fbwpx
കലാ രാജുവിൻ്റെ തട്ടിക്കൊണ്ടുപോകലിനെ ചൊല്ലി പ്രക്ഷുബ്ധമായി സഭ; മുഖ്യമന്ത്രിയുടെ മറുപടിയിൽ പ്രതിഷേധിച്ച് വാക്കൗട്ട് നടത്തി പ്രതിപക്ഷം
logo

ന്യൂസ് ഡെസ്ക്

Last Updated : 21 Jan, 2025 03:27 PM

സംഭവത്തിൽ നാലു പേരെ അറസ്റ്റ് ചെയ്തുവെന്നും കൗൺസിലറുടെ മകൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്തുവെന്നും മുഖ്യമന്ത്രി മറുപടി നൽകി.

KERALA


കൂത്താട്ടുകുളം നഗരസഭയില്‍ വനിതാ കൗണ്‍സില‍ർ കലാ രാജുവിനെ തട്ടിക്കൊണ്ടുപോയ സംഭവം അവതരിപ്പിച്ചതിനെ തുടർന്ന് നിയമസഭയിൽ നാടകീയരംഗങ്ങൾ. പ്രതിപക്ഷ നേതാവിന്റെ പ്രസംഗം തടസപ്പെടുത്തിയതിലും മൈക്ക് മ്യൂട്ട് ചെയ്തതിലും പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി. സഭ നിർത്തിവെച്ച് വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് അനൂപ് ജേക്കബ് എംഎൽഎയാണ് അടിയന്തര പ്രമേയ നോട്ടീസ് നൽകിയത്. തുടർന്ന് മുഖ്യമന്ത്രി അടിയന്തര പ്രമേയ ചർച്ചയ്ക്ക് അനുമതി നിഷേധിച്ചു.

സംഭവത്തിൽ നാലു പേരെ അറസ്റ്റ് ചെയ്തുവെന്നും കൗൺസിലറുടെ മകൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്തുവെന്നും മുഖ്യമന്ത്രി സഭയിൽ മറുപടി നൽകി. അടിയന്തര പ്രമേയ ചർച്ച ചെയ്യേണ്ടതില്ലെന്നും മുഖ്യമന്ത്രി സഭയിൽ പറഞ്ഞു. ക്രമസമാധാനം ഉറപ്പുവരുത്താനുള്ള എല്ലാ നടപടിയും സ്വീകരിച്ചു. നിലവിൽ സംഘർഷ സാധ്യതയില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

സ്ത്രീ സുരക്ഷയെ കുറിച്ച് മുഖ്യമന്ത്രിയുടെ പ്രസംഗം കഴിഞ്ഞ് മൂന്ന് ദിവസത്തിനുള്ളിലാണ് ഒരു സിപിഎം കൗൺസിലറെ സിപിഎം നേതാക്കൾ തന്നെ ആക്രമിച്ചതെന്ന് അനൂപ് ജേക്കബ് എംഎൽഎ സഭയിൽ വിമർശിച്ചു. "കൗൺസിലറുടെ കാല് വെട്ടിയെടുക്കുമെന്ന് പറയുന്നതോ, സ്ത്രീകളെ തട്ടിക്കൊണ്ടു പോകലോ ആണോ സ്ത്രീ സുരക്ഷ. ഉത്തരേന്ത്യയിൽ കാണുന്നതു പോലുള്ള സംഭവമാണിത്. കൗൺസിലറെ തടഞ്ഞത് സിപിഎം ഏരിയാ സെക്രട്ടറിയുടെ നേതൃത്വത്തിലാണ്. കൗൺസിലറെ തട്ടിക്കൊണ്ടുപോകാൻ വന്ന വാഹനത്തിൽ കയറ്റിവിട്ടത് പൊലീസുകാരനാണ്. ഒരു കൗൺസിലറെ പട്ടാപ്പകൽ തട്ടിക്കൊണ്ടുപോയാൽ പ്രതിഷേധിക്കുകയല്ലാതെ എന്താണ് ചെയ്യേണ്ടത്. തന്റെ കൺമുമ്പിൽ നടന്ന സംഭവത്തിൽ കേസെടുക്കണമെങ്കിൽ പരാതി വേണമെന്നാണ് മൂവാറ്റുപുഴ ഡിവൈഎസ്പി പറഞ്ഞത്. ഒരു വിധവയ്ക്ക് നഗരമധ്യത്തിൽ വസ്ത്രാക്ഷേപത്തിന് വിധേയയാകേണ്ടി വന്നു. 25 വർഷം പാർട്ടിക്കുവേണ്ടി ജീവിച്ച വനിതയ്ക്ക് ഊരുവിലക്ക് ഏർപ്പെടുത്തി. ഒരു സെലിബ്രിറ്റിക്ക് നേരെ ആക്ഷേപം ഉണ്ടായപ്പോൾ വളരെ വേഗത്തിൽ പൊലീസ് നടപടിയെടുത്തില്ലേ," അനൂപ് ജേക്കബ് വിമർശിച്ചു. കൂത്താട്ടുകുളം പോലീസ് സ്റ്റേഷന് എതിരെ ഗുരുതര ആരോപണങ്ങളും അനൂപ് ജേക്കബ് ഉന്നയിച്ചു.


