വനം വകുപ്പിന്റെ കടുംപിടുത്തമാണ് പദ്ധതിക്ക് തിരിച്ചടിയെന്ന് പീരുമേട് എംഎല്‍എ വാഴൂര്‍ സോമന്‍
മറ്റൊരു മണ്ഡലകാലം കൂടി പൂര്‍ത്തിയായെങ്കിലും ഏഴ് വര്‍ഷം മുമ്പ് നിര്‍മാണം തുടങ്ങിയ ഇടുക്കി സത്രം എയര്‍ സ്ട്രിപ്പ് ഇപ്പോഴും യാഥാര്‍ത്ഥ്യമായിട്ടില്ല. വനം വകുപ്പിന്റെ കടുംപിടുത്തമാണ് പദ്ധതിക്ക് തിരിച്ചടിയെന്ന് പീരുമേട് എംഎല്‍എ വാഴൂര്‍ സോമന്‍ കുറ്റപ്പെടുത്തി. സര്‍ക്കാര്‍ പദ്ധതി നടപ്പാക്കാത്തതില്‍ എതിര്‍പ്പ് പരസ്യമാക്കുകയാണ് സിപിഐ.
NCC കേഡറ്റുകളുടെ പരിശീലനത്തിനായി 2017 ലാണ് ഇടുക്കി വണ്ടിപെരിയാര്‍ സത്രത്തില്‍ 12 ഏക്കര്‍ സ്ഥലത്ത് 12 കോടി രൂപ ചെലവഴിച്ച് എയര്‍ സ്ട്രിപ്പ് നിര്‍മിച്ചത്. പൊതുമരാമത്ത് വകുപ്പ് തൊണ്ണൂറ് ശതമാനം നിര്‍മാണവും പൂര്‍ത്തിയാക്കി. മഴക്കാലത്ത് മണ്ണിടിഞ്ഞ ഭാഗം പുനര്‍നിര്‍മിക്കാന്‍ ആറ് കോടി മുപ്പത് ലക്ഷം രൂപയും അനുവദിച്ചു. എയര്‍ സ്ട്രിപ്പിലേക്കുള്ള 400 മീറ്റര്‍ പാതയില്‍ വനംവകുപ്പ് അവകാശവാദമുന്നയിച്ചതോടെയാണ് തര്‍ക്കം തുടങ്ങിയത്.
ഇടുക്കിയിലും പമ്പ, ശബരിമല എന്നിവിടങ്ങളിലും അടിയന്തര സാഹചര്യമുണ്ടായാല്‍ ചെറുവിമാനങ്ങളും ഹെലികോപ്റ്ററും സത്രം എയര്‍ സ്ട്രിപ്പില്‍ ഇറക്കാമെന്നാണ് വ്യോമസേന വിലയിരുത്തിയത്. ഇതിന്റെ പശ്ചാത്തലത്തില്‍ ശബരിമല തീര്‍ഥാടനകാലത്ത് ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട് എയര്‍ സ്ട്രിപ്പ് സജ്ജമാക്കാന്‍ ജില്ലാ കളക്ടര്‍ എന്‍സിസി അഡീഷണല്‍ ഡയറക്ടര്‍ ജനറലിന് കത്ത് നല്‍കിയിരുന്നു. പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററെ എന്‍സിസി രേഖാമൂലം ഇക്കാര്യം അറിയിക്കുകയും ചെയ്തു. അടിയന്തര പ്രാധാന്യമുള്ള കത്തില്‍ എന്നാല്‍ തുടര്‍ നടപടികളുണ്ടായില്ല. എയര്‍സ്ട്രിപ്പ് അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ വിവിധ വകുപ്പുകളുടെ മന്ത്രിമാരേയും ഉന്നത ഉദ്യോഗസ്ഥരേയും ഉള്‍പ്പെടുത്തി യോഗം ചേര്‍ന്നിരുന്നു. എന്നാല്‍ ഈ യോഗത്തിലും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ വിലങ്ങുതടിയാകുന്നുവെന്നാണ് വാഴൂര്‍ സോമന്‍ എംഎല്‍എ പറയുന്നത്.