മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളേക്കാൾ, സ്വതന്ത്രരാണ് മത്സരിക്കുന്ന വനിതകളിൽ ഏറെയമെന്നതാണ് മറ്റൊരു വസ്തുത.
അതിഷി, അൽക ലാംബ, അരിബ ഖാൻ
ഇന്ദിരാഗാന്ധി പണ്ടേ പ്രധാനമന്ത്രിയായി വാണ നാടാണ് ഡൽഹി. സുഷമാ സ്വരാജും ഷീലാ ദീക്ഷിതും പിന്നെ അതീഷി സിങ്ങും, മൂന്നു വനിതകൾ മുഖ്യമന്ത്രിമാരായി. പക്ഷേ, മത്സരിക്കുന്ന സ്ത്രീകളുടെ എണ്ണത്തിൽ ഇത്തവണയും കാര്യമായ വർധനയില്ല. 699 സ്ഥാനാർഥികൾ മത്സരിക്കുന്ന ഡൽഹിയിൽ വനിതകൾ 96 പേർ മാത്രം. മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളേക്കാൾ, സ്വതന്ത്രരാണ് മത്സരിക്കുന്ന വനിതകളിൽ ഏറെയമെന്നതാണ് മറ്റൊരു വസ്തുത.
699 സ്ഥാനാർത്ഥികൾ, അതിൽ വനിതകൾ 96 പേർ. മത്സരിക്കുന്നവരുടെ എണ്ണമെടുത്താൽ വെറും 14 ശതമാനം മാത്രം പ്രാതിനിധ്യം. 1993-ൽ വീണ്ടും സംസ്ഥാനമായ ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പിന് 1316 പത്രികകളാണ് സമർപ്പിച്ചത്. അതിൽ വനിതകളായി ഉണ്ടായിരുന്നത് 58 പേർ മാത്രവും. അതിൽ ജയിച്ചുവന്നത് മൂന്നു പേരും. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 79 വനിതകൾ മത്സരിച്ചു. ജയിച്ചത് എട്ടുപേർ മാത്രം. മത്സരിച്ചതിൽ പത്തുശതമാനം വിജയിച്ചു എന്നു പറയാമെങ്കിലും, 33 ശതമാനം എന്ന സ്വപ്നത്തിലേക്ക് ഇനിയും ദൂരം ഏറെയുണ്ട്.
ALSO READ: ലൗഡ് സ്‌പീക്കറുകളുടെ ഉപയോഗം ഒരു മതത്തിൻ്റെയും അവിഭാജ്യ ഘടകമല്ല: ബോംബെ ഹൈക്കോടതി
2013-ൽ 71 വനിതകൾ മൽസരിച്ചപ്പോൾ ജയം മൂന്നു പേർക്ക്. 2008-ൽ 81 പേർ മത്സരിച്ചപ്പോഴും ജയിച്ചത് എട്ടുപേർ മാത്രം. വോട്ടർമാരിൽ പകുതിയിലേറെ വനിതകളാണ്. എന്നിട്ടും നാലിലൊന്നുപോലും പ്രാതിനിധ്യമില്ല. 2020-ൽ ആംആദ്മി പാർട്ടി സീറ്റ് നൽകിയത് 9 വനിതകൾക്ക്. അതിൽ എട്ടുപേരും ജയിച്ചുകയറി. ബിജെപി ആറുപേരെ മത്സരിപ്പിച്ചെങ്കിലും ആരും ജയിച്ചില്ല.
കഴിഞ്ഞ തവണ പത്ത് വനിതകൾക്ക് സീറ്റ് നൽകിയ കോൺഗ്രസ് ഇത്തവണ ഏഴുപേരെയെ മത്സരിപ്പിക്കുന്നുള്ളു. ബിജെപിയും സീറ്റ് നൽകിയത് ഏഴുപേർക്ക് മാത്രം. ആംആദ്മി പാർട്ടി കഴിഞ്ഞ തവണ മത്സരിപ്പിച്ചതുപോലെ 9 വനിതകളെ തന്നെ നിർത്തുന്നു. മത്സരിക്കുന്ന 96 വനിതകളിൽ മുഖ്യധാരാ പാർട്ടികളുടേത് 23 പേർ മാത്രമാണ്. ശേഷിക്കുന്ന 73 പേരും ജയസാധ്യത കുറഞ്ഞ സ്വതന്ത്രരാണ് എന്നതാണ് ഡൽഹിക്ക് പറയാനുള്ള വനിതാ പ്രാതിനിധ്യം.