ക്രൈസ്തവ വിഭാഗങ്ങൾക്കിടയിലേക്കുള്ള ബിജെപിയുടെ കടന്നുകയറ്റം കോൺഗ്രസ് വോട്ടുകളിൽ വിള്ളലുണ്ടാക്കാനുള്ള സാധ്യത കണക്കിലെടുത്ത്, പുതിയ പ്രസിഡൻ്റിനെ ക്രൈസ്തവ വിഭാഗത്തിൽ നിന്നും തന്നെ തേടുന്നതായാണ് സൂചന
കെപിസിസി പ്രസിഡൻ്റ് സ്ഥാനത്തു നിന്നും കെ. സുധാകരനെ മാറ്റിയേക്കും. ക്രൈസ്തവ വിഭാഗത്തിൽ നിന്നും പുതിയ പ്രസിഡൻ്റിനെ തേടുന്നതായാണ് സൂചന. സണ്ണി ജോസഫ്, ആൻ്റോ ആൻ്റണി, ബെന്നി ബെഹന്നാൻ എന്നിവരുടെ പേരുകൾക്കാണ് മുൻഗണന. ഹൈക്കമാൻഡ് തീരുമാനം ഉടൻ ഉണ്ടാകും.
കെ. സുധാകരനെ കെപിസിസി പ്രസിഡൻ്റ് സ്ഥാനത്തു നിന്നു മാറ്റി ഊർജ്വസ്വലരായ പുതിയ ആളെ കൊണ്ടുവരണമെന്നാണ് സംസ്ഥാന കോൺഗ്രസിലെ അഭിപ്രായം. തദ്ദേശ തെരഞ്ഞെടുപ്പ് അടുക്കുന്ന പശ്ചാത്തലത്തിൽ വി.ഡി. സതീശനും കെ. സുധാകരനും തമ്മിലുള്ള അകൽച്ചയും അഭിപ്രായ വ്യത്യാസങ്ങളും തെരഞ്ഞെടുപ്പ് പ്രവർത്തനത്തെ ബാധിക്കുമെന്നാണ് വിലയിരുത്തൽ.
കേരളത്തിൻ്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി നേതാക്കളുമായി ചർച്ച നടത്തി. കെ. സുധാകരനും സ്ഥാനാത്ത് നിന്നും മാറാൻ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നാണ് വിവരം. ക്രൈസ്തവ വിഭാഗത്തിൽ നിന്നും പുതിയ പ്രസിഡൻ്റിനെ കൊണ്ടുവരാനാണ് ആലോചന. സണ്ണി ജോസഫ്, ആൻ്റോ ആൻ്റണി ബെന്നി ബെഹ്നാൻ എന്നിവരുടെ പേരുകൾക്കാണ് മുൻഗണന.
ക്രൈസ്തവ വിഭാഗങ്ങൾക്കിടയിലേക്കുള്ള ബിജെപിയുടെ കടന്നുകയറ്റം കോൺഗ്രസ് വോട്ടുകളിൽ വിള്ളലുണ്ടാക്കാനുള്ള സാധ്യത കൂടി കണക്കിലെടുത്താണ് ഈ നീക്കം. ഇനി ഈഴവ പ്രാതിനിധ്യമാണ് കണക്കിലെടുക്കുന്നതെങ്കിൽ അടൂർ പ്രകാശിൻ്റെ പേരാണ് പട്ടികയിൽ. പുനഃസംഘടന സംബന്ധിച്ച കാര്യങ്ങൾ ദീപ ദാസ് മുൻഷി ഹൈക്കമാൻഡിനെ ധരിപ്പിച്ചു. രണ്ടാഴ്ചയ്ക്കുള്ളിൽ തീരുമാനമുണ്ടാകുമെന്നാണ് വിവരം.
അതേസമയം കെ. സുധാകരൻ്റെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. മാറ്റങ്ങൾ വേണമെന്ന് തീരുമാനിക്കുന്നത് ഹൈക്കമാൻഡ് ആണെന്ന് പറഞ്ഞ രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷന്റെ പ്രവർത്തനങ്ങളിൽ ആരും അതൃപ്തി രേഖപ്പെടുത്തിയിട്ടില്ലെന്നും വ്യക്തമാക്കി. സർവെ ഒന്നും തന്നെ നടത്തിയിട്ടില്ലെന്നാണ് പ്രതിപക്ഷ നേതാവ് പറഞ്ഞത്. ഹൈക്കമാൻഡ് എന്ത് തീരുമാനം എടുത്താലും കൂടെ നിൽക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.