ALSO READ: കൂത്താട്ടുകുളം നഗരസഭയിലെ തട്ടിക്കൊണ്ടുപോകൽ; അറസ്റ്റിൽ തൃപ്തയല്ലെന്ന് കല രാജു, സിപിഎം വിശദീകരണ യോഗം ഇന്ന്


കലാ രാജുവിനെ കുറുമാറ്റാൻ നീക്കമുണ്ടായെന്നും സ്വാധീനിക്കപ്പെട്ട വ്യക്തി അപ്പുറത്തേക്ക് പോയെങ്കിൽ ആ സ്ഥാനം രാജി വയ്ക്കണ്ടേയെന്നും മുഖ്യമന്ത്രി മറുപടി നൽകി. കലാ രാജുവിനെതിരെ സഭയിൽ ആഞ്ഞടിച്ച മുഖ്യമന്ത്രി കാലുമാറ്റത്തെ അതേ രീതിയിൽ അംഗീകരിച്ചു കൊടുക്കാൻ പറ്റുമോയെന്നും ചോദിച്ചു. തെറ്റ് ചെയ്തവർക്കെതിരെ കർക്കശമായ നടപടി ഉണ്ടാകും.  കലാ രാജുവിന്റെ പരാതി ഗൗരവമായി കണ്ട് നിയമനടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.

മുഖ്യമന്ത്രിയുടെ വാക്കും പഴയ ചാക്കും ഒരു പോലെയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും സഭയിൽ പറഞ്ഞു. മുഖ്യമന്ത്രിയുടെ കീഴിലുള്ള പൊലീസ് പ്രതികളെ ന്യായീകരിക്കുകയാണ് ചെയ്തത്. പി. രാജീവിന്റെ മണ്ഡലത്തിൽ രാവിലെ കാലുമാറിയ ആളെ, വൈകിട്ട് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ആക്കിയ പാർട്ടിയാണ് സിപിഎം. ഒരു സ്ത്രീയെ തട്ടിക്കൊണ്ടുപോയത് ന്യായീകരിക്കുകയാണോ? അമ്മമാരോടും പെങ്ങന്മാരോടും ഉള്ള നിങ്ങളുടെ നീതിബോധം ഇതാണെന്നും പ്രതിപക്ഷ നേതാവ് വിമർശിച്ചു. സ്ത്രീ സുരക്ഷ ചർച്ച ചെയ്യുമ്പോൾ ബഹളം വെച്ചാൽ നിങ്ങൾ അഭിനവ ദുശ്ശാസനന്മാരായി മാറുമെന്നും വി.ഡി. സതീശൻ വിമർശിച്ചു.


ALSO READ: ജീവനക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നില്ല, പങ്കാളിത്ത പെൻഷൻ പിൻവലിക്കുന്നതിൽ പരാജയം; സംസ്ഥാന സർക്കാരിനെതിരെ CPI മുഖപത്രം


പ്രതിപക്ഷ നേതാവ് സംസാരിക്കാൻ തുടങ്ങുന്ന സമയത്തൊക്കെ ഭരണപക്ഷം ബഹളം വെച്ചത് പ്രതിപക്ഷ നേതാവിനെ പ്രകോപിച്ചു. തുടർന്ന് അദ്ദേഹം സംസാരിച്ചു കൊണ്ടിരിക്കെ സഭയിൽ പേപ്പർ വലിച്ചെറിയുകയും ചെയ്തു. തുടർന്ന് പ്രതിപക്ഷ നേതാവിനോട്, താങ്കൾ മുതിർന്ന നേതാവല്ലേ, പക്വത കാണിക്കണമെന്ന് പറഞ്ഞു. തുടർന്ന് തന്നെ പക്വത പഠിപ്പിക്കേണ്ട എന്ന് വി.ഡി സതീശൻ പറഞ്ഞു. തുടർന്ന് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു.


Also Read
user
Share This

Popular

WORLD
KERALA
WORLD
വീണ്ടും കാട്ടുതീ; ലോസ് ആഞ്ചലസ് കത്തിയമരുന്നു, 2 മണിക്കൂറിൽ 5,054 ഏക്കറിലേറെ പ്രദേശത്ത് തീ പടർന്നു