fbwpx
അയോധ്യ കേസ്, സ്വവർഗ വിവാഹം, ആർട്ടിക്കിൾ 370... സ്ഥാനമൊഴിഞ്ഞ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്‍റെ സുപ്രധാന വിധികൾ
logo

നന്ദന രാജ് സുഭഗന്‍

Last Updated : 11 Nov, 2024 04:55 PM

ചീഫ് ജസ്റ്റിസ് ഉദയ് ഉമേഷ് ലളിത് വിരമിച്ചതിന് ശേഷം ഇന്ത്യയുടെ 50-ാമത് ചീഫ് ജസ്റ്റിസ് ആയാണ് ഡി.വൈ. ചന്ദ്രചൂഡ് നിയമിതനാവുന്നത്.

NATIONAL


സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പദവിയിൽ നിന്നും നവംബര്‍ 10ന് ഔദ്യോഗികമായി സ്ഥാനമൊഴിഞ്ഞിരിക്കുകയാണ്  ഡി.വൈ. ചന്ദ്രചൂഡ്.  ചീഫ് ജസ്റ്റിസ് ആയിരിക്കെ ഈ രണ്ടു വര്‍ഷകാലയളവില്‍ നിര്‍ണായകമായ വിധിപ്രസ്താവനകള്‍ കൊണ്ട് ജനങ്ങളുടെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു ചന്ദ്രചൂഡ്. ഭരണഘടനയുടെ മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കുക എന്നത് സുപ്രീം കോടതിയുടെ ഉത്തരവാദിത്തമാണ്. രാജ്യത്തിലെ ജനങ്ങള്‍ക്ക് നീതി ലഭിക്കുവാന്‍ വേണ്ടി ആശ്രയിക്കാന്‍ സാധിക്കുന്ന അവസാന തുരുത്തെന്ന് സുപ്രീം കോടതിയെ വിശേഷിപ്പിക്കാം. അതുകൊണ്ട് തന്നെ പക്ഷപാതമനോഭാവം കൂടാതെ നീതിയുക്തമായ വിധി പ്രസ്താവിക്കുക എന്നത് സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ സംബന്ധിച്ചിടത്തോളം വലിയൊരു വെല്ലുവിളിയാണ്. 

ഇന്ത്യയില്‍ കോളിളക്കം സൃഷ്ടിച്ച ഷാ ബാനോ കേസിന് അന്തിമ വിധി പ്രഖ്യാപിച്ച, ഇന്ത്യന്‍ ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ കാലം ചീഫ് ജസ്റ്റിസ് ആയി സേവനമനുഷ്ഠിച്ച യശ്വന്ത് വിഷ്ണു ചന്ദ്രചൂഡിന്റെ മകനായി ബോംബെയിലായിരുന്നു ധനഞ്ജയ് വൈ. ചന്ദ്രചൂഡിന്റെ ജനനം. 2000-2003 കാലഘട്ടത്തില്‍ ബോംബെ ഹൈക്കോടതിയിലും 2013-2016 വര്‍ഷങ്ങളില്‍ അലഹബാദ് ഹൈക്കോടതിയിലും ജഡ്ജിയായി നിയമ ജീവിതത്തിന് തുടക്കം കുറിച്ചു. ചീഫ് ജസ്റ്റിസ് ഉദയ് ഉമേഷ് ലളിത് വിരമിച്ചതിന് ശേഷം ഇന്ത്യയുടെ 50-ാമത് ചീഫ് ജസ്റ്റിസ് ആയാണ് അദ്ദേഹം നിയമിതനാവുന്നത്. പിതാവിന്റെ പാരമ്പര്യം തുടര്‍ന്ന് കൊണ്ടുപോവുക അദ്ദേഹത്തിന്റെ പ്രവര്‍ത്തനമണ്ഡലത്തിനൊപ്പം ഉയരുക എന്ന വെല്ലുവിളി ഡി.വൈ. ചന്ദ്രചൂഡിന്റെ മുന്‍പില്‍ ഉണ്ടായിരുന്നു. പരമോന്നത നീതിന്യായ പീഠമായ സുപ്രീംകോടതിയുടെ തലവനായി അവരോധിക്കപ്പെട്ടശേഷം ആ സ്ഥാനത്തോട് എത്രത്തോളം നീതി പുലര്‍ത്തുവാന്‍ അദ്ദേത്തിന് കഴിഞ്ഞുവെന്ന് രാഷ്ട്രീയ നയതന്ത്രജ്ഞരും ജനങ്ങളും അവലോകനം ചെയ്യേണ്ടതുണ്ട്.

