കക്ഷിഭേദമന്യേ എല്ലാ രാഷ്ട്രീയ പാർട്ടി നേതാക്കളും ഇന്ത്യന്‍ സാഹിത്യത്തിലെ അതികായന് തങ്ങളുടെ ആദരാഞ്ജലികള്‍ അർപ്പിച്ചു
മലയാളത്തിന്‍റെ പ്രിയ എഴുത്തുകാരന്‍ എം.ടി. വാസുദേവന്‍ നായരുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി രാഷ്ട്രീയ കേരളം. കക്ഷിഭേദമന്യേ എല്ലാ രാഷ്ട്രീയ പാർട്ടി നേതാക്കളും ഇന്ത്യന്‍ സാഹിത്യത്തിലെ അതികായന് തങ്ങളുടെ ആദരാഞ്ജലികള്‍ അർപ്പിച്ചു.
മലയാളത്തെ നെറുകെയിൽ എത്തിച്ച മഹാപ്രതിഭയാണ് എം.ടിയെന്നും നമ്മുടെ സംസ്കാരത്തെ ഉയർത്തിക്കാട്ടാൻ എം.ടി ചെയ്ത സേവനം മറക്കാവുന്നതല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അനുസ്മരിച്ചു. എം.ടിയുടെ വിയോഗത്തിൽ മുഖ്യമന്ത്രി അഗാധമായ ദുഃഖവും രേഖപ്പെടുത്തി.
Also Read: എം.ടിയുടെ നിര്യാണം മലയാളിക്കും മലയാളത്തിനും മാത്രമല്ല, ഭാരതീയ സാഹിത്യത്തിനും തീരാനഷ്ടം: ഗവർണർ
പ്രതൃക്ഷത്തിൽ എം.ടി ഒരു രാഷ്ട്രീയക്കാരനല്ലെങ്കിലും, എം.ടിക്ക് കൃത്യമായ രാഷ്ട്രീയം ഉണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. "എം.ടി യോട് ഒരു ചോദ്യം ഉണ്ടായി. കേരളം കണ്ട മഹത്തായ സംഭവം എന്തായിരുന്നു എന്നതാണ് ചോദ്യം. ഭൂപരിഷ്കരണം എന്നായിരുന്നു ഉത്തരം. എം.ടി ഭൂപരിഷ്കരണത്തിൻ്റെ അർത്ഥവും ആഴവും തിരിച്ചറിഞ്ഞ ആളാണ്", ബിനോയ് വിശ്വം അനുസ്മരിച്ചു. എം.ടിയോടുള്ള ആദരസൂചകമായി എം.എൻ സ്മാരകത്തിൻ്റെ ഉദ്ഘാടനവും സിപി ഐ എക്സിക്യൂട്ടീവ് യോഗവും മാറ്റിയതായും ബിനോയ് വിശ്വം അറിയിച്ചു.
Also Read: തോറ്റുപോയവരും മാറ്റി നിര്‍ത്തപ്പെട്ടവരും; ജീവിതമാകുന്ന ദുരിതപ്പുഴയിലെ നീന്തല്‍ക്കാര്‍
എം.ടി യുടെ മരണത്തോടെ മലയാള സാഹിത്യത്തിൻ്റെ ഒരു യുഗം അവസാനിച്ചുവെന്നായിരുന്നു സിപിഐ നേതാവ് വി.എസ്. സുനില്‍കുമാറിന്‍റെ പ്രതികരണം. മലയാള സാഹിത്യം എം.ടിക്ക് മുൻപും ശേഷവും എന്ന് വേർതിരിക്കാമെന്നും സുനില്‍കുമാർ കൂട്ടിച്ചേർത്തു. എം.ടിയുടെ വിടവാങ്ങൽ നികത്താനാകാത്ത നഷ്ട്ടമാണെന്നും എഴുത്തിലൂടെ അദ്ദേഹം വായനക്കാരുടെ മനസിൽ എന്നും ജീവിക്കുമെന്നും മന്ത്രി കെ.രാജന്‍ പറഞ്ഞു.
Also Read: 'എം.ടി. വാസുദേവൻ നായർ'; പേരിനു പിന്നിലെ ആ കഥ
മലയാള ഭാഷയുടെയും സംസ്കാരത്തിന്റെയും ചൈതന്യമായിരുന്നു എം.ടി എന്നായിരുന്നു മന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞത്. സമാനതകളില്ലാത്ത ഒരു മഹാ ജീവിതത്തിനാണ് തിരശീല വീഴുന്നത്. അദ്ദേഹത്തിന്റെ എഴുത്തു ജീവിതം തലമുറകൾക്ക് പാഠപുസ്തകമാണ്. മതേതരത്വത്തിനും മാനവികതയ്ക്കും വേണ്ടി ഉറക്കെ സംസാരിക്കാൻ ഒരിക്കലും എം.ടി മടി കാണിച്ചിട്ടില്ലെന്നും ധനമന്ത്രി പറഞ്ഞു.
Also Read: സിനിമാ ജീവിതം കൊണ്ട് ലഭിച്ച ഏറ്റവും വലിയ ഭാഗ്യം ആ ഹൃദയത്തിലൊരിടം കിട്ടിയത്: മമ്മൂട്ടി
പകരം വെയ്ക്കാനില്ലാത്ത അതുല്യ പ്രതിഭയെയാണ് എംടിയുടെ വേർപാടിലൂടെ നമ്മുടെ സാഹിത്യത്തിനും ചലച്ചിത്ര മേഖലയ്ക്കും നഷ്ടമായിരിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ പറഞ്ഞു. എം.ടി കഥാവശേഷനാകുമ്പോൾ അദ്ദേഹം സമ്മാനിച്ച കഥകളും നോവലുകളും ചലച്ചിത്രങ്ങളും കാലാതിവർത്തിയായി നിലനിൽക്കുമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.