fbwpx
തോറ്റുപോയവരും മാറ്റി നിര്‍ത്തപ്പെട്ടവരും; ജീവിതമാകുന്ന ദുരിതപ്പുഴയിലെ നീന്തല്‍ക്കാര്‍
logo

ശാലിനി രഘുനന്ദനൻ

Last Updated : 26 Dec, 2024 11:54 AM

ചുറ്റുപാടുകളില്‍ നിന്നും കണ്ടെടുത്ത ജീവിത കനലുകളെ ഉലയിലൂതി തീയാക്കിയാണ് എംടി വായനക്കാരിലേക്ക് എത്തിച്ചത്

KERALA


മലയാളി നിത്യേന കണ്ടും മിണ്ടിയും അനുഭവിച്ചും അറിഞ്ഞ മനുഷ്യരെ കഥാപാത്രങ്ങളാക്കിയാണ് എംടി തന്റെ ഓരോ കഥയും പറഞ്ഞത്. താനും തന്റെ അനുഭവങ്ങളും മാത്രമല്ല മുന്‍പേ നടന്നു മറഞ്ഞ, സാഹിത്യലോകത്തെ വിനസ്മയിപ്പിച്ച എഴുത്തുകാരെ അറിയാനും അദ്ദേഹം പരിശ്രമിച്ചു. ഒ ഹെന്‍ട്രിയും ചെക്കോവും മോപ്പസാങ്ങും വാള്‍ട്ടര്‍ സ്‌കോട്ടും ഗോര്‍ക്കിയും ടോള്‍സ്റ്റോയിയും ദസ്‌തേവിസ്‌കിയും ഹ്യൂഗോയും ഡി. എച്ച്. ലോറന്‍സും ജെയിംസ് ജോയ്‌സും സ്റ്റിഫാന്‍ ബാക്കും ഡോള്‍ ബെല്ലോയും ജെ. ഡി. സാലഞ്ചറും മാര്‍ക്കേസും കാല്‍വിനോയുമെല്ലാം ആ സാഹിത്യ യാത്രകള്‍ക്ക് കരുത്തുപകര്‍ന്നിട്ടുണ്ട്. എങ്കിലും മാടത്ത് തെക്കേപ്പാട്ട് വാസുദേവന്‍ നായര്‍ എന്ന ബഹുമുഖ പ്രതിഭയുടെ വജ്രായുധം താന്‍ കണ്ട കാഴ്ചകളും നടന്നുവന്ന ജീവിത വഴികളും തന്നെയായിരുന്നു.


കാച്ചിക്കുറിക്കിയ മഞ്ഞും. അതില്‍ വിമലയുടെ മനസിന്റെ ആഴങ്ങളും. ഓരോ വായനക്കാരനിലേക്കും പരകായപ്രവേശം ചെയ്ത രണ്ടാമൂഴത്തിലെ ഭീമനും, അപ്പുണ്ണിയുടെ നാലുകട്ടുമെല്ലാം ഉദാഹരണങ്ങള്‍ മാത്രം. ഇരുട്ടിന്റെ ആത്മാവിലെ ഭ്രാന്തന്‍ വേലായുധനും, കാലത്തിലെ സേതുവും, അസുരവിത്തിലെ ഗോവിന്ദന്‍കുട്ടിയും വായനക്കാരുടെ ഉറക്കം കെടുത്തിയവരാണ്. അവര്‍ കൊളുത്തിയ അസ്വസ്ഥതകളുടെ തീ തലമുറകളിലേക്ക് പടരുകയും ചെയ്തു. ചുറ്റുപാടുകളില്‍ നിന്നും കണ്ടെടുത്ത ജീവിത കനലുകളെ ഉലയിലൂതി തീയാക്കിയാണ് എംടി വായനക്കാരിലേക്ക് എത്തിച്ചത്. ആ തീ കെടാതെ മലയാളികളുടെ മനസില്‍ ഇന്നും ആളിപ്പടരുന്നു.