ഡി.വൈ. ചന്ദ്രചൂഡിന്‍റെ ശ്രദ്ധേയമായ വിധികൾ


സ്വകാര്യ സ്വത്ത്


ആര്‍ട്ടിക്കിള്‍ 39 [ബി] പ്രകാരം എല്ലാ സ്വകാര്യ സ്വത്തും സമൂഹത്തിന്റെ പുനര്‍വിതരണത്തിനുള്ള ഭൗതിക വിഭവമായി കണക്കാക്കാനാവില്ലെന്ന് ഭരണഘടന ബെഞ്ച് വിധിച്ചത് 2024 നവംബര്‍ അഞ്ചിനാണ്. ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ഒന്‍പതംഗ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.

സ്വകാര്യ ഭൂമി പൊതുനന്മക്കായി ഏറ്റെടുത്ത് പുനര്‍വിതരണം ചെയ്യാമെന്ന ഉത്തരവ് സുപ്രിം കോടതി റദ്ദാക്കി. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 39 (ബി) പ്രകാരം എല്ലാ സ്വകാര്യ സ്വത്തുക്കളും പൊതു ഭൗതിക വിഭവങ്ങള്‍' ആയി കണക്കാക്കാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ബഞ്ച് ഒന്‍പത് അംഗ ബെഞ്ച് ഉത്തരവിട്ടു. സ്വകാര്യ വ്യക്തികളുടെ ഭൂമി പൊതുസ്വത്താണെന്ന ഉത്തരവും കോടതി തിരുത്തി. എന്നാല്‍ സ്വകാര്യ ഭൂമികളില്‍ ചിലത് പൊതുസ്വത്താണെന്ന് വിലയിരുത്താമെന്നും കോടതി നിരീക്ഷിച്ചു. 1978ല്‍ അന്നത്തെ ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യരാണ് സ്വകാര്യ സ്വത്തുക്കള്‍ ജനനന്മക്കായി ഏറ്റെടുക്കാമെന്ന് വിധിച്ചത്. 


നീറ്റ് ചോദ്യപേപ്പർ ചോർച്ച

നീറ്റ് ചോദ്യപേപ്പറിന്റെ ചോര്‍ച്ച കേസില്‍ ഗൗരവമായ വിധിയുണ്ടാവുന്നതും ചന്ദ്രചൂഡ് അധ്യക്ഷത വഹിച്ച ബെഞ്ചില്‍ നിന്നുമാണ്. നീറ്റ് പുനഃപരീക്ഷ നടത്തേണ്ട ആവശ്യമില്ലെന്നും ചോദ്യ പേപ്പര്‍ ചോര്‍ച്ച വ്യാപകമായിരുന്നുവെന്നു കാണിച്ചുകൊണ്ടുള്ള തെളിവുകള്‍ ലഭിക്കാത്തതു കൊണ്ടും പുനഃപരീക്ഷ നടത്തേണ്ട ആവശ്യമില്ലെന്നു ബെഞ്ച് ചൂണ്ടിക്കാട്ടി. 20 ലക്ഷത്തോളം കുട്ടികള്‍ യോഗ്യത നേടിയ നീറ്റ് പരീക്ഷ റദ്ദാക്കുന്നത് അവരില്‍ പ്രതികൂലരീതിയിലുള്ള പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് കോടതി നിരീക്ഷിച്ചു. ഇത്തരത്തിലുള്ള വിധി വിദ്യാര്‍ഥികൾക്കും പരീക്ഷ സംഘാടകർക്കും ആശ്വാസം നല്‍കുന്നതാണ്.


