സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി ട്രംപും ഭാര്യ മെലാനിയയും നിയുക്ത വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും ഭാര്യ ഉഷ വാൻസും ഉൾപ്പെടെയുള്ള പ്രമുഖർ വൈറ്റ് ഹൗസിലെത്തി
അമേരിക്കയുടെ 47-ാമത് പ്രസിഡൻ്റായി റിപ്പബ്ലിക്കൻ പാർട്ടി നേതാവ് ഡൊണാൾഡ് ട്രംപ് സ്ഥാനമേറ്റു. ക്യാപ്പിറ്റോൾ മന്ദിരത്തിനുള്ളിലെ പ്രശസ്തമായ താഴികക്കുടത്തിന് താഴെയുള്ള വേദിയിൽ തിങ്ങിനിറഞ്ഞ വിശിഷ്ട വ്യക്തികൾ നീണ്ട കരഘോഷത്തോടെയാണ് പുതിയ അമേരിക്കൻ പ്രസിഡൻ്റിനെ വരവേറ്റത്.
ആദ്യം വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസാണ് സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റത്. പിന്നാലെ വലതു കൈ മുകളിലേക്കുയർത്തി പതിവ് ശൈലിയിൽ തന്നെ ട്രംപും സത്യവാചകങ്ങൾ ചൊല്ലി മുഴുമിപ്പിച്ചു. അമേരിക്കയെ കൂടുതൽ ശക്തവും മെച്ചപ്പെട്ടതുമായ രാജ്യമാക്കി മാറ്റുമെന്നും അമേരിക്കയുടെ സുവർണ യുഗം തുടങ്ങിയെന്നും ഡൊണാൾഡ് ട്രംപ് വേദിയിൽ പറഞ്ഞു.
നേരത്തെ സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി വൈറ്റ് ഹൗസിലെത്തിയ ട്രംപ്, ഭാര്യ മെലാനിയ, നിയുക്ത വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്, ഭാര്യ ഉഷ വാൻസ് എന്നിവർ ഉൾപ്പെടെയുള്ള പുതിയ നേതൃത്വത്തെ, അധികാരമൊഴിയുന്ന പ്രസിഡന്റ് ജോ ബൈഡനും ഭാര്യ ജിൽ ബൈഡനും ചേർന്ന് സ്വീകരിച്ചു. വൈസ് പ്രസിഡൻ്റ് കമല ഹാരിസും വൈറ്റ് ഹൗസിലെത്തി.
ഇന്ത്യൻ സമയം രാത്രി 10.30നാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ ആരംഭിച്ചത്. വാഷിങ്ടൺ ഡിസിയിലെ സെന്റ് ജോൺസ് എപ്പിസ്കോപ്പൽ പള്ളിയിലെ കുർബാനയിൽ പങ്കെടുത്ത ശേഷമാണ് ട്രംപും വാൻസും കുടുംബങ്ങളും ചടങ്ങിനെത്തിയത്.
വൈറ്റ് ഹൗസിലെ ചായ സൽക്കാരത്തിന് ശേഷം സത്യപ്രതിജ്ഞാ വേദിയിലേക്ക് പോകും. അതിശൈത്യം മൂലം തുറന്ന വേദി ഒഴിവാക്കി ക്യാപ്പിറ്റോൾ മന്ദിരത്തിനുള്ളിലെ പ്രശസ്തമായ താഴികക്കുടത്തിന് താഴെയുള്ള വേദിയിലാണ് ചടങ്ങുകൾ നടക്കുന്നത്.
ALSO READ: പദവിയൊഴിയുന്ന പ്രസിഡന്‍റ് പിന്‍ഗാമിക്കെഴുതുന്ന കത്ത്; മഹത്തായ പാരമ്പര്യം തുടരാന്‍ ബൈഡനും