പള്ളിയാംമൂലയിലെ ഭാനൂസ് റിസോർട്ടിലെ ജീവനക്കാരൻ പ്രേമനാണ് മരിച്ചത്
കണ്ണൂരിൽ റിസോർട്ടിന് തീയിട്ട ശേഷം ജീവനക്കാരൻ സമീപത്തെ വീടിന്‍റെ കിണറ്റിൽ തൂങ്ങി മരിച്ചു. പള്ളിയാംമൂലയിലെ ഭാനൂസ് റിസോർട്ടിലെ ജീവനക്കാരൻ പ്രേമനാണ് മരിച്ചത്. ജോലിയിൽ നിന്ന് ഒഴിവാക്കിയതിനാലാണ് പ്രേമന്‍ ജീവനൊടുക്കിയതെന്നാണ് വിവരം .
ഉച്ചയോടെയാണ് പയ്യാമ്പലം ബീച്ചിനോട് ചേർന്ന ഭാനൂസ് റിസോർട്ടിലെ കെയർടേക്കറായ പാലക്കാട് സ്വദേശി പ്രേമൻ മുറിയിൽ കയറി വാതിൽ അടച്ച ശേഷം ആത്മഹത്യ ഭീഷണി മുഴക്കിയത്. റിസോർട്ടിൽ വളർത്തിയിരുന്ന നാല് നായകളെയും പ്രേമൻ മുറിയിൽ പൂട്ടിയിട്ടിരുന്നു. ഗ്യാസ് സിലിണ്ടർ തുറന്നുവെയ്ക്കുകയും പെട്രോൾ സമീപത്ത് സൂക്ഷിക്കുകയും ചെയ്തു. ജോലിയിൽ തിരികെ പ്രവേശിപ്പിക്കുന്ന കാര്യം ഉടമയോട് സംസാരിക്കാം എന്ന് കൂടെയുണ്ടായിരുന്ന മറ്റ് ജീവനക്കാർ പറഞ്ഞെങ്കിലും പ്രേമൻ ആത്മഹത്യ ശ്രമത്തിൽ നിന്ന് പിന്മാറിയില്ല. ഇതിനിടയിലാണ് വിവരമറിഞ്ഞ അഗ്നിശമന സേന സ്ഥലത്ത് എത്തിയത്. ഇക്കാര്യം മനസിലാക്കിയ പ്രേമൻ രണ്ട് നായ്ക്കളെ തുറന്നുവിട്ട ശേഷം തീകൊളുത്തുകയായിരുന്നു. ദേഹത്ത് തീ പിടിച്ചതോടെ പുറകുവശത്തെ വാതിലിലൂടെ ഇറങ്ങിയോടി. റിസോർട്ടിൽ നിന്ന് പുറത്തേക്ക് പോയ പ്രേമൻ സമീപത്തെ വീടിന്‍റെ കിണറ്റിലെ കയറില്‍ തൂങ്ങി മരിക്കുകയായിരുന്നു.
ഇതേസമയം, റിസോർട്ടിനകത്ത് ഉണ്ടായിരുന്ന മറ്റൊരു ജീവനക്കാരൻ ഓടി രക്ഷപ്പെട്ടു. മുകൾ നിലയിൽ മുൻവശത്തെ ഗ്ലാസ് തകർത്താണ് അഗ്നിശമന സേന അകത്ത് കടന്ന് തീയണച്ചത്. സിലിണ്ടർ പൊട്ടിത്തെറിച്ച നിലയിലായിരുന്നു. മുകൾ നിലയിലെ മൂന്ന് മുറികളിലായി 10 അതിഥികൾ ഉണ്ടായിരുന്നു. സംഭവസമയം ഇവരെല്ലാം പുറത്തായിരുന്നു. പിന്നീട് പൊലീസ് എത്തി റിസോർട്ട് ഒഴിപ്പിച്ചു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)