മാജിക് ഫ്രെയിംസ് നിര്‍മിക്കുന്ന അവറാച്ചന്റെ മക്കള്‍ എന്ന സിനിമയുടെ ചിത്രീകരണമാണ് ഹെല്‍ത്ത് സെന്ററില്‍ നടന്നത്.
ചെറൂപ്പ ഹെല്‍ത്ത് സെന്ററിലെ സിനിമാ ചിത്രീകരണത്തെ തുടര്‍ന്ന് ചികിത്സ വൈകിപ്പിച്ചെന്ന പരാതിയില്‍ ഇടപെട്ട് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. സംഭവത്തില്‍ കമ്മീഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടു. ന്യൂസ് മലയാളം വാര്‍ത്തയെ തുടര്‍ന്നാണ് നടപടി.
കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥാണ് നിര്‍ദ്ദേശം നല്‍കിയത്. 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ഫെബ്രുവരി 28 ന് കോഴിക്കോട് മെഡിക്കല്‍ ഗവ. ഗസ്റ്റ് ഹൗസില്‍ നടക്കുന്ന സിറ്റിങ്ങില്‍ കേസ് പരിഗണിക്കും.
ALSO READ: കോഴിക്കോട് മാവൂരിലെ ഹെൽത്ത് സെൻ്ററിൽ സിനിമാ ചിത്രീകരണം; ചികിത്സ വൈകിപ്പിച്ചതായി പരാതി
മാജിക് ഫ്രെയിംസ് നിര്‍മിക്കുന്ന അവറാച്ചന്റെ മക്കള്‍ എന്ന സിനിമയുടെ ചിത്രീകരണമാണ് ഹെല്‍ത്ത് സെന്ററില്‍ നടന്നത്. കോഴിക്കോട് പെരുവയല്‍ സ്വദേശി സുഗതന്റെ മകളുടെ ചികിത്സ വൈകിപ്പിച്ചതായാണ് പരാതി. കടുത്ത പനി അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കുട്ടിയെ കാറിലാണ് കൊണ്ടുന്നത്. എന്നാല്‍ ഒപിയുടെ ഭാഗത്തേക്ക് കാര്‍ കയറ്റിവിട്ടില്ലെന്നും സുഗതന്‍ പരാതിയില്‍ പറയുന്നു. പിന്നീട് കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു.
കാറ് കയറ്റി വിടാത്തതിനാല്‍ മകളെ എടുത്ത് സുഗതനും ഭാര്യയും ഡോക്ടറെ കാണിക്കാന്‍ വേണ്ടി എത്തി. അടിയന്തരമായി ബ്ലഡ് ടെസ്റ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടെങ്കിലും, ലാബില്‍ നിന്നും ടെസ്റ്റ് ചെയ്യുമ്പോള്‍ കൂടുതല്‍ തുക വേണ്ടി വരുമെന്നും, പുറത്ത് എവിടെ വച്ചെങ്കിലും ചെയ്യാനും ആവശ്യപ്പെട്ടതായി പരാതിക്കാരന്‍ വെളിപ്പെടുത്തി. ലാബില്‍ വച്ച് തന്നെ ബ്ലഡ് ടെസ്റ്റ് ചെയ്‌തെങ്കിലും റിസള്‍ട്ട് വാങ്ങാന്‍ പോയപ്പോള്‍, റൂമിലുണ്ടായവര്‍ പറഞ്ഞത് ഞങ്ങള്‍ സിനിമയില്‍ അഭിനയിക്കുന്നവരാണ് എന്നായിരുന്നുവെന്നും, സുഗതന്‍ പറഞ്ഞു. കാര്യം എന്താണ് എന്ന് അന്വേഷിച്ചപ്പോള്‍, പൊലീസിനെ വിളിക്കും,അറസ്റ്റ് ചെയ്യിക്കുമെന്നും പറഞ്ഞതായും സുഗതന്‍ വ്യക്തമാക്കി. പിന്നീടാണ് ഇവിടെ സിനിമാ ഷൂട്ടിങ് നടക്കുന്ന കാര്യം അറിഞ്ഞതെന്നും സുഗതന്‍ പറഞ്ഞു. കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് റെഫര്‍ ചെയ്തതായും പരാതിക്കാരന്‍ വ്യക്തമാക്കി.