സ്വവർഗ വിവാഹം നിയമപരമല്ല



2018-ല്‍ ഇന്ത്യയില്‍ സ്വവര്‍ഗാനുരാഗം പ്രകൃതി വിരുദ്ധ കുറ്റമല്ല എന്നുള്ള നിര്‍ണായകമായ വിധി പ്രസ്താവന പ്രഖ്യാപിച്ച സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഉള്‍പ്പെട്ട അഞ്ചംഗ ബെഞ്ചില്‍ ഡി.വൈ. ചന്ദ്രചൂഡും അംഗമായിരുന്നു. ഒരാളുടെയും ലൈംഗിക ആഭിമുഖ്യത്തിന്റെ പേരില്‍ അയാളെ സമൂഹത്തില്‍ നിന്നും വേര്‍തിരിച്ചു നിര്‍ത്തുവാന്‍ സാധിക്കില്ല എന്ന് സുപ്രീംകോടതി വിധിയെഴുതി. എന്നാല്‍ സ്വവര്‍ഗ്ഗ വിവാഹം നിയമപരമാക്കാനുള്ള തീരുമാനത്തില്‍ ഒരു ന്യൂനപക്ഷ നിലപാട് ചന്ദ്രചൂഡ് ഉള്‍പ്പെട്ട ബെഞ്ച് സ്വീകരിച്ചതായി നമുക്ക് കാണാം. ആകെ നാല് വിധിന്യായങ്ങളാണ് പുറപ്പെടുവിച്ചത്. 3-2 ന്യൂനപക്ഷ വിധിയില്‍ സ്വവര്‍ഗ്ഗ വിവാഹം നിയമപരമാക്കുന്നതിനൊട് ഒരു പരിധി വരെ യോജിപ്പും, മറ്റൊരു പരിധി വരെ വിയോജിപ്പുണ്ടെന്നും ചീഫ് ജസ്റ്റിസ് വിധി പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു. സ്‌പെഷ്യല്‍ മാര്യേജ് ആക്ടിലുള്ള 'സ്ത്രീ', 'പുരുഷന്‍' എന്ന വാക്കുക്കള്‍ക്ക് പകരം സ്പൗസ് [spouse ] അഥവാ ജീവിതപങ്കാളി എന്ന് മാറ്റണമെന്നായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം. സ്‌പെഷ്യല്‍ മാര്യേജ് ആക്ടില്‍ ഭേദഗതി വരുത്തുന്നത് കോടതിയുടെ പരിധിയില്‍ വരുന്നതല്ല, അത് തീരുമാനിക്കേണ്ടത് നിയമസഭയാണെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. ഇന്ത്യയില്‍ മഴവില്ല് തെളിയുമെന്ന lgbtqia+ സമൂഹത്തിന്റെ സ്വപ്നങ്ങള്‍ക്ക് തിരശീല വീഴ്ത്തുന്നതായിരുന്നു സുപ്രീംകോടതിയുടെ ഈ വിധി.


ഇലക്ടറല്‍ ബോണ്ടിനെതിരായ വിധി



സര്‍ക്കാരിനും മറ്റു രാഷ്ട്രീയ പാര്‍ട്ടിക്കള്‍ക്കും ഏറ്റവും വലിയ തിരിച്ചടിയായിരുന്നു ഇലക്ടറല്‍ ബോണ്ടിന്റെ വിഷയത്തില്‍ സുപ്രീംകോടതി സ്വീകരിച്ച നിലപാട്. 2017 ല്‍ എന്‍ഡിഎ സര്‍ക്കാരിന്റെ കീഴില്‍ അന്നത്തെ ധനകാര്യമന്ത്രി ആയിരുന്ന അരുണ്‍ ജെയ്റ്റിലിയുടെ മനസ്സില്‍ ഉദിച്ച ആശയമായിരുന്നു ഇലക്ടറല്‍ ബോണ്ട് എന്ന സംവിധാനം. വ്യക്തികള്‍ക്കോ കമ്പനികള്‍ക്കോ ഇന്ത്യയിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പണം സംഭാവനയായി നല്‍കുവാന്‍ വേണ്ടിയാണ് പലിശ രഹിത സംവിധാനമെന്ന നിലയ്ക്ക് ഇലക്ടറല്‍ ബോണ്ട് രൂപീകരിച്ചത്. പണം നല്‍കുന്ന വ്യക്തിയുടെയോ കമ്പനിയുടെയോ പേരുവിവരങ്ങള്‍ അഥവാ അവരുടെ ഐഡന്റിറ്റി പുറത്തുവിടുകയില്ല. എന്നാല്‍ ഇലക്ടറല്‍ ബോണ്ട് സംവിധാനം ജനാധിപത്യ രാജ്യത്തിന്റെ ഉന്നമനത്തിന് മാര്‍ഗ്ഗതടസങ്ങള്‍ സൃഷ്ടിക്കുമെന്ന് കോണ്‍ഗ്രസും ഇലക്ടറല്‍ ബോണ്ട് സംവിധാനം അടിമുടി അഴിമതിയാണെന്ന് സിപിഎമ്മും വാദിച്ചു. ഇലക്ടറല്‍ ബോണ്ടിനെതിരായ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ സിപിഎമ്മും കക്ഷി ചേര്‍ന്നിരുന്നു.

