നേരത്തേ മുതൽ ട്രംപ് ഉന്നയിക്കുന്ന ആശയമാണ് കാനഡയെ യുഎസ് സംസ്ഥാനമാക്കുക എന്നത്
കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ രാജിക്കു പിന്നാലെ കാനഡയെ യുഎസ്സില്‍ ലയിപ്പിക്കണമെന്ന ആശയം ആവര്‍ത്തിച്ച് നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യുഎസ്സിന്റെ 51-ാം സ്‌റ്റേറ്റ് ആക്കണമെന്നാണ് ട്രംപിന്റെ ആവശ്യം.
നവംബര്‍ 5 ന് മാര്‍ എ ലാഗോയിലെ തെരഞ്ഞെടുപ്പ് വിജയത്തിനു ശേഷം ട്രൂഡോയുമായുള്ള കൂടിക്കാഴ്ച മുതല്‍ ട്രംപ് ഉന്നയിക്കുന്ന ആശയമാണ് കാനഡയെ യുഎസ് സംസ്ഥാനമാക്കുക എന്നത്. പിന്നീട് നിരവധി തവണ സോഷ്യല്‍മീഡിയ പോസ്റ്റുകളിലും ട്രംപ് ഇതേ ആശയം മുന്നോട്ടുവെച്ചിരുന്നു.
കാനഡയെ നിലനിര്‍ത്തുന്നതിനായി നല്‍കുന്ന സബ്സിഡിയും ഇടപാടുകളിലെ വ്യാപാരക്കമ്മിയും അമേരിക്കയ്ക്ക് താങ്ങാനാകുന്നതല്ലെന്നും കാനഡയിലെ നിരവധിയാളുകള്‍ യുഎസ് സംസ്ഥാനമാകുന്നതിനായി ആഗ്രഹിക്കുന്നവരാണെന്നുമാണ് ട്രംപിന്റെ വാദം. ഇത് മനസ്സിലാക്കിയാണ് ജസ്റ്റിന്‍ ട്രൂഡോ രാജിവെച്ചതെന്നും ട്രംപ് തന്റെ സോഷ്യല്‍മീഡിയയിലൂടെ പറഞ്ഞു.
Also Read: കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ലിബറൽ പാർട്ടി നേതൃസ്ഥാനം രാജിവെച്ചു
യുഎസ്സുമായി ലയിച്ചാല്‍, താരിഫ് ഉണ്ടാകില്ല, നികുതികള്‍ കുറയും, റഷ്യയുടേയും ചൈനയുടേയും ഭീഷണിയില്‍ നിന്നും പൂര്‍ണമായും സുരക്ഷിതമാകും. ഒന്നിച്ച് ഒരു മികച്ച രാജ്യമായി മാറാം തുടങ്ങിയതൊക്കെയാണ് ട്രംപിന്റെ വാദങ്ങള്‍.
അതേസമയം, ട്രംപിന്റെ ആശയത്തോട് കാനഡയുടെ ഭാഗത്തു നിന്നും യാതൊരു പ്രതികരണവും വന്നിട്ടില്ല. യുഎസുമായുള്ള തെക്കന്‍ അതിര്‍ത്തിയില്‍ നിന്നുള്ള മയക്കുമരുന്നുകളുടെയും അനധികൃത കുടിയേറ്റക്കാരുടെയും ഒഴുക്ക് തടയാന്‍ കഴിഞ്ഞില്ലെങ്കില്‍ കനേഡിയന്‍ ഇറക്കുമതിക്ക് 25 ശതമാനം തീരുവ ചുമത്തുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു.
പാര്‍ട്ടിക്കുള്ളില്‍ പിന്തുണ നഷ്ടപ്പെടുന്നതും വോട്ടെടുപ്പുകളിലെ കുറഞ്ഞ ജനപ്രീതിയെ തുടര്‍ന്നുമായിരുന്നു ജസ്റ്റിന്‍ ട്രൂഡോയുടെ രാജി. പാര്‍ട്ടി പുതിയ നേതാവിനെ തെരഞ്ഞെടുക്കുന്നതുവരെ പ്രധാനമന്ത്രി സ്ഥാനത്ത് തുടരുമെന്നും ട്രൂഡോ അറിയിച്ചിരുന്നു.