സമീപകാലത്തെ ഏറ്റവും വലിയ മാവോയിസ്റ്റ് വേട്ടയാണ് ഛത്തീസ്ഗഢിൽ നടന്നതെന്ന് സുരക്ഷാ സേന അറിയിച്ചു
ഛത്തീസ്ഗഡിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ 22 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. ബിജാപൂരിൽ 18 മാവോയിസ്റ്റുകളും കാങ്കർ ജില്ലയിൽ 4 മാവോയിസ്റ്റുകളുമാണ് കൊല്ലപ്പെട്ടത്.വെടിവെയ്പ്പിൽ ഒരു സുരക്ഷ ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. സമീപകാലത്തെ ഏറ്റവും വലിയ മാവോയിസ്റ്റ് വേട്ടയാണ് ഛത്തീസ്‌ഗഡിൽ നടന്നതെന്ന് സുരക്ഷാ സേന അറിയിച്ചു.
മാവോയിസ്റ്റ് സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് ഇന്ന് രാവിലെ ഏഴ് മണിമുതൽ ഛത്തീസ്ഗഡിലെ ബസ്തർ മേഖലയിൽ സുരക്ഷ സേന പരിശോധന ആരംഭിച്ചിരുന്നു. പരിശോധനയ്ക്കിടെയാണ് മാവോയിസ്റ്റുകളും സുരക്ഷ സേനയും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. ബസ്തർ ജില്ലയിൽ നിന്ന് മാവോയിസ്റ്റുകളുടെ 18 മൃതദേഹങ്ങളും കാങ്കർ ജില്ലയിൽ നിന്ന് 4 മൃതദേഹങ്ങളുമാണ് പൊലീസിന് ലഭിച്ചത്. കൂടാതെ ആയുധങ്ങളും സ്ഫോടകവസ്തുക്കളും സുരക്ഷാ സേന കണ്ടെടുത്തു.
ALSO READ: ആദിത്യ താക്കറെയ്‌ക്കെതിരെ ദിശ സാലിയൻ്റെ പിതാവ്; അപകീർത്തിപ്പെടുത്താനുള്ള ശ്രമമെന്ന് എംഎൽഎ
വെടിവെപ്പിൽ ജില്ലാ റിസർവ് ഗാർഡ്സിലെ ഒരു ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടിട്ടുണ്ട്. കൂടുതൽ പേർ കൊല്ലപ്പെട്ടിരിക്കാൻ സാധ്യതയുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ജില്ലാ സുരക്ഷാ ഗാർഡ്, മാവോയിസ്റ്റ് ഓപ്പറേഷനിൽ പ്രത്യേക വൈദഗ്ദ്ധ്യമുള്ള സ്പെഷൽ ടാസ്ക് ഫോഴ്സ്, പൊലീസ് എന്നിവരടങ്ങിയ സംയുക്തസംഘമാണ് നക്സലുകൾക്കായി തെരച്ചിൽ നടത്തിയിരുന്നത്.
നക്സൽ മുക്ത് ഭാരത് ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ സുരക്ഷ സേന മറ്റൊരു വിജയം കൈവരിച്ചുവെന്ന് കേന്ദ്ര ആഭ്യന്ത്ര മന്ത്രി അമിത് ഷാ എക്സിൽ കുറിച്ചു. നക്സലൈറ്റുകൾക്കെതിരെ മോദി സർക്കാർ ക്രൂരമായ സമീപനവുമായി മുന്നോട്ട് പോകുമെന്നും കീഴടങ്ങാത്ത നക്സലൈറ്റുകൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നയം സ്വീകരിക്കുമെന്നും അമിത് ഷാ കൂട്ടിച്ചേർത്തു. നാരായൺപുർ, ദന്തേവാഡ, ബസ്തർ മേഖലയിൽ ഈ വർഷം മാത്രം 100 ഓളം മാവോയിസ്റ്റുകളെ സേന വധിച്ചുവെന്നാണ് കണക്ക്. 2024 ൽ ഛത്തീസ്ഗഢിൽ മാത്രം 260 നക്സലുകളാണ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ട്.