തന്റെ കാലഘട്ടത്തിലെ തനതായ സ്ത്രീ കഥാപാത്രങ്ങളെ സ്‌ക്രീനിലെത്തിക്കുകയാണ് എംടി ചെയ്തത്
മലയാള സാഹിത്യത്തിലെ എക്കാലത്തെയും ആദരണീയനായ വ്യക്തി എം.ടി. വാസുദേവന്‍ നായര്‍ ഇനി ഓര്‍മ്മ മാത്രമാണ്. എംടിയുടെ സാഹിത്യ കൃതികള്‍ പോലെ തന്നെ പ്രശസ്തമാണ് അദ്ദേഹത്തിന്റെ സിനിമകളും. നമ്മുടെ മനസില്‍ തങ്ങി നില്‍ക്കുന്ന ഒരുപിടി നല്ല കഥാപാത്രങ്ങള്‍ സിനിമയിലൂടെ എംടി സമ്മാനിച്ചിട്ടുണ്ട്. പുരുഷ കഥാപാത്രങ്ങള്‍ക്കൊപ്പം തന്നെ എംടിയുടെ സ്ത്രീ കഥാപാത്രങ്ങളും എന്നും മലയാളികള്‍ക്ക് പ്രിയപ്പെട്ടതായിരുന്നു. പുരുഷാധിപത്യത്തിന്റെ ചങ്ങലയില്‍ അകപ്പെട്ടിട്ടും സ്വന്തമായ വ്യക്തിത്വം ഉള്ള ഒരുപിടി പെണ്ണുങ്ങളെ എംടി നമുക്ക് മുന്നില്‍ എത്തിച്ചിട്ടുണ്ട്. കേരളത്തിന്റെ സമകാലിക ജീവിതത്തിലൂടെ സഞ്ചരിച്ച് മാനുഷിക മൂല്യങ്ങളെയും ബന്ധങ്ങളെയും എല്ലാം ഉയര്‍ത്തിക്കാട്ടിയ കഥാപാത്രങ്ങളാണ് എംടിയുടേത്. തന്റെ കാലഘട്ടത്തിലെ തനതായ സ്ത്രീ കഥാപാത്രങ്ങളെ സ്‌ക്രീനിലെത്തിക്കുകയാണ് എംടി ചെയ്തത്. അതില്‍ പുരുഷന്റെ നിഴലില്‍ നില്‍ക്കുന്ന സ്ത്രീകളും ശക്തയായ സ്ത്രീ കഥാപാത്രങ്ങളും പ്രതിസന്ധികള്‍ തരണം ചെയ്ത് മുന്നോട്ട് പോകുന്ന സ്ത്രീകളെയും എല്ലാം നമ്മള്‍ കണ്ടു. അത്തരത്തിലുള്ള എംടിയുടെ നാല് പെണ്ണുങ്ങളെ കുറിച്ച്.
അമ്മുക്കുട്ടി (ആള്‍ക്കൂട്ടത്തില്‍ തനിയെ)
ഐ.വി. ശശി സംവിധാനം ചെയ്ത എംടിയുടെ രചനയില്‍ 1984ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ആള്‍ക്കൂട്ടത്തില്‍ തനിയെ. മമ്മൂട്ടിയും മോഹന്‍ലാലും കേന്ദ്ര കഥാപാത്രമായ ചിത്രത്തിലെ സീമയുടെ അമ്മുക്കുട്ടിയെ ആര്‍ക്കും മറക്കാനാകില്ല. പ്രണയത്തെ തന്റെ ജീവനെക്കാളും ഉയര്‍ത്തിപ്പിടിച്ച പെണ്ണാണ് അവള്‍. തന്റെ ജീവനെക്കാള്‍ രാജനെ പ്രണയിക്കുകയും ജീവിതത്തില്‍ പ്രധാനപ്പെട്ടതായി കാണുകയും ചെയ്ത അമ്മുക്കുട്ടി. രാജനും അമ്മുക്കുട്ടിയും വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ സാഹചര്യങ്ങളാല്‍ രാജന്‍ സമ്പന്നയായ മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കുന്നു. അമ്മുക്കുട്ടിയാണെങ്കില്‍ രാജനോടുള്ള പ്രണയത്തിന്റെ പുറത്ത് വിവാഹിതയാവാതെ തുടരുകയാണ് ചെയ്യുന്നത്. അമ്മുക്കുട്ടി ഒരു സ്‌കൂള്‍ ടീച്ചര്‍ കൂടിയാണ്. രാജന്റെ എംബിഎ പഠനത്തിന് അമ്മുക്കുട്ടിയാണ് പണം കൊടുത്തിരുന്നത്. താന്‍ സമ്പാദിക്കുന്നത് പോലും രാജനായി മാറ്റിവെക്കാന്‍ അവള്‍ക്ക് ഒരു മടിയും ഉണ്ടായിരുന്നില്ല. രാജന്റെ വിവാഹശേഷം അയാളുടെ കുഞ്ഞിനെ പോലും അമ്മുക്കുട്ടി നോക്കുന്നുണ്ട്.
