കമ്പനിക്ക് അനുമതി നല്‍കികൊണ്ടുള്ള മന്ത്രിസഭാ തീരുമാനം മുതല്‍ തന്നെ ദുരൂഹതയുണ്ടെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
എലപ്പുള്ളി മദ്യക്കമ്പനി യൂണിറ്റ് സ്ഥാപിക്കുന്നതില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട് പോയില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് രേവതി ബാബു. പദ്ധതിയുമായി മുന്നോട്ട് പോവുമെന്ന് പറഞ്ഞ മുഖ്യമന്ത്രിയുടെ പ്രസ്താവന ധാര്‍ഷ്ട്യമാണെന്നും രേവതി ബാബു പറഞ്ഞു.
'മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞ കാര്യങ്ങള്‍ കേട്ടപ്പോള്‍ ഞങ്ങളുടെ പഞ്ചായത്തിലെ 55,000 ജനങ്ങളോട് കാണിക്കുന്ന വെല്ലുവിളിയായിട്ടാണ് എനിക്ക് തോന്നിയത്. ഈ ജനങ്ങളെ പുഴുക്കളെ പോലെ കണ്ടു കൊണ്ടുള്ള ഒരു സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ എന്ത് എന്ന് മനസിലാക്കാതെ വെല്ലുവിളി ഏറ്റെടുക്കുക, ധിക്കാരപരമായി അനുമതി നല്‍കുക, ഞങ്ങള്‍ നടത്തുമെന്ന് പാവപ്പെട്ട ജനങ്ങളോട് ധാര്‍ഷ്ട്യം കാണിക്കുക, ഇതൊക്കെ വളരെ മോശമായ സമീപനമാണ്,' രേവതി ബാബു പറഞ്ഞു.
ALSO READ: അതിരപ്പിള്ളിയിൽ മസ്തകത്തിന് പരിക്കേറ്റ ആനയെ കണ്ടെത്തി
ജല ചൂഷണം മാത്രമല്ല, രാസവസ്തുക്കളാണ് മണ്ണിലേക്ക് വീഴുന്നത്. മാത്രവുമല്ല, ദുര്‍ഗന്ധവുമുണ്ടാകും. അവിടുത്തെ ജനങ്ങളും പാര്‍ട്ടിയും ഒക്കെ ശക്തമായ ഭാഷയില്‍ പറഞ്ഞിട്ടും സര്‍ക്കാര്‍ കമ്പനിക്കാരോടൊപ്പം നിന്ന് ജനങ്ങളെ ദ്രോഹിക്കാനാണ് തീരുമാനമെങ്കില്‍ തീര്‍ച്ചയായും കോടതിയെ സമീപിക്കും. കമ്പനിക്ക് അനുമതി നല്‍കികൊണ്ടുള്ള മന്ത്രിസഭാ തീരുമാനം മുതല്‍ തന്നെ ഇതില്‍ ദുരൂഹതയുണ്ടെന്നും പഞ്ചായത്ത് പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.
അതേസമയം മദ്യ നിര്‍മാണ പ്ലാന്റ് നിര്‍മിക്കുന്നതില്‍ വിശദീകരണവുമായി ഒയാസിസ് കമ്പനി തന്നെ രംഗത്തെത്തിയിരുന്നു. വെള്ളത്തിനായി ഭൂഗര്‍ഭ ജലം ഉപയോഗിക്കില്ലെന്നാണ് കമ്പനിയുടെ അവകാശവാദം. ജലത്തിന്റെ കാര്യത്തില്‍ ആശങ്ക വേണ്ടെന്നും പ്ലാന്റ് പ്രവര്‍ത്തിക്കാനുള്ള വെള്ളം മഴ വെള്ള സംഭരണിയില്‍ നിന്ന് ശേഖരിക്കുമെന്നുമാണ് വിശദീകരണത്തില്‍ പറയുന്നത്.
ഇതിനായി 5 ഏക്കര്‍ സ്ഥലത്ത് മഴവെള്ളസംഭരണി സ്ഥാപിക്കുമെന്നും കമ്പനി അറിയിച്ചു. കൂടാതെ 1200 പ്രദേശവാസികള്‍ക്ക് കമ്പനിയില്‍ ജോലി നല്‍കുമെന്ന വാഗ്ദാനവും ഒയാസിസ് നല്‍കി.
പാലക്കാട് എലപ്പുള്ളിയില്‍ ബ്രൂവറി തുടങ്ങാന്‍ സ്വകാര്യ കമ്പനിക്ക് അനുമതി നല്‍കിയതില്‍ അഴിമതിയുണ്ടെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. ഈ വിഷയത്തില്‍ നിയമസഭയില്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിക്കാന്‍ തയ്യാറെടുക്കുകയാണ് പ്രതിപക്ഷം. മദ്യ നിര്‍മാണ കമ്പനിക്ക് അനുമതി നല്‍കിയ സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കോണ്‍ഗ്രസും ബിജെപിയും കടുത്ത പ്രതിഷേധമാണുയര്‍ത്തുന്നത്.
പദ്ധതി നടപ്പിലാക്കുന്ന ഒയാസിസ് കമ്പനിയുടെ സ്ഥലത്ത് ബിജെപിയും, കോണ്‍ഗ്രസും കൊടികുത്തി സമര പ്രഖ്യാപനം നടത്തി. ജലക്ഷാമം നേരിടുന്ന പ്രദേശത്ത് കമ്പനിയെ കാല് കുത്താന്‍ അനുവദിക്കില്ലെന്ന് വി. കെ. ശ്രീകണ്ഠന്‍ എംപി പറഞ്ഞു. പദ്ധതി അനുവദിക്കില്ലെന്ന് ബിജെപിയും വ്യക്തമാക്കി.