fbwpx
ഹൃദയത്തിൽ നിന്നൊഴുകിയ കവിതകളായിരുന്നു എം.ടിയുടെ എഴുത്തും വാക്കും: എം.വി. ഗോവിന്ദൻ
logo

ന്യൂസ് ഡെസ്ക്

Posted : 25 Dec, 2024 11:00 PM

മലയാളക്കരയുടെ നന്മയും ഉന്മേഷവും വിളിച്ചോതിയ എംടിയുടെ എഴുത്തുകൾ ഭാഷയും സാഹിത്യവുമുള്ളിടത്തോളം നിലനിൽക്കും...

KERALA


എം.ടി. വാസുദേവന്‍ നായരുടെ നിര്യാണത്തില്‍ അനുശോചനം അറിയിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. മലയാളഭാഷയെ ലോകത്തിന്റെ നെറുകയിലേക്ക്‌ കൈപിടിച്ചുയർത്തിയ കഥകളുടെ പെരുന്തച്ചനായിരുന്നു എം.ടി എന്ന് എം.വി. ഗോവിന്ദന്‍ പറഞ്ഞു. മലയാളക്കരയുടെ നന്മയും ഉന്മേഷവും വിളിച്ചോതിയ എംടിയുടെ എഴുത്തുകൾ ഭാഷയും സാഹിത്യവുമുള്ളിടത്തോളം നിലനിൽക്കും. ഹൃദയത്തിൽ നിന്നൊഴുകിയ കവിതകളായിരുന്നു അദ്ദേഹത്തിന്റെ എഴുത്തും വാക്കും എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി ഓർമിച്ചു.


Also Read: എന്നേക്കും കഥയുടെ നാലുകെട്ടില്‍; മലയാള സാഹിത്യത്തിലെ അതികായന് വിട

അനുശോചനത്തിന്‍റെ പൂർണ രൂപം:

മലയാളഭാഷയെ ലോകത്തിന്റെ നെറുകയിലേക്ക്‌ കൈപിടിച്ചുയർത്തിയ കഥകളുടെ പെരുന്തച്ചനായിരുന്നു എം ടി വാസുദേവൻ നായർ. എഴുതിയാലും തീരാത്ത കഥയായി, വായിച്ചാലും തീരാത്ത പുസ്തകമായി എംടിയുടെ ജീവിതം മലയാളി മനസുകളിൽ ചിരകാലം ജ്വലിച്ചുനിൽക്കും.

മലയാളക്കരയുടെ നന്മയും ഉന്മേഷവും വിളിച്ചോതിയ എംടിയുടെ എഴുത്തുകൾ ഭാഷയും സാഹിത്യവുമുള്ളിടത്തോളം നിലനിൽക്കും. ഹൃദയത്തിൽ നിന്നൊഴുകിയ കവിതകളായിരുന്നു അദ്ദേഹത്തിന്റെ എഴുത്തും വാക്കും. ആനന്ദവും ദുഃഖവും പ്രണയവും വിരഹവും മോഹവും മോഹഭംഗവും തുടങ്ങി മനുഷ്യമനസിന്റെ വികാരങ്ങളെല്ലാം എംടി അക്ഷരങ്ങളിൽ ചാലിച്ചു. മലയാളിയുടെ മനസ്സറിഞ്ഞ മാന്ത്രികത്തൂലികയായിരുന്നു എംടിയെന്ന രണ്ടക്ഷരം.

പത്രപ്രവർത്തകൻ, കഥാകാരൻ, നോവലിസ്റ്റ്‌, തിരക്കഥാകൃത്ത്‌, ചലച്ചിത്ര സംവിധായകൻ, നാടകകൃത്ത്‌ തുടങ്ങി കൈവെച്ച മേഖലയിലൂടെയെല്ലാം മാനവികതയുടെ സന്ദേശമായിരുന്നു എം ടി കൈരളിക്ക്‌ പകർന്നുനൽകിയത്‌. വള്ളുവനാടൻ ഭാഷയെ സാഹിത്യത്തിൽ ഫലപ്രദമായി അവതരിപ്പിക്കാൻ എംടിയുടെ സൃഷ്ടികൾക്കായി. കൂടല്ലൂരും നിളയും കണ്ണാന്തളിപ്പൂക്കളും വള്ളുവനാട്ടിലെ മനുഷ്യരുമെല്ലാം എംടി മലയാളിയെ പരിചയപ്പെടുത്തി.


Also Read: എം.ടി, മലയാള സാഹിത്യത്തെ ലോകസാഹിത്യത്തിന്‍റെ നെറുകയിൽ എത്തിച്ച പ്രതിഭ: മുഖ്യമന്ത്രി


കേരളത്തിന്റെ പുരോഗമന രാഷ്ട്രീയത്തിനും വികസന പ്രവർത്തനങ്ങൾക്കും എക്കാലവും എംടിയുടെ ആശീർവാദമുണ്ടായിരുന്നു. മലയാളിയുടെയും മലയാളക്കരുടെയും മുന്നോട്ടുള്ള കുതിപ്പിൽ അദ്ദേഹത്തിന്റെ ഓർമകൾ എക്കാലവും മാർഗദീപമായി ജ്വലിക്കും.

പ്രിയപ്പെട്ട എംടിയുടെ ഓർമകൾക്ക്‌ മുന്നിൽ തലകുനിക്കുന്നു. അദ്ദേഹത്തിന്റെ വിയോഗത്തിൽ ദുഃഖിതരായ കുടുംബാംഗങ്ങളുടെയും എംടിയെ സ്നേഹിക്കുന്ന ഓരോ മലയാളിയുടെയും വേദനയിൽ ഒപ്പം ചേരുന്നു.

ആദരാഞ്ജലികൾ.

Also Read
user
Share This

Popular

KERALA
KERALA
മലയാളത്തിന്റെ മഞ്ഞ് കാലം മാഞ്ഞു; എംടിയെ യാത്രയാക്കി കേരളം