സങ്കീർണമായ പണമിടപാട് രീതിയാണ് കുടിയേറാനായി അവലംബിക്കുന്നതെന്നും റിപ്പോർട്ടിൽ ഇഡി വ്യക്തമാക്കുന്നു
യുഎസിലേക്ക് അനധികൃതമായി കുടിയേറിയ 4,200 പേർക്കെതിരെ അന്വേഷണം നടക്കുന്നതായി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്. ഗുജറാത്ത്, പഞ്ചാബ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഏജൻ്റുമാർക്കെതിരെയും അന്വേഷണം നടക്കുന്നുണ്ട്. സങ്കീർണമായ പണമിടപാട് രീതിയാണ് കുടിയേറാനായി അവലംബിക്കുന്നതെന്നും റിപ്പോർട്ടിൽ ഇഡി വ്യക്തമാക്കുന്നു.
കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ യുഎസിലേക്ക് അനധികൃതമായി കുടിയേറിയ 4200 ഇന്ത്യക്കാർക്കെതിരെ അന്വേഷണം നടക്കുന്നതായാണ് എൻഫോഴ്സ്മെൻ്റ് ഡയറക്ടേറേറ്റ് വ്യക്തമാക്കിയത്. വിദ്യാഭ്യാസ ആവശ്യം മുതലാക്കിയാണ് ഏജൻ്റുമാർ ഇന്ത്യക്കാരെ അനധികൃതമായി യുഎസിൽ എത്തിക്കുന്നത്. ഇത് തെളിയിക്കുന്ന 4,000 ത്തോളം പണമിടപാടുകൾ കണ്ടെത്തിയെന്ന് ഇഡി അറിയിച്ചു.
ആദ്യം പണമിടപാട് നടത്താനായി ഒരു അക്കൗണ്ട് തുടങ്ങുന്നു. പ്രവേശന ഫീസ് ഉൾപ്പടെയുള്ള ഫീസ്, ഏജൻ്റുമാർ ഈ നിക്ഷേപിക്കുന്നു. പണം പിന്നീട് ഓവർ ഡ്രാഫ്റ്റ് അക്കൗണ്ട് തുറക്കാൻ ഉപയോഗിക്കുന്ന ഫിക്സഡ് അക്കൗണ്ടിലേക്ക് മാറ്റുന്നു. എബിക്സിലൂടെ പണം കൈമാറ്റം നടത്തുന്നു. അഡ്മിഷൻ പിൻവലിക്കുമ്പോഴും പണം ആദ്യം ഓവർഡ്രാഫ്റ്റ് അക്കൗണ്ടിലേക്കും തുടർന്ന് തേർഡ് പേഴ്സണിലേക്കും എത്തുന്നു. അതേസമയം എഫ്.ഡി ഉപയോഗിച്ച് ഓവർ ഡ്രാഫ്റ്റ് അക്കൗണ്ട് ക്ലോസ് ചെയ്യും. ഓവർ ഡ്രാഫ്റ്റ് അക്കൗണ്ടുകൾ ഉപയോഗിക്കുന്നതും എബിക്സ് പോലുള്ള കമ്പനികളെ ഉപയോഗപ്പെടുത്തുന്നതും കാര്യങ്ങൾ സങ്കീർണമാക്കുന്നുവെന്നാണ് ഇഡിയുടെ വാദം.
യുഎസിലേക്ക് കടക്കേണ്ടവർക്ക് ആദ്യം കാനഡയിലെ കോളേജുകളിൽ അഡ്മിഷൻ ഏർപ്പെടുത്തും. എബിസ്ക്യാഷ് എന്ന പ്ലാറ്റ്ഫോമിലൂടെ, കോളേജുകളിലേക്ക് ഫീസ് ഉൾപ്പടെ നൽകും. തുടർന്ന് വിസ ശരിയായാൽ കാനഡയിൽ എത്തുന്ന ഇവരെ, ഏജൻ്റുമാരുടെ സഹായത്തോടെ യുഎസിലേക്ക് കടത്തുന്നു. കാനഡയിലെത്തിയതിന് പിന്നാലെ കോളേജ് അഡ്മിഷൻ പിൻവലിച്ച് റീഫണ്ട് തുക എടുക്കുന്നു. 2021 സെപ്റ്റംബർ ഏഴ് മുതൽ 2024 ഓഗസ്റ്റ് ഒൻപത് വരെ ഗുജറാത്തിൽ നിന്ന് മാത്രം ഇത്തരം 8500 സംഭവങ്ങൾ നടന്നുവെന്നും ഇഡി പറഞ്ഞു. 4,000 ത്തിൽ അധികം പണമിടപാടുകൾ സംശയം ജനിപ്പിക്കുന്നതാണ്. ഇതിൽ വ്യാജമായതും ഒരേ ആളുടെ പേരിലുള്ള ഒന്നിലധികം ഇടപാടുകളും കണ്ടെത്തിയെന്ന് ഇഡി വ്യക്തമാക്കി.
2022 ൽ അമേരിക്കയിലേക്ക് കുടിയേറാൻ ശ്രമിച്ച നാല് പേരുടെ മരണമാണ് ഇഡിയെ ഈ കേസിലേക്ക് എത്തിക്കുന്നത്. 2023ൽ ഗുജറാത്ത് പേൊലീസ് മരണത്തിൽ എഫ്ഐആറും രജിസ്റ്റർ ചെയ്തിരുന്നു.
അതേസമയം, കുടിയേറ്റ നയം കർക്കശമാക്കുന്നതിന്റെ ഭാഗമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഉത്തരവിനെ തുടർന്ന് 104 ഇന്ത്യക്കാരെ നാടുകടത്തി. ഇവരെ ചങ്ങലയിൽ ബന്ധിച്ച് പ്രത്യേക സൈനിക വിമാനത്തിലാണ് ഇന്ത്യയിലെത്തിച്ചത്. ഇന്ത്യൻ പൗരന്മാരായ കൂടിയേറ്റക്കാരോട് ഈ രീതിയിൽ പെരുമാറിയതിൽ വലിയ പ്രതിഷേധമാണ് രാജ്യത്ത് ഉയരുന്നത്. ഇന്ത്യയുടെ അഭിമാനം സംരക്ഷിക്കുന്നതിൽ കേന്ദ്രം പരാജയപ്പെട്ടെന്നായിരുന്നു പ്രതിപക്ഷത്തിൻ്റെ വിമർശനം. എന്നാൽ, കുടിയേറ്റക്കാരെ വിലങ്ങുവച്ച് കൊണ്ടുവന്നത് യുഎസിന്റെ നയമാണെന്നായിരുന്നു വിദേശകാര്യ മന്ത്രി എസ്. ജയ്‌ശങ്കറിന്റെ പക്ഷം. അനധികൃത കുടിയേറ്റക്കാരായ 487 ഇന്ത്യക്കാരെ ഉടൻ നാടുകടത്തുമെന്ന് യുഎസ് അറിയിച്ചിരുന്നതായും കേന്ദ്ര സർക്കാർ വ്യക്തമാക്കി.