അന്വേഷണത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ കണ്ടെത്താന്‍ കഴിയുമെന്നാണ് കരുതുന്നതെന്ന് പൊലീസ് പറയുന്നു
കണ്ണൂരില്‍ എമ്പുരാന്റെ വ്യാജ പ്രിന്റ് പിടികൂടി. തംബുരു കമ്മ്യൂണിക്കേഷന്‍സ് എന്ന സ്ഥാപനത്തില്‍ നിന്നാണ് വ്യാജ പ്രിന്റ് പിടികൂടിയത്. സംഭവത്തില്‍ സ്ഥാപന ജീവനക്കാരി രേഖയെ പൊലീസ് കസ്റ്റഡയിലെടുത്തു. പ്രിന്റ് പെന്‍ഡ്രൈവുകളില്‍ കോപ്പി ചെയ്താണ് സിനിമ വിതരണം ചെയ്തത്.
വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ പാപ്പിനിശ്ശേരിയില്‍ എത്തുകയായിരുന്നു. തംബുരു കമ്മ്യൂണിക്കേഷന്‍സ് ജനസേവാ കേന്ദ്രത്തില്‍ നിന്ന് വ്യാജ കോപ്പികള്‍ വിതരണം ചെയ്യുന്നുണ്ടെന്നായിരുന്നു ലഭിച്ച വിവരം. തുടര്‍ന്ന് പരിശോധന നടത്തിയപ്പോൾ എമ്പുരാന്റെ ഡൗണ്‍ലോഡ് ചെയ്ത മുഴുനീള ചിത്രത്തിന്റെ കോപ്പി കണ്ടെടുത്തു. വിശദമായി പരിശോധിച്ച ശേഷം അതിന്റെ ഹാര്‍ഡ് ഡിസ്‌ക് അടക്കമുള്ളവ പിടിച്ചെടുക്കുകയും ചെയ്‌തെന്ന് പൊലീസ് അറിയിച്ചു.
ALSO READ: എമ്പുരാൻ പ്രദർശനത്തിന് സ്റ്റേയില്ല; ഹർജിക്കാരന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം
എവിടെ നിന്നാണ് ഡൗണ്‍ലോഡ് ചെയ്തതെന്നും മറ്റും വിശദമായി അന്വേഷിച്ച് വരികയാണ്. അന്വേഷണത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ കണ്ടെത്താന്‍ കഴിയുമെന്നാണ് കരുതുന്നത്. ചിത്രം പെന്‍ഡ്രൈവുകളിലേക്ക് കോപ്പി ചെയ്ത് നല്‍കുകയും അതിന് ഒരു ചാര്‍ജ് ഈടാക്കുകയുമാണ് ഇവര്‍ ചെയ്തിരുന്നതെന്നും പൊലീസ് പറയുന്നു.
മാര്‍ച്ച് 27ന് എമ്പുരാന്‍ റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കകം തന്നെ ചില വെബ്‌സൈറ്റുകളിലും ടെലഗ്രാമിലും ചിത്രത്തിന്റെ വ്യാജ പതിപ്പ് വന്നിരുന്നു. ഇതിന് പിന്നാലെ തന്നെ സൈബര്‍ പൊലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ പൊലീസ് നടപടി ആരംഭിക്കുകയും ചെയ്തിരുന്നു.