പണമിടപാടുകള്‍ സുതാര്യമാക്കുവാനും കള്ള പണത്തിന്റെ സ്വാധീനം കുറയ്ക്കുവാന്‍ വേണ്ടിയുമാണ് ഇലക്ടറല്‍ ബോണ്ട് സംവിധാനം കൊണ്ടുവന്നത് എന്നായിരുന്നു സര്‍ക്കാരിന്റെ വാദം. ബിജെപി സര്‍ക്കാരിന്റെ സകല വാദങ്ങളെയും തച്ചുടച്ചുകൊണ്ടുള്ള വിധിയായിരുന്നു സുപ്രീംകോടതിയുടെ ഭാഗത്തുനിന്നും ഉണ്ടായത്. 2024 ഫെബ്രുവരി 15ന് ഡി.വൈ. ചന്ദ്രചൂഡ് ഉള്‍പ്പെട്ട അഞ്ചംഗ ബെഞ്ച് ഇലക്ട്റല്‍ ബോണ്ട് സംവിധാനം ആര്‍ട്ടിക്കിള്‍ 19 [എ] പ്രകാരം ഭരണഘടന വിരുദ്ധമാണെന്ന് വിധിയെഴുതി. കൂടാതെ ഇത്തരത്തിലുള്ള സംവിധാനങ്ങള്‍ 2005 ലെ വിവരാകാശ നിയമത്തിനും [RTI ACT ] എതിരാണെന്നും സുപ്രീം കോടതി വിലയിരുത്തി.

ഇലക്ടറല്‍ ബോണ്ട് സ്വീകരിച്ച എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും പണം നല്‍കിയ വ്യക്തികളുടെയും പേരും വിശദാംശങ്ങളും സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. വിവരങ്ങള്‍ കൈമാറുവാന്‍ വിസമ്മതിച്ച എസ്ബിഐക്കു കോടതിയില്‍ നിന്നും രൂക്ഷവിമര്‍ശനവും ലഭിച്ചു. രാജ്യം വീണ്ടുമൊരു ലോക്‌സഭാ തെരഞ്ഞെടുപ്പിന് തയ്യാറാവുന്നതിന് മുന്നോടിയായിട്ടായിരുന്നു ഇലക്ടറല്‍ ബോണ്ടിനെതിരായ സുപ്രീം കോടതി വിധി. ഈ വിധി ബിജെപി സര്‍ക്കാരിന് വലിയ രീതിയില്‍ തിരിച്ചടിയായി മാറി.


ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി


തന്റെ നിയമ ജീവിതത്തിലെ ഏറ്റവും വിവാദപരമായ വിധി ചന്ദ്രചൂഡ് പ്രഖ്യാപിച്ചത് 2023 ഡിസംബര്‍ പതിനൊന്നിന് ആയിരുന്നു. ജമ്മു & കശ്മീരിന് പ്രത്യേക പദവി നല്‍കികൊണ്ടുള്ള ആര്‍ട്ടിക്കിള്‍ 370, ആര്‍ട്ടിക്കിള്‍ 35 [എ] റദ്ദാക്കികൊണ്ടുള്ള കേന്ദ്രസര്‍ക്കാരിന്റെ നിലപാട് ചീഫ് ജസ്റ്റിസ് ഡി. വൈ. ചന്ദ്രചൂഡ് ഉള്‍പ്പെട്ട അഞ്ചംഗ ബെഞ്ച് ശരിവെച്ചു. ആര്‍ട്ടിക്കിള്‍ 370, ആര്‍ട്ടിക്കിള്‍ 35 [എ] എന്നിവ സംയോജിപ്പിച്ചു കൊണ്ട് ഇന്ത്യന്‍ ഭരണഘടനയ്ക്ക് കീഴില്‍ ഇത്രയും കാലം കശ്മീരിന് പ്രത്യേക പദവി നല്‍കി പോന്നിരുന്നു. മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വ്യത്യസ്തമായി കശ്മീരിന് പ്രത്യേകമായ ഭരണഘടനാ സംവിധാനവും ശിക്ഷാനിയമങ്ങളുമുണ്ടായിരുന്നു കശ്മീരിന്റെ പ്രത്യേക പദവി കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയതിനെ തുടര്‍ന്ന് നാഷണല്‍ കോണ്‍ഫറന്‍സ്, പീപ്പിള്‍സ് പാര്‍ട്ടി തുടങ്ങിയവര്‍ സുപ്രീംകോടതിയില്‍ ഹര്‍ജിനല്‍കി. ഹര്‍ജിക്കാരുടെ പരാതി കേട്ടതിനെത്തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാരിന്റെ നിലപാട് ശരിയാണെന്നുള്ള തീരുമാനത്തില്‍ ബെഞ്ച് എത്തി ചേര്‍ന്നത്. 476 പേജുകള്‍ നീണ്ട വിധിന്യായത്തിന്റെ 352 പേജുകള്‍ എഴുതിയത് ചന്ദ്രചൂഡും ജസ്റ്റിസുമാരായ ബി ആര്‍ ഗവായ്, സൂര്യകാന്തും ചേര്‍ന്നാണ്. ജസ്റ്റിസ് എസ് കെ കൗള്‍ 121 പേജുകള്‍ എഴുതിയപ്പോള്‍ ജസ്റ്റിസ് സഞ്ജീവ് ഖന്ന മൂന്ന് പേജ് വിധിയെഴുതി. വിധിയുടെ പ്രസ്തുത ഭാഗങ്ങള്‍ ഇങ്ങനെയാണ് - ആര്‍ട്ടിക്കിള്‍- 370 താത്കാലിക വ്യവസ്ഥ മാത്രമാണെന്നും കശ്മീരിന്റെ പ്രത്യേകപദവി റദ്ദാക്കാനുള്ള അധികാരം പ്രസിഡന്റിനു ഉണ്ടെന്നും, ജസ്റ്റിസ് കൗളിന്റെ അഭിപ്രായത്തില്‍ 1980 കള്‍ മുതല്‍ കശ്മീരില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ അന്വേഷിക്കാന്‍ കമ്മീഷന്‍ കൊണ്ടുവരണമെന്നും നിഷ്‌കര്‍ഷിച്ചു.


ഡൽഹി അധികാരത്തർക്കം


ഡല്‍ഹി അധികാര തര്‍ക്കവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി ഡല്‍ഹി സര്‍ക്കാരിന് അനുകൂലമായി പുറപ്പെടുവിച്ച വിധി വളരെ സുപ്രധാനമായിരുന്നു. രാജ്യ തലസ്ഥാനവും സമ്പൂര്‍ണ സംസ്ഥാന പദവിയും ഇതുവരെ നേടിയിട്ടില്ലാത്ത ഡല്‍ഹിയുടെ ഭരണത്തലവന്‍ ലഫ്. ഗവര്‍ണര്‍ ആണെന്ന ഹൈക്കോടതി വിധിക്കെതിരെയായിരുന്നു കെജ്‌രിവാള്‍ സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്.

2018 ജൂലൈ നാലിനാണ് ഡല്‍ഹിയില്‍ ഗവര്‍ണര്‍ക്ക് സമ്പൂര്‍ണാധികാരം ഇല്ല എന്ന സുപ്രധാന വിധി പുറപ്പെടുവിക്കുന്നത്. അന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. ലഫ്. ഗവര്‍ണറല്ല മുഖ്യമന്ത്രി തന്നെയാണ് ഡല്‍ഹിയുടെ ഭരണത്തലവന്‍ എന്നായിരുന്നു സുപ്രീം കോടതി വിധി.

സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ ലഫ്. ഗവര്‍ണര്‍ക്ക് പരിശോധിക്കാം. പക്ഷെ എല്ലാ വിഷയങ്ങളും രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിടേണ്ട ആവശ്യമില്ലെന്നും സുപ്രീം കോടതി വിധിയില്‍ പറയുന്നു. ഭൂമി, പൊലീസ്, ക്രമസമാധാനം തുടങ്ങിയ വിഷയങ്ങളില്‍ ലഫ്. ഗവര്‍ണര്‍ക്ക് തീരുമാനമെടുക്കാം. പക്ഷെ മറ്റെല്ലാ വിഷയങ്ങളിലും സംസ്ഥാന സര്‍ക്കാരിന് തന്നെയാണ് അധികാരമെന്നും ബെഞ്ച് വ്യക്തമാക്കി.


