ട്രംപിനെ പിന്തുണച്ചവർക്ക് അഭിവാദ്യമർപ്പിച്ച് സംസാരിക്കുന്നതിനിടെ, നെഞ്ചില്‍ വലതു കൈവെച്ച മസ്ക്, അതേ കൈ ജനക്കൂട്ടത്തിനുനേർക്ക് നീട്ടിയിരുന്നു
വിവാദത്തിന് തുടക്കമിട്ട് ടെസ്‌ല ഉടമയും ഡോജ് മേധാവിയുമായ ഇലോണ്‍ മസ്കിൻ്റെ ആംഗ്യം. യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന്‍റെ സ്ഥാനാരോഹണ വേദിയിലാണ് ട്രംപിൻ്റെ വിവാദ ആംഗ്യം. ട്രംപിനെ പിന്തുണച്ചവർക്ക് അഭിവാദ്യമർപ്പിച്ച് സംസാരിക്കുന്നതിനിടെ, നെഞ്ചില്‍ വലതു കൈവെച്ച മസ്ക്, അതേ കൈ ജനക്കൂട്ടത്തിനുനേർക്ക് നീട്ടിയിരുന്നു. ഹിറ്റ്ലറിൻ്റെ കുപ്രസിദ്ധ നാസി സല്യൂട്ടുമായി സാമ്യതയുള്ള ഈ ആംഗ്യം സാമൂഹികമാധ്യമങ്ങളില്‍ വലിയ ചർച്ചയാവുകയാണ്.
ട്രംപിൻ്റെ സ്ഥാനാരോഹണ ചടങ്ങിന് ശേഷം നടത്തിയ പ്രസംഗത്തിലുടനീളം ആവേശത്തിലും വളരെ സന്തോഷവാനുമായിരുന്നു ഇലോൺ മസ്‌ക്. ഇത് സാധാരണ വിജയമല്ലെന്ന് പറഞ്ഞ മസ്ക്, വിജയം കൈവരിക്കാൻ സഹായിച്ച ജനങ്ങൾക്ക് നന്ദി പറയുകയും ചെയ്തു. പിന്നാലെയായിരുന്നു 'നാസി സല്യൂട്ട്'. സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായതോടെ ഇത് നാസി സല്യൂട്ട് തന്നെയാണെന്നും അല്ലെന്നുമുള്ള രണ്ട് വാദങ്ങൾ ഇപ്പോൾ ഉയരുന്നുണ്ട്.
മസ്കിന്റെ ഈ നാസി സല്യൂട്ടിനെ രൂക്ഷമായി വിമർശിച്ചുകൊണ്ട് യുഎസ് ചരിത്ര, അക്കാദമിക് മേഖലകളിലെ പലരും രംഗത്തെത്തി. മസ്കിൻ്റെ ആംഗ്യം നാസി സല്യൂട്ട് ആയിരുന്നെന്നും, അത് യുദ്ധസമാനമായിരുന്നെന്നും ചരിത്രകാരിയായ റൂത്ത് ബെൻ-ഗിയറ്റ് പറഞ്ഞു. യുഎസിനുള്ളിലെ നാസിസത്തെ കുറിച്ച് പഠിച്ച നേടിയ ചരിത്രകാരൻ മൈക്ക് സ്റ്റ്ച്ച്ബെറിയും മസ്‌കിൻ്റെ ആംഗ്യം നാസി സല്യൂട്ട് ആണെന്ന് ചൂണ്ടിക്കാട്ടി.
വിമർശനങ്ങളെ പൂർണമായും തള്ളിക്കൊണ്ടായിരുന്നു മസ്‌കിൻ്റെ പ്രസ്താവന." എന്നെ ആക്രമിക്കാൻ അവർക്ക് പല വൃത്തികെട്ട തന്ത്രങ്ങളും ആവശ്യമാണ്. എല്ലാവരും ഒരു ഹിറ്റ്‌ലർ ആണെന്ന വാദം വളരെ പഴയതായി," മസ്ക് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ കുറിച്ചു.
മസ്കിനെ അനുകൂലിച്ചുകൊണ്ടും ആളുകൾ രംഗത്തുണ്ട്. മുൻ യുഎസ് പ്രസിഡൻ്റ് ബരാക് ഒബാമയുടെയും ഹിലരി ക്ലിൻ്റണിൻ്റെയും കമലാ ഹാരിസിൻ്റെയും ചിത്രങ്ങൾ പങ്കുവെച്ച ഒരു ഉപയോക്താവ്, ഇവരെന്താണ് ചെയ്യുന്നതെന്നും ചോദിച്ചു.
മസ്കിനെ നാസിയായി ചിത്രീകരിക്കാൻ ശ്രമിക്കുന്നവർ പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നായിരുന്നു മറ്റൊരു ഉപയോക്താവിൻ്റെ പക്ഷം. ഹോളോകോസ്റ്റിനെയും ജൂത ചരിത്രത്തെയും കുറിച്ച് പഠിക്കാൻ കഴിഞ്ഞ വർഷം ഇലോൺ മസ്‌ക് ഓഷ്‌വിറ്റ്‌സിലേക്കും പിന്നീട് ഇസ്രയേലിലേക്കും പോയിരുന്നു. മസ്കിനെ നാസിയായി ചിത്രീകരിക്കാൻ ശ്രമിക്കുന്നവർ, മനഃപൂർവ്വം പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. ഇത് ഒരു മണ്ടൻ കൈ ആംഗ്യം മാത്രമാണ്. മനപ്പൂർവ്വം നാസി സല്യൂട്ട് ചെയ്തതല്ല," എക്സ് പോസ്റ്റിൽ പറയുന്നു.