അമ്മുക്കുട്ടിക്ക് രാജനോടുള്ള പ്രണയം ശക്തമാണ്. അവള്‍ എന്നും ഒറ്റപ്പെട്ടാണ് ജീവിച്ചിരുന്നത്. ഇഷ്ടപ്പെട്ട പുരുഷന്‍ കണ്‍മുന്നില്‍ നിന്ന് വിട്ട് പോകുമ്പോഴും തകരാതെ തന്റെ ജീവിതത്തെ മുന്നോട്ട് നയിക്കാന്‍ അമ്മുക്കുട്ടിക്ക് സാധിച്ചു. ത്യാഗത്തിന്റെയും സഹനത്തിന്റെയും പ്രതീകം കൂടിയാണ് എംടിയുടെ അമ്മുക്കുട്ടി.
Also Read: എംടിയെന്ന പത്രാധിപര്‍; മലയാള സാഹിത്യത്തിലെ ഹൃദയപക്ഷത്തിന്റെ അക്ഷരമുദ്ര
അമ്മിണി (ആരണ്യകം)
ഹരിഹരന്‍ സംവിധാനം ചെയ്ത് എംടി വാസുദേവന്‍ നായര്‍ രചിച്ച ആരണ്യകം 1988ലാണ് റിലീസ് ചെയ്യുന്നത്. ആദിവാസികള്‍ നേരിടുന്ന ചൂഷണത്തെ കുറിച്ചും നെക്‌സലേറ്റുകളുടെ പ്രവര്‍ത്തനത്തെ കുറിച്ചുമാണ് ചിത്രം പറഞ്ഞുവെക്കുന്നത്. എന്നാല്‍ ഈ സിനിമയില്‍ പ്രധാനപ്പെട്ട ഒരു സ്ത്രീ കഥാപാത്രമുണ്ട്. നടി സലീമയുടെ അമ്മിണി എന്ന കഥാപാത്രം. 16 വയസുള്ള അമ്മിണി എന്ന പെണ്‍കുട്ടി ജിജ്ഞാസയും സ്‌നേഹവും ഊര്‍ജ്ജസ്വലതയുമുള്ള വ്യക്തിത്വത്തിന് ഉടമയാണ്. മലയാള സിനിമയിലെ അതുല്യവും അവിസ്മരണീയവുമായ കഥാപാത്രങ്ങളില്‍ ഒന്ന്. പ്രകൃതിയോടുള്ള അഗാധമായ സ്‌നേഹവും തനിക്ക് ഇഷ്ടപ്പെട്ട പ്രശസ്ത വ്യക്തികള്‍ക്ക് കത്തുകള്‍ എഴുതുന്നതുമാണ് ഈ കഥാപാത്രത്തെ പ്രത്യേകതയുള്ളതാക്കുന്നത്. അതിന് അപ്പുറത്തേക്ക് മലയാള സിനിമ കണ്ടതില്‍ വളരെ വ്യത്യസ്തമായൊരു സ്ത്രീ കഥാപാത്രമാണ് എംടിയുടെ അമ്മിണി. നിഷ്‌കളങ്കയാണ് അവള്‍. തന്റെ സാങ്കല്‍പിക ലോകത്ത് ജീവിക്കുന്ന മനസില്‍ സ്‌നേഹം മാത്രമുള്ള പെണ്ണ്.