ALSO READ: സ്‌ക്രീനിലെ എംടിയുടെ പെണ്ണുങ്ങള്‍

മഹാഭാരതത്തിലെ അര്‍ത്ഥപൂര്‍ണ്ണമായ നിശ്ശബ്ദതകള്‍ക്കിടയിലെ സൂചനകളെ എംടി മനോഹരമായി വരച്ചിടുകയായിരുന്നു. ഒരു ജന്മം മുഴുവന്‍ രണ്ടാമൂഴത്തിനായി കാത്തു നിന്ന ഭീമന്‍. ഒരു സാധാരണ മനുഷ്യന്റെ നോവും മുറിവുകളും സ്വപ്നങ്ങളും നഷ്ടങ്ങളും രോദനവും നിറച്ച ഭീമന്‍. തോറ്റുപോയ, മാറ്റി നിര്‍ത്തപ്പെട്ട ഭീമന്‍ അങ്ങനെയങ്ങനെ അക്ഷരങ്ങളിലൂടെ ഓരോ മനുഷ്യരിലേക്കും എംടിയുടെ ഭീമന്‍ പരകായപ്രവേശം ചെയ്തു. ജീവിതഗന്ധിയായ പുസ്തകങ്ങള്‍ മാത്രമല്ല അഭ്രപാളികളെ മലയാളിയുടെ ഹൃദയത്തോട് കൂട്ടിയോജിപ്പിച്ച ഒരുപിടി കഥാപാത്രങ്ങള്‍ കൂടി എംടിയുടെ തൂലികയില്‍ നിന്നുതിര്‍ന്നിരുന്നു. അക്ഷരങ്ങളിലൂടെ മാത്രമല്ല അഭിനയപ്രകടനങ്ങളിലൂടെയും എംടിയുടെ കഥാപാത്രങ്ങള്‍ ആസ്വാദകരെ വിസ്മയിപ്പിച്ചു.

വാക്കുകളുടെ മുറുക്കത്തിലും, ബന്ധങ്ങളുടെ ആഴത്തിലും, കഥാശൈലികളിലൂടെയും എല്ലാക്കാലവും എംടി വായനക്കാരെ മോഹിപ്പിച്ചുകൊണ്ടിരുന്നു. ജീവിതത്തിന്റെ മഞ്ഞും തണുപ്പും വേനലും വര്‍ഷവുമെല്ലാം എംടി തന്റെ വാക്കുകളിലൂടെ പകര്‍ന്നു. ഉള്ളിലുള്ള സകല നോവിനെയും പിടച്ചിലുകളെയും, അനുഭവങ്ങളും കണ്ടറിഞ്ഞ കാഴ്ചകളും, കേട്ടുവളര്‍ന്ന മൊഴികളുമെല്ലാം അദ്ദേഹം കഥകളാക്കി മാറ്റി വായനക്കാരിലേക്ക് കടത്തിവിട്ടു. മലയാള സാഹിത്യലോകവും സിനിമയുമെല്ലാം എംടിയോടൊപ്പം സഞ്ചരിച്ചിരുന്നു എന്ന് പറഞ്ഞാല്‍ പോലും അത് അധികമാകില്ല.

ALSO READ: എംടിയെന്ന പത്രാധിപര്‍; മലയാള സാഹിത്യത്തിലെ ഹൃദയപക്ഷത്തിന്റെ അക്ഷരമുദ്ര

മരുമക്കത്തായം, ജന്മിത്തം പോലുള്ള വ്യവസ്ഥിതികള്‍ മനുഷ്യരിലേക്ക് പകര്‍ന്ന അസ്തിത്വ പ്രതിസന്ധികള്‍ എംടിയുടെ സൃഷികളില്‍ വ്യക്തമായിരുന്നു. ലളിതമായ ഭാഷയെങ്കിലും ആശയമൂര്‍ച്ചയില്‍ എഴുതിയ വരികളത്രയും വായനക്കാരിലേക്ക് തറച്ചുകയറി. താന്‍ കടന്നുപോയ അനുഭവങ്ങള്‍ കഥകള്‍ നെയ്യാന്‍ ഇഴയുറപ്പുനല്‍കി. മലയാള സാഹിത്യത്തില്‍ വള്ളുവനാടന്‍ ഭാഷയുടെ കഥാകാരനാണ് എംടി. ആദ്യം ഒന്നു ശങ്കിച്ചെങ്കിലും ക്രമേണ ആ ഭാഷയും ശൈലികളും മലയാളികള്‍ നെഞ്ചോടു ചേര്‍ത്തു.


