fbwpx
മലയാള സാഹിത്യത്തിലെ അതികായന് വിട; സംസ്കാരം വൈകിട്ട് 5 ന്
logo

ന്യൂസ് ഡെസ്ക്

Last Updated : 26 Dec, 2024 06:48 AM

കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു

KERALA


ജ്ഞാനപീഠ ജേതാവും മലയാളത്തിന്റെ പ്രിയ എഴുത്തുകാരനുമായ എം.ടി. വാസുദേവന്‍ നായരുടെ  ഭൗതിക ശരീരം കോഴിക്കോട് കൊട്ടാരം റോഡിലെ വീടായ സിതാരയില്‍ എത്തിച്ചു. വ്യാഴാഴ്ച വൈകിട്ട് നാല് വരെ അന്തിമോപചാരം അര്‍പ്പിച്ച ശേഷം വൈകിട്ട് അഞ്ചുമണിയോടെ കോഴിക്കോട് മാവൂര്‍ റോഡ് ശ്മശാനത്തില്‍ മൃതദേഹം സംസ്‌കരിക്കും. ഇന്നലെ രാത്രി പത്ത് മണിയോടെയായിരുന്നു മലയാള സാഹിത്യത്തിലെ പെരുന്തച്ചൻ വിടവാങ്ങിയത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേയായിരുന്നു അന്ത്യം. 91 വയസായിരുന്നു.


മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ള കേരളത്തിലെ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും പ്രിയപ്പെട്ട എഴുത്തുകാരനെ അവസാനമായി കാണാനായി വായനക്കാരും കോഴിക്കോട്ടെ സിതാര എന്ന വസതിയിലേക്ക് ഒഴുകുകയാണ്... 

നോവലിസ്റ്റ്, ചെറുകഥാകൃത്ത്, തിരക്കഥാകൃത്ത്, സംവിധായകന്‍ എന്നീ നിലകളിലെല്ലാം മലയാള സാഹിത്യ, സിനിമാ ലോകത്ത് വ്യക്തിമുദ്ര പതിപ്പിച്ച അനുഗ്രഹീത കലാകാരന്‍.

1933 ജൂലൈ 15ന് മലപ്പുറം പൊന്നാനി താലൂക്കിലായിരുന്നു ജനനം. പുന്നയൂര്‍ക്കുളം ടി. നാരായണന്‍ നായരുടേയും കൂടല്ലൂര്‍ അമ്മാളു അമ്മയുടേയും മകന്‍. മലമക്കാവ് എലിമെന്ററി സ്‌കൂളിലും കുമരനല്ലൂര്‍ സ്‌കൂളിലും വിദ്യാഭ്യാസം. കുമരനല്ലൂര്‍ സ്‌കൂളിലാണ് ജ്ഞാനപീഠ ജേതാക്കളായ അക്കിത്തവും എംടിയും പഠിച്ചത്. പാലക്കാട് വിക്ടോറിയ കോളേജിലായിരുന്നു ഉന്നത വിദ്യാഭ്യാസം. 1953 ല്‍ രസതന്ത്രത്തില്‍ ബിരുദം. ബിരുദത്തിനു പഠിക്കുമ്പോൾ രക്തം പുരണ്ട മൺതരികൾ എന്ന കഥാസമാഹാരം പുറത്തിറക്കി.  1954 ൽ വളർത്തു മൃഗങ്ങൾക്ക് മലയാളത്തിലെ മികച്ച ചെറുകഥാ പുരസ്കാരം ലഭിച്ചു.


1957ല്‍ മാതൃഭൂമി ആഴ്ചപ്പതിപ്പ് സബ് എഡിറ്ററായി. പാതിരാവും പകല്‍വെളിച്ചവുമാണ് ആദ്യനോവല്‍. രണ്ടാമൂഴം, നാലുകെട്ട്, കാലം, മഞ്ഞ്, അസുരവിത്ത് തുടങ്ങിയവ പ്രധാന കൃതികളാണ്. ഭീമന്റെ വീക്ഷണ കോണിലൂടെ മഹാഭാരത കഥ പറഞ്ഞ രണ്ടാമൂഴം മലയാളത്തില്‍ എക്കാലവും ചര്‍ച്ച ചെയ്യുന്ന നോവലാണ്. നായര്‍ വിഭാഗത്തില്‍ ആളുകള്‍ കൂട്ടുകുടുംബമായി താമസിക്കുന്ന നാലുകെട്ട് തറവാടും അതിനകത്തെ പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യുന്ന നാലുകെട്ട് എന്ന നോവലും ഇന്നും കാലാതീതമായി നിലനില്‍ക്കുന്നു. 

ഏഴോളം സിനിമകള്‍ സംവിധാനം ചെയ്യുകയും 54 സിനിമകള്‍ക്ക് തിരിക്കഥ രചിക്കുകയും ചെയ്തിട്ടുണ്ട്. ഒരു വടക്കന്‍ വീരഗാഥ (1989), കടവ് (1991), സദയം (1992), പരിണയം (1994),  എന്നീ ചിത്രങ്ങള്‍ക്ക് മികച്ച തിരക്കഥയ്ക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ചു. 1965ല്‍ മുറപ്പെണ്ണ് എന്ന ചിത്രത്തിനായാണ് ആദ്യമായി തിരക്കഥ രചിക്കുന്നത്. എംടിയുടെ തന്നെ സ്‌നേഹത്തിന്റെ മുഖങ്ങള്‍ എന്ന കഥയാണ് മുറപ്പെണ്ണ് എന്ന പേരില്‍ സിനിമയ്ക്ക് തിരക്കഥ ആക്കിയത്.


നിര്‍മാല്യമാണ് എംടി ആദ്യമായി എഴുതി സംവിധാനം ചെയ്ത ചിത്രം. 1973ൽ നിർമാല്യത്തിന് രാഷ്ട്രപതിയുടെ സ്വർണപ്പതക്കം ലഭിച്ചു. ചിത്രത്തിന് ആ വര്‍ഷത്തെ മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചു. ചിത്രത്തില്‍ പ്രധാന വേഷത്തെ അവതരിപ്പിച്ച പി.ജെ. ആന്റണിക്ക് മികച്ച നടനുള്ള ദേശീയ പുരസ്‌കാരവും ലഭിച്ചിരുന്നു. 

KERALA
എം.ടിയുടെ ലോകം വളരെ വിശാലമാണ്, എന്‍റേത് ഒരു ചെറിയ ലോകവും; വികാരാധീനനായി ടി. പത്മനാഭന്‍
Also Read
user
Share This

Popular

KERALA
KERALA
മലയാളത്തിന്റെ മഞ്ഞ് കാലം മാഞ്ഞു; എംടിയെ യാത്രയാക്കി കേരളം