അയോധ്യ കേസ് വിധി

ഇന്ത്യയുടെ രാഷ്ട്രീയ-സാമൂഹിക ഇടങ്ങളിൽ വലിയ  ചർച്ചകൾക്കിടയാക്കിയ വിധിയായിരുന്നു അയോധ്യ ഭൂമി തർക്ക കേസിൽ സുപ്രീം കോടതി പ്രഖ്യാപിച്ചത്. 2019-ല്‍ അന്നത്തെ ചീഫ് ജസ്റ്റിസായ രഞ്ജന്‍ ഗൊഗോയുടെ അധ്യക്ഷതയിൽ ചേർന്ന അഞ്ചംഗ ബെഞ്ചില്‍ ചന്ദ്രചൂഡും ഉള്‍പ്പെട്ടിരുന്നു. 2.77 ഏക്കര്‍ വരുന്ന വിവാദ ഭൂമി ക്ഷേത്രം പണിയുവാനായി ഗവണ്മെന്റ് രൂപീകരിച്ച ട്രസ്റ്റിന് കൈമാറുവാനും കൂടാതെ അഞ്ചേക്കര്‍ ഭൂമി മസ്ജിദ് നിര്‍മിക്കുവാനും കൊടുക്കണമെന്നായിരുന്നു അന്ന് സുപ്രീം കോടതി ഏകകണ്ഠമായ വിധി പുറപ്പെടുവിച്ചത്. ഈ വിധിക്ക് സമ്മിശ്രാഭിപ്രായങ്ങളാണ് ലഭിച്ചത്. ന്യായാധിപന്മാര്‍ ഹിന്ദുത്വ അജണ്ടയെ പിന്തുണയ്ക്കുന്നുവെന്നും ഒരു ഭൂരിപക്ഷ ഹിന്ദു സമുദായത്തോട് കാണിക്കുന്ന അനുകൂലമനോഭാവമാണിതെന്നും നാല് ദിശകളില്‍ നിന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.


ശബരിമല സ്ത്രീ പ്രവേശനം

സുപ്രീംകോടതി ജഡ്ജിയായിരിക്കെ ശബരിമല കേസിൽ വന്ന വിധിയും വളരെ സുപ്രധാനമായിരുന്നു. ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചു കൊണ്ടുള്ള വിധി ചരിത്ര പ്രധാനമായിരുന്നു. അന്ന് വിധി പുറപ്പെടുവിച്ച അഞ്ചംഗ ബെഞ്ചില്‍ ഡിവൈ ചന്ദ്രചൂഡും ഉള്‍പ്പെട്ടിരുന്നു. ആര്‍ത്തവം കാരണമാക്കിയുള്ള സ്ത്രീകളുടെ വിലക്ക് ഭരണഘടന ഉറപ്പു നല്‍കുന്ന തുല്യതയുടെ ലംഘനമാണെന്നും ശബരിമല അയ്യപ്പ ഭക്തരെ പ്രത്യേക മത വിഭാഗമായി പരിഗണിക്കാനാവില്ലെന്നുമായരുന്നു അഞ്ചംഗ ബെഞ്ചിലെ നാല് പേരുടെ വിധി. ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര മാത്രമാണ് അന്ന് വിധിയില്‍ എതിര്‍പ്പ് അറിയിച്ചത്. ഇതു സംബന്ധിച്ച റിവ്യൂ ഹര്‍ജിയിലും വിധിയ്ക്ക് സ്റ്റേ ഇല്ലെന്ന് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയിരുന്നു.


സ്വകാര്യത മൗലികാവകാശം 

വ്യക്തികളുടെ സ്വകാര്യതയെ സംരക്ഷിച്ചുകൊണ്ടുള്ള ജസ്റ്റിസ് കെ.എസ്. പുട്ടസ്വാമി വേഴ്സസ് യൂണിയന്‍ ഓഫ് ഇന്ത്യ കേസില്‍ ചീഫ് ജസ്റ്റിസ് ഖേഹാര്‍, ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് ഉള്‍പ്പെട്ട ഒന്‍പതംഗ ബെഞ്ചായിരുന്നു കേസില്‍ ഏകകണ്ഠമായി വിധി പറഞ്ഞത്.  2017 ഓഗസ്റ്റ് 24നായിരുന്നു സുപ്രീം കോടതി വിധി പുറപ്പെടുവിച്ചത്. 