സിലോണില്‍ (ശീലങ്ക) നിന്നും മടങ്ങി വരുന്ന അച്ഛന്‍ ഒരു പെണ്‍കുട്ടിയെ കൂടെ കൊണ്ട് വരുന്ന കഥ നിന്റെ ഓര്‍മ്മയ്ക്ക് എന്ന കൃതിയില്‍ എംടി പറയുന്നുണ്ട്, അപ്പുകുട്ടന്റെ പളുങ്കുഡപ്പിയേക്കാളും എമ്പ്രാന്‍കുട്ടിയുടെ മൗത്ത് ഓര്‍ഗനേക്കാളും മുന്തിയ കൊളമ്പില്‍ നിന്ന് കൊണ്ടുവന്ന റബ്ബര്‍ മൂങ്ങ കൗതുകം ഉണര്‍ത്തിയപ്പോള്‍, കഥാകാരന്റെ കണ്ണില്‍ നിന്നും ദൂരെ മറഞ്ഞ സൂര്യകാന്തിപ്പൂക്കളും നീലപ്പട്ടുനാടയും വായനക്കാരന്റെ കണ്ണുകളിലും നനവ് പടര്‍ത്തി.ഒരു കഥ എഴുതി കഴിഞ്ഞപ്പോള്‍ മാത്രമാണ് ഞാന്‍ കരഞ്ഞിട്ടുള്ളത് , അതാണ് 'നിന്റെ ഓര്‍മ്മയ്ക്ക് എന്നാണ് എം ടി തന്നെ പറഞ്ഞിട്ടുള്ളത്.

ALSO READ: 'എം.ടി. വാസുദേവൻ നായർ'; പേരിനു പിന്നിലെ ആ കഥ


നാലുകെട്ടുമുതല്‍ രണ്ടാമൂഴം വരെയുള്ള എംടിയുടെ സ്ത്രീകഥാപാത്രങ്ങള്‍ പരമ്പരാഗത ശീലങ്ങളില്‍ തളയ്ക്കപ്പെട്ടവരായിരുന്നെന്ന് ഒരു വിമര്‍ശനം പലപ്പോഴായി ഉയര്‍ന്നിരുന്നു.വ്യവസ്ഥാപിത മൂല്യങ്ങളില്‍ നിന്ന് അല്‍പം മാറി ചിന്തിക്കുന്ന മഞ്ഞിലെ വിമലയ്ക്കു പോലും അതില്‍ വ്യത്യസ്ഥത അവകാശപ്പെടാനില്ല. ഇരുട്ടിന്റെ ആത്മാവിലെ അമ്മുക്കുട്ടിയുമെല്ലാം പുരുഷനെകേന്ദ്രത്തിനു ചുറ്റും കറങ്ങുന്നതരത്തിലെന്നും വായനകള്‍ ഉയര്‍ന്നിരുന്നു. അമ്മയും, മകളും, സഹോദരിയും, കാമുകിയുമെല്ലാം മനോഹരമായ, ഹൃദയസ്പര്‍ശിയായ അവതരണം തന്നെയായിരുന്നു. എങ്കിലും അവര്‍ ആ എഴുത്തുകളില്‍ ഒന്നു കുരുങ്ങിക്കിടക്കുന്നില്ലേ എന്നു സംശയിച്ചാല്‍ അതില്‍ അത്ഭുതമില്ല. ഒരുപക്ഷെ കഥ നടക്കുന്ന കാലഘട്ടത്തിലെ സാമൂഹ്യ സാഹചര്യങ്ങളുടെ ആനുകൂല്യം ആ കഥാപാത്രങ്ങള്‍ക്ക് ലഭിച്ചേക്കാം. അതിനെയെല്ലാം മറികടന്നാണ് പഞ്ചാഗ്‌നിയിലെ നായികയെ എംടി സൃഷ്ടിച്ചത്.സാഹിത്യലോകത്തെ അപേക്ഷിച്ച് സിനിമകളിലായിരുന്നു അദ്ദേഹത്തിന്റെ കഥാപാത്രങ്ങള്‍ ഒന്നുകൂടി സ്വതന്ത്രരായത് എന്നും വിലയിരുത്തലുണ്ട്.