അവള്‍ പ്രകൃതിയില്‍ നിന്ന് ആശ്വാസവും പ്രചോദനവും കണ്ടെത്തുന്നു. നക്‌സലിസത്തിന്റെയും തനിക്ക് ചുറ്റും ഉണ്ടാകുന്ന ചെറുത്തുനില്‍പ്പിന്റെയും സങ്കീര്‍ണതകള്‍ക്കിടയില്‍ അമ്മിണി അവളെ തന്നെ കണ്ടെത്തുകയാണ് ചെയ്യുന്നത്. മറ്റുള്ളവരില്‍ നിന്ന് തികച്ചും വ്യത്യസ്തയായ അവളെ മനസിലാക്കുന്നത് മോഹന്‍ എന്ന വിനീത് അവതരിപ്പിച്ച കഥാപാത്രമാണ്. മോഹനും നെക്‌സലേറ്റും (ദേവന്‍) ആയുള്ള ബന്ധം അവളുടെ ജീവിതത്തിന്റെ ഗതിയെ തന്നെ മാറ്റി മറയ്ക്കുന്നു. അത് അമ്മിണിക്ക് അഗാധമായ നഷ്ടബോധവും നിരാശയുമാണ് സമ്മാനിക്കുന്നത്. മോഹന്റെ മരണം അമ്മിണിക്ക് താങ്ങാവുന്നതിലും അധികമാണെങ്കിലും അത് അവളുടെ ആത്മാവിനെ തകര്‍ക്കുന്നില്ല. ആരണ്യകത്തിലെ അമ്മിണി വെറുമൊരു നായിക എന്നതിന് അപ്പുറത്തേക്ക് നില്‍ക്കുന്ന കഥാപാത്രമാണ്. അവള്‍ അനീതിക്കെതിരായ വിയോജിപ്പിന്റെ ശബ്ദത്തെയും വ്യവസ്ഥാപിതമായ അടിച്ചമര്‍ത്തലുകള്‍ക്കെതിരെയുമുള്ള യുവത്വത്തിന്റെ തിരിച്ചറിവിനെയുമാണ് പ്രതിനിധീകരിക്കുന്നത്.
ജാനകിക്കുട്ടി (എന്ന് സ്വന്തം ജാനകിക്കുട്ടി)
എംടി വാസുദേവന്‍ നായരുടെ രചനയില്‍ ഹരിഹരന്‍ സംവിധാനം ചെയ്ത് 1998ല്‍ പുറത്തിറങ്ങിയ ചിത്രമാണ് എന്ന് സ്വന്തം ജാനകിക്കുട്ടി. ജോമോള്‍ അവതരിപ്പിച്ച ജാനകിക്കുട്ടിയാണ് സിനിമയിലെ കേന്ദ്ര കഥാപാത്രം. 9-ാം ക്ലാസുകാരിയായ ജാനകിക്കുട്ടിയുടെ ജീവിതത്തെ ചുറ്റിപ്പറ്റിയാണ് കഥ നടക്കുന്നത്. ജാനകി തന്റെ അമ്മയ്ക്കും സഹോദരങ്ങള്‍ക്കും ഒപ്പം കൂട്ടുകുടുംബത്തിലാണ് ജീവിക്കുന്നത്. കൂട്ടുകുടുംബത്തിലാണെങ്കിലും ജാനകി ഒറ്റപ്പെട്ടാണ് ജീവിക്കുന്നത്. അവള്‍ പറയുന്നത് കേള്‍ക്കാന്‍ വീട്ടിലെ ആര്‍ക്കും സമയമില്ല. സഹോദരിയും കസിനും അവളെക്കാള്‍ പ്രായമുള്ളതിനാല്‍ അവര്‍ ജാനകിക്കൊപ്പം കൂട്ടുകൂടില്ല. അവളുടെ അമ്മയാണെങ്കില്‍ മുഴുവന്‍ സമയവും വീട്ടുജോലിയിലും. ആകെ അവള്‍ക്ക് കൂട്ട് അവളുടെ അമ്മായിയും ജാനകി രഹസ്യമായി സ്‌നേഹിക്കുന്ന അയല്‍ക്കാരനായ ഭാസ്‌കരനും ആണ്.
