വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച ജോൺസൺ ചികിത്സയിൽ തുടരുകയാണ്
കഠിനകുളം ആതിര കൊലക്കേസിൽ പിടിയിലായ ജോൺസൺ കുറ്റം സമ്മതം നടത്തിയതായി പൊലീസ്. ആതിര തനിക്കൊപ്പം ഇറങ്ങി വരാത്തതിൻ്റെ വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്ന് പ്രതി മൊഴി നൽകി. പ്രതിക്ക് ക്രിമിനൽ പശ്ചാത്തലം ഉണ്ടെന്നും അന്വേഷണ സംഘം വ്യക്തമാക്കി. കണ്ണമാലി സ്റ്റേഷനിൽ സ്ത്രീധന പീഡനത്തിൽ ഇയാൾക്കെതിരെ പരാതിയുണ്ട്. ഒപ്പം കൊച്ചിയിലെ ഒരു ബാറിൽ അടിപിടി ഉണ്ടാക്കിയതിനും ഇയാൾക്കെതിരെ ക്രിമിനൽ കേസ് ചുമത്തിയിരുന്നു.
എലിവിഷം കഴിച്ച ജോൺസിൻ്റെ ആരോഗ്യത്തിൽ നിലവിൽ പ്രശ്നങ്ങളില്ലെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്. പൊലീസ് കസ്റ്റഡിയിലെടുത്തതിന് പിന്നാലെയാണ് ജോൺസൺ വിഷം കഴിച്ചെന്ന കാര്യം പുറത്തുപറയുന്നത്. തുടക്കത്തിൽ ഇയാൾ രക്ഷപ്പെടാനായി കള്ളം പറയുകയാണെന്ന നിഗമനത്തിലായിരുന്നു പൊലീസ്. എന്നാൽ വൈദ്യ പരിശോധനയ്ക്ക് ശേഷം, ജോൺസൺ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചെന്നത് വ്യക്തമായി. 48 മണിക്കൂർ നിരീക്ഷണം വേണമെന്ന് ഡോക്ടർമാർ പറഞ്ഞു. കഠിനംകുളം പൊലീസ് ആശുപത്രിയിൽ എത്തി ജോൺസൻ്റെ അറസ്റ്റ് രേഖപ്പെടുത്തും.
ALSO READ: കഠിനംകുളം കൊലപാതകം: ഹോം നഴ്സായ പ്രതിയെ കുടുക്കിയത് ജോലി ചെയ്തയിടത്തെ വീട്ടുകാർ
കഴിഞ്ഞ ചൊവ്വാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൃത്യം നടന്ന ദിവസം രാവിലെ ഒൻപതു മണിയോടെ, ജോൺസൺ കഠിനംകുളത്തെ വീട്ടിലെത്തി. ജോൺസണെ യുവതി ചായ നൽകി സ്വീകരിച്ചു. പിന്നീടാണ് യുവതിയെ കഴുത്തിൽ കത്തി കൊണ്ട് കുത്തി കൊലപ്പെടുത്തിയത്. അന്നേദിവസം രാവിലെ പ്രതി പെരുമാതുറയിലെ വാടകവീട്ടിൽ നിന്നും കത്തിയുമായി പോകുന്നതിന്റെ തെളിവുകൾ പൊലീസിന് ലഭിച്ചിരുന്നു.
മൂന്ന് കുട്ടികളുള്ള ഇയാൾ വിവാഹ ബന്ധം വേർപ്പെടുത്തിയ ശേഷമാണ് ആതിരയുമായി അടുക്കുന്നത്. ഇവർ പലസ്ഥലങ്ങളിലും ഒരുമിച്ച് പോയിരുന്നെന്ന് പൊലീസ് കണ്ടെത്തി. ആതിരയുടെ മൊബൈൽ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയതോടെയാണ് കൂടുതൽ തെളിവുകൾ പൊലീസിന് ലഭിച്ചത്.
ALSO READ: മഹാരാജാസിലെ അഭിമന്യു കൊലക്കേസ്: വിചാരണ നടപടികള്‍ ഇന്ന് ആരംഭിക്കും
സ്വകാര്യ നിമിഷങ്ങളിൽ ജോൺസൺ ആതിരയുടെ ചിത്രങ്ങളെടുത്തിരുന്നു. ഇത് കാണിച്ച് ഭീഷണിപ്പെടുത്തി പണവും വാങ്ങി. ആദ്യം ഒരു ലക്ഷത്തോളം രൂപ യുവതി ജോൺസണ് നൽകി. കൊലപാതകത്തിന് മൂന്നുദിവസം മുമ്പ് 2500 രൂപ ജോൺസൺ യുവതിയുടെ പക്കൽ നിന്നും വാങ്ങി. ഒടുവിൽ കൂടെ ഇറങ്ങിവരണമെന്ന് ജോൺസൺ യുവതിയോട് ആവശ്യപ്പെട്ടെങ്കിലും ഇത് യുവതി അംഗീകരിച്ചില്ല. ഇതാവാം കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പൊലീസ് നിഗമനം. തിരുവനന്തപുരം റൂറൽ എസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിക്കുന്നത്. നാല് ടീമുകളായി തിരിഞ്ഞാണ് കേസന്വേഷണം.