നിലയ്ക്കാത്ത ഒഴുക്കെന്ന പോലെയാണ് എംടിയുടെ രചനാശൈലി. ജീവിത പ്രതിസന്ധികളെ തരണം ചെയ്യുന്ന കഥാപാത്രങ്ങള്‍. കഥയും കഥാപാത്രങ്ങളും ഒരു പുഴ പോലെ സംഗമിക്കുന്ന സൃഷ്ടികള്‍. എല്ലാ വെല്ലുവിളികളേയും അതിജീവിച്ച് മുന്നോട്ടൊഴുകുന്നവര്‍. അവരില്‍ ഭൂരിഭാഗവും തോറ്റുപോയവരും ജീവിതത്തില്‍ കാലിടറിയവരുമായിരുന്നു. പക്ഷെ അവര്‍ക്കും സ്വപ്നങ്ങളും ചിന്തകളും ഉണ്ടായിരുന്നു. ഭ്രാന്തന്‍ വേലായുധനും, ഭീമനും, ചന്തുവും, ഗോവിന്ദന്‍കുട്ടിയും ഏതാനും ഉദാഹരണങ്ങള്‍മാത്രം. പരാജിതരെങ്കിലും തിരിച്ചുവരാന്‍ വേണ്ടി യാത്ര പോകുന്നവരെന്ന പ്രതീക്ഷ നല്‍കുന്നവര്‍ കൂടിയാണ് ഈ കഥാപാത്രങ്ങളൊക്കെയും. ഭാരതപ്പുഴ കണ്ട് വളര്‍ന്ന കഥാകാരന്റെ കഥകളിലും പുഴയുടെ കരുത്തും ഒഴുക്കും കാണാന്‍ കഴിയുമെന്ന് നിരൂപകരും വിലയിരുത്തി. ഒരു നിരൂപണത്തിന്റേയും സഹായമില്ലാതെ തന്നെ ആസ്വാദകര്‍ അത് തിരിച്ചറിഞ്ഞു.

ALSO READ: പിണറായി വിജയനെ വേദിയിലിരുത്തി വിമര്‍ശിച്ച എഴുത്തുകാരന്‍; എംടി രാഷ്ട്രീയം പറയുമ്പോള്‍

വായനക്കാരെ ആകര്‍ഷിക്കുവാനുള്ള ചെപ്പടി വിദ്യകളൊന്നും എംടി പ്രയോഗിച്ചിട്ടില്ല ഒരുകാലത്തും. പക്ഷെ പുസ്തകത്താളില്‍ നിന്നും വഴുതിമാറി എംടിയുടെ കഥാപാത്രങ്ങള്‍ വായിക്കുന്നവരുടെ മനസിലേക്ക് താമസം മാറും. അവരുടെ കരച്ചിലും, ചിരിയും, ആത്മസംഘര്‍ഷങ്ങളുമെല്ലാം പിന്നെ നടക്കുന്നത് വായനക്കാരുടെ മനസിലാണ്. അതവരുടെ മനസിനെ കലക്കിമറിച്ചു. പലരും ആത്മപരിശോധന നടത്തി. എംടിയുടെ ഓരോ നായകനിലും നായികയിലും അവര്‍ സ്വന്തം മുഖം കണ്ടു.

കഥയുടെ തുടക്കത്തില്‍ ചിലവാക്കുകളില്‍ കുരുങ്ങുന്നവര്‍ അതിലെ ഓരോ സന്ദര്‍ഭങ്ങളിലൂടെയും സഞ്ചരിക്കും ഒടുവില്‍ ഒരു വിങ്ങലോടെ അതവസാനിപ്പിക്കും. അതായിരുന്നു എം.ടിയുടെ കഥപറച്ചിലിന്റെ രീതി. മഞ്ഞുപോലെ കുളിര്‍ന്ന മനസുകളെ തൊടുന്ന രചനകളെ മലയാളിക്കു സമ്മാനിച്ച കഥകളുടെ പെരുന്തച്ചന്‍ ശൈലി. കുട്ട്യേടത്തി എന്ന കഥ അവസാനിക്കുന്നതിങ്ങനെയാണ്. 'അപ്പോള്‍ നടപ്പുരയുടെ ഉത്തരത്തില്‍ നിന്ന് ഒരു കയറിന്‍ തുമ്പത്ത് കുട്ട്യേടത്തിയുടെ ശരീരം ആടുകയായിരുന്നു' - ഓരോ വായനക്കാരനും ആ മരണത്തെ മുഖാമുഖം കണ്ടിരിക്കും, കുട്ട്യേടത്തിയോടൊപ്പം ഇല്ലാതാകുന്നപോലെ....


Also Read
user
Share This

Popular

KERALA
KERALA
ഗുരുനാഥന്‍, സുഹൃത്ത്, വഴികാട്ടി; വൈകാരികമായി എം.ടിക്ക് വിടചൊല്ലി സിനിമ- സാഹിത്യ- സാംസ്കാരിക ലോകം