൂപ്പുമായി ബന്ധമുണ്ടായിരുന്നുവെന്നുമാണ് റാണയ്‌ക്കെതിരായ ആരോപണം. ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനും പാകിസ്ഥാന്‍-അമേരിക്കന്‍ ഭീകരനുമായ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയുമായി ചേര്‍ന്ന് റാണ ഗൂഢാലോചന നടത്തിയിരുന്നുവെന്നാണ് കണ്ടെത്തല്‍. ലഷ്‌കര്‍ ഇ ത്വയ്ബയ്ക്ക് ധനസഹായം നല്‍കിയതിന് റാണയെ യുഎസ് ശിക്ഷിച്ചിരുന്നു. ഡെന്മാര്‍ക്കില്‍ ഭീകരാക്രമണം നടത്താനുള്ള ഗൂഢാലോചനയിലും ഇയാള്‍ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്.
2008 നവംബര്‍ 11 ന് ഇന്ത്യയില്‍ എത്തിയ റാണ നവംബര്‍ 21 വരെ ഇന്ത്യയിലുണ്ടായിരുന്നുവെന്നും ഇതില്‍ രണ്ട് ദിവസം മുംബൈ പവായിലെ റിനൈസന്‍സ് ഹോട്ടലില്‍ താമസിച്ചുവെന്നുമാണ് 400 പേജുള്ള കുറ്റപത്രത്തില്‍ മുംബൈ പൊലീസ് പറയുന്നത്. ഹെഡ്‌ലിയും റാണയും തമ്മില്‍ നടത്തിയ ഇ-മെയില്‍ സംഭാഷണങ്ങള്‍ മുംബൈ ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരുന്നു.
മുംബൈ ഭീകരാക്രമണത്തില്‍ 26 വിദേശികളും 20 സുരക്ഷാ ഉദ്യോഗസ്ഥരും അടക്കം 166 പേരാണ് കൊല്ലപ്പെട്ടത്. ഛത്രപതി ശിവാജി ടെര്‍മിനസ്, താജ്മഹല്‍ ഹോട്ടല്‍, നരിമാന്‍ ഹൗസ്, കാമ ആന്‍ഡ് ആല്‍ബെസ് ഹോസ്പിറ്റല്‍ തുടങ്ങി മുംബൈയിലെ പ്രധാന സ്ഥലങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു ലഷ്‌കര്‍ ഇ തൊയ്ബ ഭീകരരുടെ ആക്രമണം.