ഒരു ദിവസം ജാനകിയും അമ്മായിയും പറമ്പില്‍ ഔഷധസസ്യങ്ങള്‍ ശേഖരിക്കാനായി പോയി. അവിടെ വെച്ചാണ് ജാനകി ആദ്യമായി തന്റെ അമ്മായിയില്‍ നിന്ന് കുഞ്ഞാത്തോള്‍ എന്ന യക്ഷിയെ കുറിച്ച് അറിയുന്നത്. തുടര്‍ന്ന് ഒരു ദിവസം കുഞ്ഞാത്തോള്‍ ജാനകിക്കുട്ടിക്ക് മുന്നില്‍ എത്തും. ആദ്യം ഭയപ്പെട്ടെങ്കിലും പിന്നീട് അവര്‍ നല്ല സുഹൃത്തുക്കളായി മാറുകയാണ് ചെയ്യുന്നത്.
കുഞ്ഞാത്തോള്‍ വന്നതോടെ ഒരു കൂട്ടുകിട്ടിയ ജാനകി കൂടുതല്‍ സന്തോഷിക്കുകയും സംസാരിക്കുകയും ഒക്കെ ചെയ്യുന്നു. ഒറ്റയ്ക്ക് സംസാരിക്കുകയും കുഞ്ഞാത്തോളിനെ കുറിച്ച് നിരന്തരം സംസാരിക്കുകയും ചെയ്യുന്ന ജാനകിക്കുട്ടിക്ക് എന്തോ പ്രശ്‌നമുണ്ടെന്ന് വീട്ടുകാര്‍ കരുതുന്നു. അവസാനം ജാനകിക്കുട്ടിയെ ഡോക്ടറുടെ അടുക്കലേക്ക് വീട്ടുകാര്‍ കൊണ്ടുപോവുകയും ചെയ്യുന്നു. കൗമാരക്കാരിയായ ജാനകിക്കുട്ടി ഒരു സ്ത്രീയായി പരിണമിക്കുന്നതാണ് കഥയില്‍ പ്രധാനമായും പറഞ്ഞുപോകുന്നത്. അതിനിടയില്‍ ജാനകിയുടെ ജീവിതത്തില്‍ വന്ന് പോകുന്ന സൗഹൃദങ്ങളും ചിന്തകളും പ്രശ്‌നങ്ങളുമെല്ലാം കൃത്യമായി തന്നെ എംടി വരച്ചിട്ടിട്ടുണ്ട്.
ഇന്ദിര (പഞ്ചാഗ്നി)
എംടി വാസുദേവന്‍ നായരുടെ രചനയില്‍ ഹരിഹരന്‍ സംവിധാനം ചെയ്ത ചിത്രമാണ് പഞ്ചാഗ്നി. ചിത്രത്തിലെ ഗീതയുടെ ഇന്ദിര എന്ന കഥാപാത്രം മലയാള സിനിമ കണ്ട ഏറ്റവും ശക്തയായ സ്ത്രീ കഥാപാത്രങ്ങളിലൊന്നാണ്. പുരുഷാധിപത്യത്തിനും ജാതി വിവേചനത്തിനും എതിരെ പൊരുതുന്ന ശക്തയായ സ്ത്രീ. നെക്‌സലേറ്റായ ഇന്ദിര പരോളിന് ഇറങ്ങിയ ശേഷം സംഭവിക്കുന്ന കാര്യങ്ങളാണ് ചിത്രത്തില്‍ പറഞ്ഞുവെക്കുന്നത്. അവറാച്ചന്‍ എന്ന ജന്മിയെ കൊന്നാണ് ഇന്ദിര ജയിലില്‍ പോകുന്നത്. ഇന്ദിരയുടെ അമ്മ സ്വാതന്ത്ര്യസമര പോരാളിയായിരുന്നു. അതുകൊണ്ട് തന്നെ തന്റെ അവകാശങ്ങളെ കുറിച്ചും അഭിപ്രായ സ്വാതന്ത്ര്യത്തെ കുറിച്ചുമെല്ലാം കൃത്യമായി ബോധ്യമുള്ള സ്ത്രീയാണ് ഇന്ദിര.
