കേരളാ ഫിനാൻഷ്യൽ കോർപ്പറേഷനെതിരായ നിക്ഷേപ അഴിമതി ആരോപണം ആറ് മാസം നിയമസഭയിൽ ഉന്നയിച്ചിട്ടും മറുപടി നൽകിയിരുന്നില്ലെന്ന് വി.ഡി. സതീശൻ പറഞ്ഞു
പൊളിയുന്ന കമ്പനിയിൽ നിക്ഷേപം നടത്താൻ സാമ്പത്തിക വിദഗ്‌ധർക്കെ കഴിയൂവെന്ന് കെഎഫ്‌സി അഴിമതി ആരോപണത്തിൽ മുൻ ധനമന്ത്രി തോമസ് ഐസകിനെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. നിക്ഷേപത്തിൽ മുഖ്യമന്ത്രി മറുപടി പറയണം. രാഷ്ട്രീയ നേതൃത്വത്തിന്റെ അറിവോടെ ചില പാർട്ടി ബന്ധുക്കളാണ് നിക്ഷേപം നടത്തിയത്. കമ്മീഷൻ ആയിരുന്നു ലക്ഷ്യം. ബോർഡ് അനുമതി ഇല്ലാതെയായിരുന്നു നിക്ഷേപമെന്നും വി.ഡി. സതീശൻ പറഞ്ഞു.
കേരളാ ഫിനാൻഷ്യൽ കോർപ്പറേഷനെതിരായ നിക്ഷേപ അഴിമതി ആരോപണം ആറ് മാസം നിയമസഭയിൽ ഉന്നയിച്ചിട്ടും മറുപടി നൽകിയിരുന്നില്ലെന്ന് വി.ഡി. സതീശൻ പറഞ്ഞു. ഇപ്പോഴാണ് ധനമന്ത്രി മറുപടിയുമായി എത്തിയത്. വാർഷിക റിപ്പോർട്ടിൽ അനിൽ അംബാനിയുടെ കമ്പനിയായ ആർസിഎഫ്എല്ലിന്റെ പേരില്ല. ഫിനാൻസ് കോർപ്പറേഷൻ ബോർഡിന്റെ അനുമതിയില്ലാതെയാണ് നിക്ഷേപം നടത്തിയിരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ആർസിഎഫ്എല്ലിന്റെ മാതൃകമ്പനിയായ ആർസിഎൽ നഷ്ടത്തിലായിരുന്നു. ആർസിഎൽ തകർന്ന് തുടങ്ങിയപ്പോൾ ആണ് ആർസിഎഫ്എൽ രൂപീകരിക്കുന്നത്. മൂന്ന് വർഷമായി ഓഡിറ്റ് റിപ്പോർട്ട് ഉണ്ടായിരുന്നില്ല. പഠനം നടത്തിയ സ്വകാര്യ ഏജൻസി നിക്ഷേപത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു. നിക്ഷേപത്തെ പറ്റി സർക്കാർ ഏത് തരത്തിലുള്ള അന്വേഷണം നടത്തുമെന്ന് വ്യക്തമാക്കണം. ധനമന്ത്രി മറുപടി പറയണം. പാർട്ടി ബന്ധുക്കൾക്കാണ് നിക്ഷേപത്തിന്റെ നേട്ടമെന്നും വി.ഡി. സതീശൻ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് നഷ്ടത്തിലായിരുന്ന അനിൽ അംബാനിയുടെ കമ്പനിയിൽ കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ കോടികൾ നിക്ഷേപിച്ചുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചത്. എന്നാൽ, വി.ഡി. സതീശൻ ഉന്നയിച്ച അഴിമതി ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് മുന്‍ ധനമന്ത്രി തോമസ് ഐസക് പ്രതികരിച്ചിരുന്നു. ധനകാര്യ സ്ഥാപനങ്ങൾക്ക് ആർബിഐയുടെ ഷെഡ്യൂൾ സ്ഥാപനങ്ങളിൽ നിക്ഷേപം നടത്താം. അങ്ങനെയൊരു കമ്പനിയിൽ നിക്ഷേപം നടത്തുന്നതിൽ എന്താണ് തെറ്റെന്ന് ചോദിച്ച തോമസ് ഐസക് മാനദണ്ഡങ്ങൾ പാലിച്ചാണ് അനില്‍ അംബാനിയുടെ കമ്പനിയില്‍ തുക നിക്ഷേപിച്ചതെന്നും വ്യക്തമാക്കിയിരുന്നു.