വീഡിയോ തെളിവുകളടക്കം നിരത്തി ഹണി റോസ് നൽകിയ പരാതിയിൽ, ഐടി ആക്ടും ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്
നടി ഹണിറോസിൻ്റെ പരാതിയിൽ വ്യവസായി ബോബി ചെമ്മണൂരിനെതിരെ കേസെടുത്ത് പൊലീസ്. സ്ത്രീത്വത്തെ അപമാനിച്ചതിനാണ് കേസ്. എറണാകുളം സെൻട്രൽ പൊലീസാണ് കേസെടുത്തത്. വീഡിയോ തെളിവുകളടക്കം നിരത്തി ഹണി റോസ് നൽകിയ പരാതിയിൽ, ഐടി ആക്ടും ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ബോബി ചെമ്മണൂരിനെതിരെ ഹണി റോസ് നൽകിയ പരാതിയുടെ പകർപ്പ് ന്യൂസ് മലയാളത്തിന് ലഭിച്ചു.
നാല് മാസം മുമ്പ് ബോബി ചെമ്മണ്ണൂരിൻ്റെ ക്ഷണപ്രകാരം, ചെമ്മണ്ണൂർ ജ്വല്ലേഴ്സിൻ്റെ ഷോറൂം ഉദ്ഘാടനത്തിന് പോയിരുന്നു. ഉദ്ഘാടന പരിപാടിക്കിടെ ബോബി ചെമ്മണ്ണൂരിൽ നിന്ന് ഉണ്ടായ അശ്ശീല പരാമർശമുണ്ടായെന്നും, പല തവണ ഇത് ആവർത്തിച്ചെന്നും ചൂണ്ടിക്കാണിച്ചാണ് ഹണി റോസ് പരാതി നൽകിയത്. ഉദ്ഘാടന വേളയിൽ മാല ധരിപ്പിച്ച ശേഷം, ബോബി ചെമ്മണ്ണൂർ ദുരുദ്ദേശ്യപരമായി കൈകളിൽ പിടിച്ച് കറക്കി. ശേഷം ലൈംഗിക ചുവയുള്ള പരാമർശം നടത്തിയെന്നും പരാതിയിൽ പറയുന്നു.
പല ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെയും ബോബിയുടെ പരാമർശത്തിലെ അശ്ലീലം ആഘോഷിക്കപ്പെട്ടു. ബോബി ചെമ്മണ്ണൂർ തൻ്റെ യൂട്യൂബ് ചാനലിലൂടെ ലൈംഗീക ധ്വനിയുള്ള പരാമർശം നടത്തി. ബോബിയുടെ പരാമർശം പല ആളുകൾക്കും അശ്ലീല അസഭ്യ കമൻ്റുകൾ ഇടാൻ ഊർജമായതായും ഹണി റോസ് പരാതിയിൽ ചൂണ്ടിക്കാട്ടി. ഭാരതീയ ന്യായ സംഹിതയിലെ എഴുപത്തിയഞ്ചാം വകുപ്പ് പ്രകാരമാണ് ബോബി ചെമ്മണ്ണൂരിനെതിരെ കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിച്ചതിന് പുറമേ ഐ ടി ആക്ടും ചുമത്തിയിട്ടുണ്ട്.
അതേസമയം അതേസമയം തന്റെ പരാമർശത്തെ ന്യായീകരിച്ച് ബോബി ചെമ്മണ്ണൂർ രംഗത്തെത്തി. താൻ മോശം ഉദ്ദേശത്തോടെയല്ല പരാമർശം നടത്തിയതെന്നും, മറ്റുള്ളവർ മോശമായി ചിത്രീകരിക്കുകയായിരുന്നെന്നും ബോബി ചെമ്മണ്ണൂർ ന്യൂസ് മലയാളത്തോട് പറഞ്ഞു. അത്തരം പരാമർശങ്ങളിൽ അവർക്ക് വിഷമം തോന്നുണ്ടെങ്കിൽ തനിക്കും വിഷമം ഉണ്ടെന്നും ബോബി ചെമ്മണ്ണൂർ വ്യക്തമാക്കി.
ബോബി ചെമ്മണ്ണൂർ തുടര്‍ച്ചയായി നടത്തിയ അശ്ലീല അധിക്ഷേപങ്ങള്‍ക്കതെിരെ എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ പരാതി കൊടുത്തിട്ടുണ്ടെന്ന് പറഞ്ഞുകൊണ്ടാണ് ഹണി റോസ് സമൂഹമാധ്യമത്തിൽ പോസ്റ്റ് പങ്കുവെച്ചത്. തന്നോട് മാത്രമല്ല നിരവധി സ്ത്രീകളോട് ബോബി ചെമ്മണ്ണൂർ മോശമായി പെരുമാറിയിട്ടുണ്ടെന്ന് ഹണിറോസ് ന്യൂസ് മലയാളത്തോട് പറഞ്ഞു. ഉപദ്രവിക്കരുതെന്ന് പല തവണ ആവർത്തിച്ചു പറഞ്ഞിരുന്നു. ഗതികെട്ടപ്പോഴാണ് പരാതി നൽകിയതെന്നും ഹണി റോസ് വ്യക്തമാക്കി.
ഒരു വ്യവസായി തനിക്കെതിരെ നിരന്തരമായി അശ്ലീല പരാമര്‍ശങ്ങള്‍ നടത്തുന്നതായി ആരോപിച്ചുകൊണ്ട് ഹണി റോസ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. നിയമവിദഗ്ധന്റെ നിര്‍ദേശം അനുസരിച്ചാണ് പേര് പറയാത്തതെന്നും നടി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ബോബി ചെമ്മണ്ണൂരിന്റെ പേര് പറഞ്ഞുകൊണ്ട് നടി രംഗത്തെത്തിയത്.
കുറച്ചുനാളുകയായി തനിക്കും കുടുംബത്തിനുമുണ്ടായ മോശം അനുഭവം മൂലമാണ് ഫെയ്‌സ്ബുക്ക് പോസ്റ്റ് പങ്കുവെച്ചത്. നിരവധി തവണ ഇക്കാര്യം വ്യക്തിയോട് സൂചിപ്പിച്ചിരുന്നു. ആദ്യ പരിപാടി കഴിഞ്ഞ ഉടന്‍ തന്നെ ഇയാളോട് കാര്യം പറഞ്ഞിരുന്നു. ഇന്ത്യയില്‍ ഒരാള്‍ക്കും ഇത്തരം അവസ്ഥയിലൂടെ കടന്നു പോകേണ്ട ആവശ്യമില്ലെന്നും എന്ത് തോന്നിവാസവും വിളിച്ചുപറയാമെന്ന ചിന്ത ആര്‍ക്കുമുണ്ടാവരുതെന്നും ഹണി റോസ് ന്യൂസ് മലയാളത്തോട് പറഞ്ഞിരുന്നു.