പുരുഷാധിപത്യത്തിനെതിരെ ഉറക്കെ ശബ്ദമുയര്‍ത്തിയ കഥാപാത്രമാണ് എംടിയുടെ ഇന്ദിര. ഒരു ആദിവാസി സ്ത്രീയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ ജന്മിയെ കൊന്ന ഇന്ദിര സിനിമ അവസാനിക്കുമ്പോഴും പീഡിപ്പിക്കപ്പെട്ട ഒരു സ്ത്രീക്ക് വേണ്ടി വീണ്ടും കൊലപാതകം ചെയ്യുന്നുണ്ട്. തന്റെ ജീവിതത്തെക്കാള്‍ മറ്റ് സ്ത്രീകളുടെ അല്ലെങ്കില്‍ സമൂഹത്തിന്റെ നന്മയ്ക്കായി പ്രവര്‍ത്തിച്ച സ്ത്രീയാണ് ഇന്ദിര. നമ്മള്‍ സാധാരണ മലയാള സിനിമയില്‍ കണ്ടു വന്നിട്ടുള്ള സ്ത്രീകളില്‍ നിന്നും വളരെ വ്യത്യസ്തയാണ് പഞ്ചാഗ്നിയിലെ ഗീത അവതരിപ്പിച്ച ഇന്ദിര. കുടുംബത്തിനും അവള്‍ക്കും വേണ്ടിയായിരുന്നില്ല ഇന്ദിരയുടെ ജീവിതം. മറിച്ച് സമൂഹത്തിന് വേണ്ടിയായിരുന്നു. സമൂഹത്തില്‍ സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് പ്രാധാന്യം ഉണ്ടാകണം എന്ന് ആഗ്രഹിക്കുന്ന ഒരു വ്യക്തിയാണ് ഇന്ദിര.
സ്ത്രീശാക്തീകരണത്തിനായും താഴെ തട്ടിലെ സ്ത്രീകള്‍ അനുഭവിച്ച് പോന്നിരുന്ന ചൂഷണങ്ങള്‍ ഇല്ലാതാക്കാനും വേണ്ടി സ്വന്തം ജീവിതം മാറ്റിവെച്ച കഥാപാത്രമാണ് ഇന്ദിര. അതിനിടയില്‍ സ്വന്തമായൊരു കുടുംബ ജീവിതം അവള്‍ സ്വപ്നം കണ്ടിട്ടേയില്ല. എങ്കിലും ഉള്ളിന്റെയുള്ളില്‍ എവിടെയോ അവള്‍ക്ക് വേണ്ടി കൂടി ജീവിക്കാന്‍ അവള്‍ തയ്യാറായിരുന്നു. റഷീദ് എന്ന മാധ്യമപ്രവര്‍ത്തകനുമായി സിനിമയുടെ അവസാനത്തില്‍ ഇന്ദിര പ്രണയത്തിലാകുന്നുണ്ട്. എന്നാല്‍ അവളുടെ സുഹൃത്ത് ശാരദയുടെ വീട്ടുജോലിക്കാരിയെ ശാരദയുടെ ഭര്‍ത്താവ് രാജനും കൂട്ടുകാരും കൂട്ടബലാത്സംഗം ചെയ്യുന്നത് കണ്ട ഇന്ദിര വീണ്ടും പ്രതികരിക്കാന്‍ നിര്‍ബന്ധിതയാവുകയായിരുന്നു. രാജനെ കൊലപ്പെടുത്തിയ ശേഷം അവള്‍ സ്വമേധയാ പൊലീസില്‍ കീഴടങ്ങി. നിസ്വാര്‍ത്ഥയാണ് എംടിയുടെ ഇന്ദിര. സ്ത്രീകളുടെ അവകാശങ്ങള്‍ക്കും സന്തോഷത്തിനുമായി പോരാടിയ ശക്തയായ സ്ത്രീ കഥാപാത്രം.