ആധാറിൽ ഉൾപ്പെടുത്തുന്ന വിവരങ്ങൾ സ്വകാര്യതയുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി റിട്ടയഡ് ജസ്റ്റിസ് കെഎസ് പുട്ടസ്വാമി നൽകിയ ഹർജിയിലായിരുന്നു വിധി. മനുഷ്യന്റെ സ്വകാര്യതയും ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 ന് കീഴില്‍ വരുന്ന ജീവിക്കാനുള്ള മൗലികാവകാശത്തിന് കീഴില്‍ വരുമെന്നായിരുന്നു സുപ്രീം കോടതിയുടെ വിധി. ആധാര്‍ സ്‌കീമിനെ റദ്ദാക്കാതെയായിരുന്നു സ്വകാര്യത മൗലിക അവകാശമാണെന്ന വിധി പ്രസ്താവിക്കുന്നത്.

അന്നത്തെ ചീഫ് ജസ്റ്റിസ് ഖേഹാര്‍, ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് അടക്കം ഒന്‍പതംഗ ബെഞ്ചായിരുന്നു കേസില്‍ ഏകകണ്ഠമായി വിധി പറഞ്ഞത്. വിധി ഏകകണ്ഠമായിരുന്നെങ്കിലും എന്തുകൊണ്ട് സ്വകാര്യത മൗലിക അവകാശമാണ് എന്ന് വ്യക്തമാക്കുന്ന ആറ് വ്യത്യസ്ത അഭിപ്രായങ്ങള്‍ വിധി പകര്‍പ്പിലുണ്ടായി.


അലിഗഡ് സർവകലാശാലയുടെ ന്യൂനപക്ഷ പദവി


ചീഫ് ജസ്റ്റിസ് പദവിയിലിരിക്കെ 2024 നവംബർ എട്ടിന് ഡി. വൈ. ചന്ദ്രചൂഡ് തന്റെ നിയമജീവിതത്തിലെ അവസാന വിധിയുമെഴുതി. 2006 ല്‍ അലഹബാദ് ഹൈക്കോടതി റദ്ദാക്കിയ അലിഗഢ് മുസ്ലിം സര്‍വകലാശാലയുടെ ന്യൂനപക്ഷ പദവി തിരിച്ചുകൊടുത്തു കൊണ്ടായിരുന്നു വിധി. ചീഫ് ജസ്റ്റിസ് ഡി. വൈ. ചന്ദ്രചൂഡും ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ജെ.ബി.പർദിവാല , മനോജ് മിശ്ര എന്നിവര്‍ അനുകൂല വിധി പുറപ്പെടുവിച്ചപ്പോള്‍ ജസ്റ്റിസുമാരായ സൂര്യ കാന്ത്, ദീപാങ്കർ ദത്ത, സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവര്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി. എന്നാല്‍ അലിഗഡ് സര്‍വകലാശാലയ്ക്ക് നയൂനപക്ഷ പദവിക്ക് അര്‍ഹതയുണ്ടോ എന്ന നിയമപ്രശ്‌നത്തില്‍ ഭരണഘടനാ ബെഞ്ച് തീര്‍പ്പ് കല്‍പ്പിച്ചില്ല. ഇതില്‍ സുപ്രീം കോടതിയുടെ സ്ഥിരം ബെഞ്ച് വാദം കേട്ട് വിധി പുറപ്പെടുവിക്കും.


