യുഎസിനെ ഒന്നാമതെതിക്കാനായുള്ള തൻ്റെ പദ്ധതികൾ അടിവരയിട്ട് പറഞ്ഞ ട്രംപ്, ബൈഡൻ ഭരണകൂടത്തിനെതിരെ വിമർശനമുന്നയിക്കാനും മറന്നില്ല
അമേരിക്കയുടെ സുവർണകാലഘട്ടം ആരംഭിക്കുകയാണെന്ന് പ്രഖ്യാപിച്ച് നിയുക്ത പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ ആദ്യ പ്രസംഗം. ക്യാപ്പിറ്റോൾ മന്ദിരത്തിനുള്ളിലെ പ്രശസ്തമായ താഴികക്കുടത്തിന് താഴെയുള്ള വേദിയിലായിരുന്നു ട്രംപിൻ്റെ രണ്ടാമൂഴത്തിലെ ആദ്യ പ്രസംഗം. യുഎസിനെ ഒന്നാമതെത്തിക്കാനായുള്ള തൻ്റെ പദ്ധതികൾ അടിവരയിട്ട് പറഞ്ഞ ട്രംപ്, ബൈഡൻ ഭരണകൂടത്തിനെതിരെ വിമർശനമുന്നയിക്കാനും മറന്നില്ല.
അമേരിക്കയെ ഒന്നാമതെത്തിക്കുമെന്ന് ഉറപ്പ് നൽകിക്കൊണ്ടായിരുന്നു ട്രംപിൻ്റെ പ്രസംഗം. ഇന്ന് മുതൽ യുഎസ് അഭിവൃദ്ധി പ്രാപിക്കുകയും ബഹുമാനിക്കപ്പെടുകയും ചെയ്യും. ലോകത്ത് യുഎസിനുണ്ടായിരുന്ന പരമാധികാരം വീണ്ടെടുക്കപ്പെടും. രാജ്യത്തിൻ്റെ സുരക്ഷ പുനഃസ്ഥാപിക്കപ്പെടും, നീതിയുടെ തുലാസുകൾ സന്തുലിതമാക്കപ്പെടും. അമേരിക്കയെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ നിരത്തി ട്രംപ് തൻ്റെ പ്രസംഗം തുടർന്നു.
ALSO READ: ജനകീയനായി രണ്ടാമൂഴം, അമേരിക്കയുടെ 47-ാമത് പ്രസിഡൻ്റായി ഡൊണാൾഡ് ട്രംപ് സ്ഥാനമേറ്റു
ബൈഡൻ ഭരണകൂടത്തിനെതിരായ വിമർശനങ്ങളും ട്രംപ് പ്രസംഗത്തിൽ ഉന്നയിച്ചു. യുഎസ് നീതിന്യായ വകുപ്പിൻ്റെ ക്രൂരവും അന്യായവുമായ ഭരണം അവസാനിക്കും. അഭിമാനമുള്ള സമൃദ്ധവും സ്വതന്ത്രവുമായ ഒരു രാഷ്ട്രം സൃഷ്ടിക്കുന്നതിനായിരിക്കും ഞങ്ങളുടെ മുൻഗണന. രാജ്യത്ത് അനധികൃതമായി പ്രവേശിച്ച അപകടകരമായ കുറ്റവാളികളെന്നാണ് കുടിയേറ്റക്കാരെ ട്രംപ് വിശേഷിപ്പിച്ചത്. മുൻ ഭരണകൂടം ഇവർക്ക് സങ്കേതവും സംരക്ഷണവും നൽകിയിട്ടുണ്ടെന്നും ട്രംപ് ആരോപിച്ചു.
വിശ്വാസവഞ്ചനയുടെ കാലം ഇവിടെ അവസാനിക്കുകയാണ്. കഴിഞ്ഞ എട്ട് വർഷം താൻ നേരിട്ട വെല്ലുവിളികൾ മറ്റൊരു പ്രസിഡൻ്റും നേരിട്ടിട്ടില്ല. ഇനി മുതൽ പുരോഗതി മാത്രമാണ് യുഎസിന് മുന്നിലുള്ളത്. 2025 ജനുവരി 20 ലിബറേഷൻ ദിനമായിരിക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചു. സ്വിങ് സ്റ്റേറ്റുകളിൽ അടക്കം ഭൂരിപക്ഷം ലഭിച്ചതിന് കറുത്ത വർഗക്കാർക്ക് നന്ദി പറയാനും പ്രസിഡൻ്റ് മറന്നില്ല.
വിദേശികൾക്ക് പൗരത്വം നൽകുന്ന എല്ലാ നടപടികളും നിർത്തിവെക്കാൻ ഉത്തരവിട്ട ട്രംപ്, ക്രിമിനലുകളായ എല്ലാ വിദേശികളെയും തിരിച്ചയക്കുമെന്നും പറഞ്ഞു. മെക്സിക്കൻ അതിർത്തിയിൽ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുമെന്നും, ഇവിടേക്ക് സൈന്യത്തെ അയക്കുമെന്നും ട്രംപ് വ്യക്തമാക്കി.
രാജ്യത്ത് വിലക്കയറ്റം തടയാൻ ശക്തമായ നടപടിയുണ്ടാകും. ഇതിനായി ഓയിൽ ആൻ്റ് ഗ്യാസ് ഉൽപ്പാദനം വർധിപ്പിക്കും. ഇത് ലോകത്താകമാനം കയറ്റുമതി ചെയ്ത് അമേരിക്കയുടെ സമ്പത്ത് വർധിപ്പിക്കും. അലാസ്കയിൽ ഓയിൽ ആൻ്റ് ഗ്യാസ് ഖനനം നിരോധിച്ച ബൈഡൻ്റെ ഉത്തരവ് റദ്ദാക്കുമെന്നും ഖനനം പുനരാരംഭിക്കുമെന്നും ട്രംപ് പറഞ്ഞു. പാനമ കനാൽ തിരിച്ചെടുക്കുമെന്ന് പ്രഖ്യാപിച്ച ശേഷം കനാൽ ചൈന നിയന്ത്രിക്കുന്നുവെന്ന വാദവും ട്രംപ് ഉയർത്തി.
നേരത്തെ പ്രഖ്യാപിച്ച നയങ്ങൾ ട്രംപ് തൻ്റെ പ്രസംഗത്തിൽ ആവർത്തിച്ചു. യുഎസിൽ ഇനി സ്ത്രീകളും പുരുഷന്മാരും എന്ന രണ്ട് ലിംഗവിഭാഗങ്ങളേ ഉണ്ടാകൂ. മറ്റ് ലിംഗങ്ങൾ നിയമപരമായി അനുവദിക്കില്ല. ലോകസമാധാനം ഉറപ്പാക്കും, ഇതിൻ്റെ ഭാഗമായാണ് അധികാരത്തിലേക്ക് തിരിച്ചെത്തുന്നതിൻ്റെ തലേദിവസം മധ്യേ ഏഷ്യയിൽ ബന്ദികൾ സ്വതന്ത്രരായത്. ഗൾഫ് ഓഫ് മെക്സിക്കോയുടെ പേര് ഗൾഫ് ഓഫ് അമേരിക്ക എന്ന് മാറ്റുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.