അന്താരാഷ്ട്ര വ്യാപാര നിയമങ്ങള്‍ ലംഘിച്ചുകൊണ്ടുള്ള യുഎസ് നീക്കത്തെ നിയമപരമായി നേരിടുമെന്നായിരുന്നു ചൈനയുടെ പ്രഖ്യാപനം
കുടിയേറ്റവും, ലഹരി കടത്തും നിയന്ത്രിക്കാനെന്ന പേരില്‍ യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് തുടങ്ങിവെച്ച വ്യാപാരയുദ്ധം ഏറ്റെടുക്കുകയാണ് ചൈനയും കാനഡയും മെക്സിക്കോയും. യുഎസിന്‍റെ മുന്‍നിര വ്യാപാര പങ്കാളികളായ മെക്സിക്കോയ്ക്കും കാനഡയ്ക്കും മേല്‍ 25 ശതമാനം ഇറക്കുമതി തീരുവ പ്രഖ്യാപിച്ച ട്രംപ്, ചൈനയ്ക്കെതിരെ 10 ശതമാനം അധികനികുതിയും ചുമത്താനുള്ള നീക്കത്തിലാണ്. ഇതിനെതിരെ തിരിച്ചടിക്കുമെന്ന് മെക്സിക്കോയും ചൈനയും പ്രഖ്യാപിച്ചപ്പോള്‍ യുഎസ് ഉത്പന്നങ്ങള്‍ക്കെതിരെ കാനഡ പ്രതികാര നികുതി ചുമത്തികഴിഞ്ഞു. എന്നാല്‍ സമ്മർദ്ദങ്ങള്‍ക്ക് വഴങ്ങില്ലെന്ന നിലപാടിൽ തുടരുകയാണ് ട്രംപ്.
അനധികൃത കുടിയേറ്റവും ലഹരിമരുന്ന് കടത്തും നിയന്ത്രിക്കാനാണ് ഈ നീക്കമെന്നാണ് ട്രംപിൻ്റെ പക്ഷം. ഒപ്പം ഇറക്കുമതി തീരുവ വർധിപ്പിക്കുന്നത് ആഭ്യന്തര വ്യവസായത്തെ പ്രോത്സാഹിപ്പിക്കുമെന്നും ട്രംപ് വാദിക്കുന്നു. എണ്ണ, വാതകം, വൈദ്യുതി തുടങ്ങിയ ഊർജ ഉൽപന്നങ്ങൾ ഒഴികെയുള്ള കനേഡിയന്‍ ഉത്പന്നങ്ങളിലെ നികുതിവർധനവ് ചൊവ്വാഴ്ചയോടെ നിലവില്‍ വരും.
പ്രതികാര നടപടി എന്ന നിലയില്‍ യുഎസ് ഉത്പന്നങ്ങള്‍ക്ക് നികുതി വർധിപ്പിക്കുമെന്ന് കാനഡയും മെക്സിക്കോയും പ്രഖ്യാപിച്ചെങ്കിലും, സമ്മർദത്തിന്‍റെ പുറത്ത് പിന്നോട്ടില്ലെന്ന വാശിയിലാണ് ട്രംപ്. കുറഞ്ഞകാലത്തേക്കെങ്കിലും അമേരിക്കന്‍ ഉപഭോക്താക്കള്‍ തിരിച്ചടി സഹിക്കേണ്ടിവരുമെന്ന് ട്രംപ് പറയുന്നു. അടുത്ത വ്യാപാരയുദ്ധം യൂറോപുമായിട്ടാണെന്ന മുന്നറിയിപ്പും യുഎസ് പ്രസിഡൻ്റ് ഉയർത്തുന്നുണ്ട്.
ALSO READ: റഷ്യന്‍ ഊർജ സംവിധാനങ്ങൾ ലക്ഷ്യമിട്ട് യുക്രെയ്ന്‍ ഡ്രോണാക്രമണം
1,256 അമേരിക്കന്‍ ഉത്പന്നങ്ങളുടെ ഇറക്കുമതി നികുതി വർധിപ്പിച്ചുകൊണ്ടാണ് കാനഡയുടെ പ്രതികരണം. ബിയർ, വൈൻ എന്നിവയുള്‍പ്പടെ ആകെ ഇറക്കുമതിയുടെ 17% വരുന്ന 115 ബില്യന്‍ ഡോളറിന്‍റെ ഉത്പന്നങ്ങളിലാണ് കാനഡ പ്രതികാര നികുതി പ്രഖ്യാപിച്ചിരിക്കുന്നത്. ഒപ്പം അമേരിക്കന്‍ ഉത്പന്നങ്ങള്‍ ബഹിഷ്കരിക്കണമെന്നും പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ജനങ്ങളോട് ആവശ്യപ്പെട്ടു. 51-ാമത്തെ സ്റ്റേറ്റായി യുഎസിനൊപ്പം ചേർന്നാല്‍ നികുതി ഒഴിവാക്കാമെന്ന ട്രംപിന്‍റെ നിർദേശത്തെ പരിഹസിച്ച ട്രൂഡോ, ഒരു രാജ്യമായി തുടരാനാണ് ക്യാനഡയുടെ തീരുമാനമെന്നും പ്രതികരിച്ചു.
അന്താരാഷ്ട്ര വ്യാപാര നിയമങ്ങള്‍ ലംഘിച്ചുകൊണ്ടുള്ള യുഎസ് നീക്കത്തെ നിയമപരമായി നേരിടുമെന്നായിരുന്നു ചൈനയുടെ പ്രഖ്യാപനം. എന്നാൽ ചർച്ചകള്‍ക്ക് സാധ്യത തുറന്നിട്ടുകൊണ്ടാണ് ചൈനയുടെ പ്രതികരണം. യുഎസ് ഉത്പന്നങ്ങള്‍ക്ക് അധിക നികുതി ചുമത്തുമെന്ന് മെക്സിക്കൻ പ്രസിഡൻ്റ് ക്ലോഡിയ ഷെയ്ൻബോമും അറിയിച്ചു. ഇതുസംബന്ധിച്ച വിശദമായ പ്രഖ്യാപനം തിങ്കളാഴ്ചയുണ്ടാകുമെന്നാണ് റിപ്പോർട്ട്.
നികുതി വർധനവില്‍ കാനഡയും ചൈനയുമായും ചർച്ചകള്‍ക്ക് സാധ്യതയുണ്ടെന്ന് കണക്കാക്കുമ്പോഴും, ഇളവിന് വേണ്ട മാനദണ്ഡങ്ങള്‍ ഉത്തരവില്‍ നിർദേശിക്കാത്തത് തിരിച്ചടിയാകുമെന്നാണ് സാമ്പത്തിക വിദഗ്ദർ കണക്കാക്കുന്നത്. വ്യാപാര ഉടമ്പടികളും ലോക വ്യാപാര ധാരണകളും ലംഘിച്ചുകൊണ്ടുള്ള നികുതി യുദ്ധത്തിന്‍റെ നിയമസാധുതയിലും തർക്കമുണ്ട്. അതേസമയം, 1977 ലെ അന്താരാഷ്ട്ര എമർജൻസി എക്കണോമിക്സ് പവർസ് ആക്ട് ഉപയോഗിച്ചാണ് ട്രംപിന്‍റെ നടപടി. പ്രതിസന്ധി ഘട്ടങ്ങളിൽ രാജ്യങ്ങൾക്കുമേൽ സാമ്പത്തിക ഉപരോധം ഏർപ്പെടുത്താൻ പ്രസിഡൻ്റിന് സവിശേഷ അധികാരം നൽകുന്ന നിയമമാണിത്.