ന്യായാധിപൻ വിവാദത്തിലേക്ക് 


ചീഫ് ജസ്റ്റിസ് പദവിയിലിരിക്കെ ഡി വൈ ചന്ദ്രചൂഡ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തന്‍റെ ഔദ്യോഗിക വസതിയിൽ വെച്ച് നടത്തുന്ന പൂജയിലേക്ക് ക്ഷണിച്ചത് വലിയ വിവാദങ്ങൾക്ക് തിരികൊളുത്തി. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് രാഷ്ട്രീയ മാനദണ്ഡങ്ങളില്ലെന്നും ഇടപെടലുകള്‍ ഏതെങ്കിലും വിധിന്യായങ്ങളെ സ്വാധീനിക്കാന്‍ വേണ്ടിയല്ല എന്നും ഇന്ത്യന്‍ എക്‌സ്പ്രസ്സ് സംഘടിപ്പിച്ച ചര്‍ച്ചയില്‍ അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്‍റെ വീട്ടിലെത്തി പൂജയ്ക്ക് പങ്കെടുത്ത് മോദി ആരതി ഉഴിയുന്ന ദൃശ്യങ്ങൾ വലിയ ചർച്ചകൾക്കിടയാക്കി. അത് ഇന്ത്യയുടെ മതേതര മുഖത്തേറ്റ അടിയായും വിലയിരുത്തപ്പെട്ടു. 

രാഷ്ട്രീയപ്രതിനിധികളോട് ന്യായാധിപന്മാര്‍ പാലിക്കേണ്ട കര്‍ക്കശമായ പെരുമാറ്റച്ചട്ടങ്ങള്‍ ലംഘിച്ചുകൊണ്ടാണ് പ്രധാനമന്ത്രിയുമായുള്ള ജസ്റ്റിസിന്റെ കൂടിക്കാഴ്ച. പ്രതിപക്ഷവും മറ്റു അഭിഭാഷകരും ഈ കൂടിക്കാഴ്ചയ്ക്കു എതിരെ ശബ്ദമുയര്‍ത്തിയിരുന്നു .


ന്യായാധിപന്റെ വേഷത്തിലേക്ക് തിരിഞ്ഞു നോക്കുമ്പോള്‍


വിരമിക്കുവാന്‍ ദിവസങ്ങള്‍ മാത്രമുള്ളപ്പോള്‍ ഭൂട്ടാനിലെ ജെ എസ് ഡബ്ലിയു ലോ സ്‌കൂളിന്റെ ബിരുദദാന ചടങ്ങില്‍ പ്രസംഗിക്കവെ അദ്ദേഹം സ്വയം ഒരു ആത്മപരിശോധന നടത്തി. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇപ്രകാരമാണ്- ' ചീഫ് ജസ്റ്റിസ് ആയി എന്റെ കാലാവധി അവസാനിക്കുമ്പോള്‍, ഭാവിയെക്കുറിച്ചും ഭൂതകാലത്തെക്കുറിച്ചുമുള്ള ഭയങ്ങളാലും ഉത്കണ്ഠകളാലും മനസ്സ് നിറഞ്ഞു നില്‍ക്കുന്നു... ഞാന്‍ വിചാരിച്ചതൊക്കെ നേടിയോ? എനിക്ക് കാര്യങ്ങള്‍ വ്യത്യസ്തമായി ചെയ്യുവാന്‍ സാധിക്കുമായിരുന്നുവോ? എന്റെ ചീഫ് ജസ്റ്റിസ് കാലഘട്ടത്തെ ചരിത്രം എങ്ങനെ വിലയിരുത്തും? ഭാവി തലമുറയിലെ ജഡ്ജിമാര്‍ക്കും നിയമവിദഗ്ധര്‍ക്കും എന്ത് സംഭാവനയാണ് ഞാന്‍ നല്‍കിയത്?' എന്നായിരുന്നു അദ്ദേഹം ചോദിച്ചത്. ഇന്ത്യന്‍ ചരിത്രത്തിലെ തന്നെ ചില നാഴികക്കല്ലുകളായി മാറിയ ഒട്ടേറെ കേസുകളുടെ വിധി ആ തൂലികയില്‍ നിന്നും പിറന്നിട്ടുണ്ട് എന്ന സംതൃപ്തിയോടെ ധനഞ്ജയ് വൈ ചന്ദ്രചൂഡിന് സുപ്രീംകോടതിയില്‍ നിന്നും പടിയിറങ്ങാം. 


NATIONAL
പഞ്ചാബില്‍ ഓടിക്കൊണ്ടിരുന്ന ബസ് പാലത്തില്‍ നിന്ന് വീണ് 8 പേര്‍ മരിച്ചു
Also Read
user
Share This

Popular

KERALA
KERALA
'മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ല'; തിരുവമ്പാടി ദേവസ്വം വേലയുടെ വെടിക്കെട്ടിന് അനുമതി നിഷേധിച്ച് തൃശൂര്‍ എഡിഎം